ഓലയും ഏഥറുമെല്ലാം മടുത്തോ? ഓസ്‌ട്രേലിയന്‍ ബ്രാന്‍ഡിന്റെ ഇവികള്‍ വരുന്നുണ്ട്, വിലയും കുറവ്!
ചെന്നൈയിലെ നന്ദംപാക്കില്‍ അടുത്തിടെ ആഗോള നിക്ഷേപക സമ്മേളനം (TN Global Investors Meet 2024) അരങ്ങേറിയിരുന്നു. അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കുന്നതിനായാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ വന്‍ പരിപാടി അരങ്ങേറിയത്. ഏതായാലും സര്‍ക്കാര്‍ ലക്ഷ്യമിട്ട പോലെ വമ്പന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സംഗമം വഴി തമിഴ്‌നാടിന് സാധിച്ചു.
വിയറ്റ്‌നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് തമിഴ്‌നാട്ടില്‍ ഇലക്ട്രിക് വാഹന, ബാറ്ററി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നതായിരുന്നു വലിയ വാര്‍ത്തകളില്‍ ഒന്ന്. രണ്ട് ബില്യണ്‍ ഡോളറാണ് വിന്‍ഫാസ്റ്റ് തമിഴ്‌നാട്ടില്‍ നിക്ഷേപിക്കുന്നത്. തൂത്തുക്കുടിയിലായിരിക്കും വിന്‍ഫാസ്റ്റ് ബാറ്ററി, ഇവി പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇവരെ കൂടാതെ ഹ്യുണ്ടായി, സിട്രണ്‍, റോയല്‍ എന്‍ഫീല്‍ഡ് എന്നിങ്ങനെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കമ്പനികള്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു വിദേശ കമ്പനി കൂടി സാഹചര്യം മുതലെടുക്കാനായി ഇന്ത്യയിലേക്ക് കാലെടുത്തുവെക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇ-ബൈക്ക് നിര്‍മാതാക്കളായ TAV-യെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. TAV-യും തമിഴ്നാട്ടില്‍ നടന്ന ലോക നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടിലെ കമ്പനിയുടെ നിര്‍മാണ പ്ലാന്റ് മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 10 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ നിക്ഷേപിക്കുന്നതിനായി TAV ധാരണാപത്രം ഒപ്പുവെച്ചു.
ഇന്ത്യയില്‍ നിന്നുള്ള പ്രൊഡക്ഷന്‍ 25000 യൂണിറ്റില്‍ നിന്ന് 1,00,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുകൂടാതെ TAV തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് വളരെ കുറഞ്ഞ വിലയ്ക്ക് വില്‍പ്പനക്കെത്തിക്കാന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചു. ഇന്ത്യന്‍ നിര്‍മിത മിഡ്-ഡ്രൈവ് ഇലക്ട്രിക് ബൈക്ക് ഫാമിലി ഇ-ബൈക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. TAV ഒരു മൈക്രോ-മൊബിലിറ്റി കമ്പനിയാണ്.

പരമ്പരാഗത പെട്രോള്‍ ഇരുചക്രവാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള ഇ-ബൈക്ക് കിറ്റുകള്‍ വികസിപ്പിക്കുന്നതിലേക്ക് തുടക്കമിട്ടു. ഈ ഘട്ടത്തിലാണ് പിന്നീട് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്ക് അവര്‍ കടന്നത്. കൂടാതെ, ആഗോള വിപണിയില്‍ ഇ-ബൈക്കുകള്‍ നിര്‍മ്മിക്കുന്നതിലെ വൈദഗ്ധ്യം ഉപയോഗിച്ച് TAV ഇന്ത്യന്‍ ഇ-ബൈക്ക് നിര്‍മ്മാതാക്കളെ പിന്തുണക്കുകയും ചെയ്യുന്നും. ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കളായ TAV-യെ പോലെ മറ്റൊരു ഓസ്ട്രേലിയന്‍ കമ്പനിയും തമിഴ്‌നാട്ടില്‍ കാലൂന്നിയിട്ടുണ്ട്.
ഹെല്‍ത്ത് ടെക്നോളജി കമ്പനിയായ ഇക്വിനോക്‌സ് ആണ് തങ്ങളുടെ സഹസ്ഥാപനങ്ങളായ ലാബ്‌ഫേ്‌ലാ, ഒക്യുല എന്നിവയിലൂടെ തമിഴ്‌നാട്ടില്‍ വലിയ സാന്നിധ്യമാകാന്‍ പോകുന്നത്. ലോക നിക്ഷേപക സംഗമത്തിലൂടെ തമിഴ്നാട് കോടികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കോടികള്‍ നിക്ഷേപിക്കുക വഴി TAV ഇന്ത്യന്‍ വിപണിയിലെ നിര്‍ണായക സാന്നിധ്യമാകാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയിലെ മുമ്പന്‍മാരായ ഓലക്കും ഏഥറിനുമെല്ലാം വാഹന നിര്‍മാണ ഫാക്ടറികളുള്ളത് തമിഴ്‌നാട്ടിലാണ്.
ഇത് കൂടാതെ സിമ്പിള്‍ എനര്‍ജിയുടെ പ്ലാന്റും തമിഴ്‌നാട്ടില്‍ തന്നെയാണ്. പുത്തന്‍ നീക്കത്തിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന രംഗത്തെ സജീവ സാന്നിധ്യമായി മാറാന്‍ സാധിക്കുമെന്നാണ് TAV-യുടെ പ്രതീക്ഷ. എന്നാല്‍ ഓസ്‌ട്രേലിയന്‍ കമ്പനി ഇന്ത്യക്കായി എന്താണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. നിലവില്‍ രാജ്യത്ത് ഇലക്ട്രിക് ബൈക്കുകള്‍ ജനപ്രിയമായി വരുന്നേയുള്ളൂ. തുടക്കത്തില്‍ നന്നായി വിതച്ചാല്‍ നന്നായി കൊയ്യാം എന്നതായിരിക്കും ഒരുപക്ഷേ കമ്പനിയുടെ പ്ലാന്‍.
വിശദാംശങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവില്‍ വില്‍പനയിലുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളേക്കാള്‍ കൂടുതല്‍ ഫീച്ചറുകളാല്‍ സമ്പന്നവും താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്നതുമായിരിക്കും TAV-യുടെ ഉല്‍പ്പന്നങ്ങളെന്ന് പ്രതീക്ഷിക്കാം. കൂടുതല്‍ ആഗോള കമ്പനികള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇന്ത്യന്‍ കമ്പനികളായ ഓല, ഏഥര്‍, ടിവിഎസ്, ബജാജ് എന്നിവയുടെ സെഗ്‌മെന്റിലെ ആധിപത്യം ചോദ്യം ചെയ്യപ്പെടുമോ എന്ന കാര്യവും ഏവരും ഉറ്റുനോക്കുന്നു.
പല കമ്പനികളുടെ രൂപത്തില്‍ വെല്ലുവിളികള്‍ വരുമ്പോള്‍ ഒന്നാം സ്ഥാനക്കാരായ ഓല ഇതിനെ എങ്ങനെ മറികടക്കുമെന്നും കാത്തിരുന്ന് കാണാം. നിലവില്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയുടെ 40 ശതമാനത്തിലധികം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ഓലയാണ്. ഓസ്‌ട്രേലിയന്‍ കമ്പനിക്ക് ഓലയെ വിറപ്പിക്കാനാകുമോ എന്ന് നമുക്ക് നോക്കാം.


Click it and Unblock the Notifications








