'വൈകിയാലും വരാതിരിക്കില്ല'! ബജാജിന്റെ കന്നി സിഎന്‍ജി ബൈക്ക് എത്തുന്നത് ഈ ദിവസം
ഇരുചക്ര വാഹന രംഗത്തിന്റെ വളര്‍ച്ചക്കായി നൂതന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയരാണ് ബജാജ് ഓട്ടോ. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ബജാജിലാണ്. കാരണം ബജാജില്‍ നിന്ന് ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്ക് പിറവിയെടുക്കാന്‍ പോകുകയാണ്. പള്‍സര്‍ NS400Z ബൈക്കിന്റെ ലോഞ്ച് വേളയില്‍ ബജാജ് തങ്ങളുടെ സിഎന്‍ജി ബൈക്കിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബജാജിന്റെ കന്നി സിഎന്‍ജി ബൈക്കിന്റെ വരവ് അല്‍പ്പം വൈകുമെന്നാണ് അറിയാന്‍ കഴിയുന്നത്. അതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ചുവടെ വായിക്കാം.
പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും എന്നതിനാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ സിഎന്‍ജി വാഹനങ്ങള്‍ക്ക് നല്ല ഡിമാന്‍ഡാണ്. ബജാജിന്റെ വരാന്‍ പോകുന്ന സിഎന്‍ജി ബൈക്കിന് ഇതുവരെ പേരിട്ടിട്ടില്ല. ഇതായിരിക്കും ഇന്ത്യയിലെ ആദ്യത്തെ പ്രൊഡക്ഷന്‍ മോഡല്‍ സിഎന്‍ജി ബൈക്ക്. ബജാജ് സിഎന്‍ജി ബൈക്ക് ഈ മാസം 18-ന് വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ലോഞ്ച് ഒരു മാസം വൈകുമെന്നാണ് ഏറ്റവും പുതിയ വിവരം. ബജാജ് സിഎന്‍ജി ബൈക്കിന്റെ ലോഞ്ച് 2024 ജൂലൈ 17-ന് നടന്നേക്കും. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അടുത്തിടെ ഒരു മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോഞ്ച് വൈകിയതിന് പിന്നിലെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും ബജാജ് സിഎന്‍ജി ബൈക്ക് മൂടുപടമഴിക്കുന്നത് കാണാന്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടിവരും.
ബജാജിന്റെ കന്നി സിഎന്‍ജി ബൈക്ക് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. കമ്മ്യൂട്ടര്‍ ബൈക്ക് വിഭാഗത്തെയാണ് ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മുകളില്‍ സൂചിപ്പിച്ച പോലെ പ്രവര്‍ത്തനച്ചെലവ് വളരെ കുറവാണെന്നതാണ് ഈ ബൈക്കിനെ വേറിട്ട് നിര്‍ത്തുന്ന ഘടകം. ചോര്‍ന്ന ഡിസൈന്‍ ബ്ലൂപ്രിന്റ് സിഎന്‍ജി സിലിണ്ടറിന്റെ മികച്ച പ്ലെയ്സ്മെന്റ് എടുത്തുകാണിക്കുന്നു.

സിഎന്‍ജിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടൂവീലറായി ഇത് വികസിപ്പിക്കാമായിരുന്നുവെങ്കിലും ബജാജ് ഇതില്‍ ബൈ-ഫ്യുവല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.കാറുകളില്‍ കാണുന്ന ബൈ-ഫ്യുവല്‍ പെട്രോള്‍ + സിഎന്‍ജി ഓപ്ഷനോട് ഇതിന് സാമ്യതകളുണ്ട്. സിഎന്‍ജി ടാങ്കിനൊപ്പം പെട്രോള്‍ ടാങ്കും ഘടിപ്പിച്ചതിനാല്‍ ഇന്ധനം തീര്‍ന്ന് നടുറോഡില്‍ കുടുങ്ങിപ്പോകുമെന്ന ആശങ്ക വേണ്ട. ലളിതമായ ഒരു വാല്‍വ് സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഒരു ഇന്ധനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ മാറാന്‍ കഴിയും.
ഗ്രാമപ്രദേശങ്ങളില്‍ സിഎന്‍ജി ഇന്ധന സ്റ്റേഷനുകള്‍ താരതമ്യേന കുറവായതിനാല്‍ അവിടങ്ങളിലെല്ലാം വലിയ ഉപകാരമായിരിക്കും ഇത്. മാത്രമല്ല സിഎന്‍ജി മോഡില്‍ പൊതുവേ പവര്‍ ഔട്ട്പുട്ട് കുറവായിരിക്കും. കൂടുതല്‍ പവറും ടോര്‍ക്കും ആവശ്യമുള്ള പരുക്കന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്രകളിലും പെട്രോള്‍ ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. ആദ്യ സിഎന്‍ജി ബൈക്കില്‍ 125 സിസി എഞ്ചിന്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എഞ്ചിന്‍ സവിശേഷതകള്‍ ഇതുവരെ ബജാജ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ഈ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജാജ് സിഎന്‍ജി ബൈക്ക് രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്ന് നഗരപ്രദേശങ്ങള്‍ക്കും മറ്റൊന്ന് ഗ്രാമപ്രദേശങ്ങള്‍ക്കുമായിരിക്കും. സംപ് ഗാര്‍ഡ്, നക്കിള്‍ ഗാര്‍ഡ്, ഹാന്‍ഡില്‍ ബാര്‍ ബ്രേസ് എന്നിവ പോലുള്ള സംരക്ഷണ ഘടകങ്ങള്‍ ഗ്രാമീണ മേഖലകളിലെ ഹെവി ഡ്യൂട്ടി ജോലികള്‍ മുന്‍നിര്‍ത്തിയാണ്.
അര്‍ബന്‍ കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടുള്ള വേരിയന്റ് ആഡ്-ഓണുകളൊന്നുമില്ലാതെ പരമ്പരാഗത ലുക്കില്‍ വരും. അടുത്ത മാസം പുറത്തിറങ്ങുന്ന ആദ്യ മോഡല്‍ അടക്കം മൊത്തം അഞ്ച് മുതല്‍ ആറ് വരെ സിഎന്‍ജി ബൈക്കുകള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നു. തുടക്കത്തില്‍ പ്രതിമാസം 20,000 സിഎന്‍ജി ബൈക്കുകള്‍ വില്‍ക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്.
വിപണിയില്‍ നിന്നുള്ള ഡിമാന്‍ഡും ഉപഭോക്തൃ പ്രതികരണവും അനുസരിച്ച് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും. ബജാജിന്റെ ആദ്യത്തെ സിഎന്‍ജി ബൈക്ക് താങ്ങാനാകുന്ന വിലയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാരംഭ വിലയായി ഒരുപക്ഷേ 80000 രൂപ നിശ്ചയിച്ചാലും അത്ഭുതപ്പെടാനില്ല. സമീപകാല ലോഞ്ചുകളില്‍ എല്ലാം കമ്പനി അക്രമണാത്മകമായ വില നിര്‍ണയ രീതി പിന്തുടര്‍ന്നിരുന്നു.


Click it and Unblock the Notifications








