പെട്രോള്‍ ചെലവില്‍ നിന്ന് 'സ്വാതന്ത്ര്യം'! ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കിന് ഇതിലും മികച്ച പേര് ഇടാനില്ല
ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ നാളെ (2024 ജൂലൈ 5) അവതരിപ്പിക്കാന്‍ പോകുകയാണ്. ബജാജ് ഓട്ടോയാണ് വിപ്ലവാത്മകമായ ഈ പെട്രോള്‍+സിഎന്‍ജി ബൈ-ഫ്യുവല്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിള്‍ കൊണ്ടുവരുന്നത്. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് വാഹനം അവതരിപ്പിക്കുക. വരാന്‍ പോകുന്ന ബൈക്കിന്റെ മൂടുപടമഴിക്കുക. ലോഞ്ചിന് മുന്നോടിയായി പുത്തന്‍ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ബ്രൂസര്‍ എന്നായിരിക്കും സിഎന്‍ജി ബൈക്കിന്റെ പേര് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ ബൈക്കിനിടാന്‍ മറ്റൊരു പേരാണ് ബജാജ് കണ്ടുവെച്ചിരിക്കുന്നത്. അത് ഏതാണെന്ന് നമുക്ക് നോക്കാം.
പൊള്ളുന്ന ഇന്ധനവില, പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നിവയ്‌ക്കൊപ്പം തങ്ങളുടെ ബജറ്റ് താളംതെറ്റാതിരിക്കാന്‍ മോട്ടോര്‍സൈക്കിളുകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനാണ് സാധാരണക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി ഫോസില്‍ ഫ്യുവലില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പകരം ബദല്‍ പരിഹാരങ്ങള്‍ അവര്‍ തിരയാന്‍ തുടങ്ങി. പെട്രോള്‍ മോട്ടോര്‍സൈക്കിളുകളുമായി ബന്ധപ്പെട്ട ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവില്‍ നിന്ന് അവര്‍ക്ക് 'സ്വാതന്ത്ര്യം' ആവശ്യമാണ്.

അതെ ബജാജ് അവര്‍ ഈ പറഞ്ഞ 'സ്വാതന്ത്ര്യം' നേടിക്കൊടുക്കാന്‍ പോകുകയാണ്. ബജാജിന്റെ വരാനിരിക്കുന്ന സിഎന്‍ജി മോട്ടോര്‍സൈക്കിളില്‍ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് പെട്ടെന്ന് കണക്ട് ആകുന്ന പേര് കൂടി അത്യാവശ്യമാണ്. അതുകൊണ്ട് വര്‍ധിച്ചുവരുന്ന പെട്രോള്‍ ചെലവില്‍ നിന്ന് ജനങ്ങള്‍ക്ക് 'സ്വാതന്ത്ര്യം' നല്‍കുന്നുവെന്ന യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന ഫ്രീഡം എന്ന പേരാണ് ബജാജ് പുതിയ ബൈക്കിന് നല്‍കാന്‍ പോകുന്നതെന്നാണ് വിവരം.
ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് LML അതിന്റെ ഒരു മോട്ടോര്‍സൈക്കിളിനായി ഉപയോഗിച്ചിരുന്ന ഫ്രീഡം നെയിംപ്ലേറ്റ് തിരികെ കൊണ്ടുവരുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റിനെ സൂചിപ്പിക്കുന്ന '125' എന്ന സഫിക്‌സും ബൈക്കില്‍ ഉണ്ടായിരിക്കാം. ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അതിന്റെ വരാനിരിക്കുന്ന സിഎന്‍ജി മോട്ടോര്‍സൈക്കിളിന്റെ പേര് സ്ഥിരീകരിക്കുന്നുണ്ട്.

ബജാജിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഡ്രോപ്പ്-ഡൗണ്‍ മെനുകളിലൊന്നില്‍ കാണുന്നത് പോലെ ഇത് ഫ്രീഡം 125 ആണ്. ഫ്രീഡം 125 എന്നത് ഈ മോട്ടോര്‍സൈക്കിളിന് യോജിച്ച പേരാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പറ്റിയ പേരാണ് ഇത്. പെട്രോള്‍ മോട്ടോര്‍സൈക്കിളുകളുടെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവില്‍ നിന്ന് മോചനം ലഭിക്കുമെന്ന തോന്നല്‍ ഉളവാക്കുന്നുണ്ട് ഇത്.
ബജാജ് അടുത്തിടെ പുറത്തിറക്കിയ ടീസര്‍ പ്രകാരം, ഫ്രീഡം 125-ന് പെട്രോള്‍, സിഎന്‍ജി മോഡുകള്‍ വഴി മാറാന്‍ ഒരു പ്രത്യേക ബട്ടണ്‍ ഉണ്ടായിരിക്കും. സ്‌പൈ ഷോട്ടുകള്‍ സൂചിപ്പിക്കുന്നത് പോലെ ഈ ബൈ-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ മിക്കവാറും രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. കൂടുതല്‍ താങ്ങാനാവുന്ന ട്രിം ഒരുപക്ഷേ സിംപിള്‍ പെയിന്റ് സ്‌കീമുകളും വിലയേറിയ വേരിയന്റിനേക്കാള്‍ കുറച്ച് ഫീച്ചറുകളും നല്‍കും.

നക്കിള്‍ ഗാര്‍ഡുകള്‍, ടയര്‍ ഹഗ്ഗര്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ ആട്രിബ്യൂട്ടുകള്‍ ടോപ്പ്-സ്‌പെക്ക് മോഡലിന് മാത്രമേ ലഭിക്കൂ.നീളമുള്ള സീറ്റ്, റൗണ്ട് ഹെഡ്ലൈറ്റ്, സീറ്റിനടിയിലെ സിഎന്‍ജി സിലിണ്ടര്‍, ട്യൂബ്ലെസ് ടയറുകളുള്ള അലോയ് വീലുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള മൊത്തത്തില്‍ ADV സ്‌റ്റൈലിംഗ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി വന്നേക്കാം. പെട്രോള്‍ ഇന്ധനം ഉപയോഗിച്ച് ഓടുമ്പോള്‍ മറ്റ് 125 സിസി എതിരാളികളുമായി താരതമ്യപ്പെടുത്താവുന്ന പെര്‍ഫോമന്‍സ് ഉണ്ടായിരിക്കണം.
സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ 100 സിസി അല്ലെങ്കില്‍ 110 സിസി ഓഫറുകളുമായി താരതമ്യപ്പെടുത്താവുന്ന പ്രകടനം നമുക്ക് പ്രതീക്ഷിക്കാം. എന്നിരുന്നാലും സിഎന്‍ജി മോഡില്‍ മികച്ച ഇന്‍-ക്ലാസ് മൈലേജ് ലഭിക്കുമെന്നതാണ് പ്രതീക്ഷ. 100 കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിക്കുന്ന ബജാജ് ഫ്രീഡം 125-നെ ഇന്ത്യയിലെ അല്ലെങ്കില്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാക്കി മാറ്റും. ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളിന് 90,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ആക്രമണാത്മക വിലനിര്‍ണയത്തിന് പേരുകേട്ട ബജാജ് ഇതിലും കുറഞ്ഞ വിലയില്‍ ബൈക്ക് വില്‍പ്പനക്കെത്തിച്ചാലും അതിശയിക്കാനില്ല. ഏറ്റവും പുതിയ പള്‍സര്‍ 400-ന്റെ വില നിര്‍ണയം അക്കൂട്ടത്തിലെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഏതായാലും ബൈക്കിനെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ അറിയാന്‍ നമുക്ക് ഏാതാനും മണിക്കൂറുകള്‍ കൂടി കാത്തിരിക്കാം. ശേഷം പുത്തന്‍ മോഡലിന്റെ വിശദമായി റൈഡ് റിവ്യൂവും മറ്റും ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവെക്കുന്നതാണ്.
Source: Rushlane


Click it and Unblock the Notifications








