ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
ഭാവി മുന്നില്‍ കണ്ട് വാഹന നിര്‍മാതാക്കള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഫോക്കസ് ബദല്‍ ഇന്ധനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളും സിഎന്‍ജി വാഹനങ്ങളുമാണ് കൂടുതല്‍ ജനകീയമായി വരുന്നത്. ഇതില്‍ തന്നെ ടൂവീലറുകളിലും ത്രീവീലറുകളിലും ബദല്‍ ഇന്ധനങ്ങളുടെ സാധ്യത ഏറ്റവും കൂടുതല്‍ ആരായുന്നത് ബജാജ് ഓട്ടോയാണ് (Bajaj Auto).
അക്കാര്യത്തില്‍ അവര്‍ വളരെ മുന്നേറിയും കഴിഞ്ഞു. ചേതക് എന്ന ഐതിഹാസിക സ്‌കൂട്ടറിനെ ഇലക്ട്രിക് അവതാരത്തില്‍ പുനരവതരിപ്പിച്ച ബജാജ് ഇപ്പോള്‍ ശ്രദ്ധ മറ്റ് ബദല്‍ ഇന്ധനങ്ങളിലേക്ക് തിരിച്ചിരിക്കുകയാണ്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്ന ആദ്യ കമ്പനിയാകാന്‍ ഒരുങ്ങുകയാണ് ബജാജ്. ഇതിനോടകം രാജ്യത്തെ ടൂവീലര്‍ പ്രേമികള്‍ക്കിടയില്‍ വലിയ ഹൈപ്പ് സൃഷ്ടിച്ച ബജാജിന്റെ കന്നി സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ (CNG Motorcycle) ഈ വര്‍ഷം ജൂണില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ സിഎന്‍ജി മോട്ടോര്‍സൈക്കിളിന് 110 സിസി എഞ്ചിന്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച ഇന്ധനക്ഷമതയാണ് സിഎന്‍ജി വാഹനങ്ങളുടെ പ്രത്യേകത. ബജാജ് പുറത്തിറക്കാന്‍ പോകുന്ന സിഎന്‍ജി മാട്ടോര്‍സൈക്കിള്‍ മികച്ച മൈലേജ് തരുമെന്ന് മാത്രമല്ല റണ്ണിംഗ് കോസ്റ്റും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ദൈനംദിന യാത്രകള്‍ക്ക് കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാന്‍ പറ്റിയ വണ്ടി തേടുന്ന ആളുകളെയാണ് ബജാജ് ലക്ഷ്യമിടുന്നത്.
ബജാജിന്റെ ഔറംഗബാദിലെയും പന്ത്‌നഗറിലെയും പ്ലാന്റുളിലായിരിക്കും സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തിന് കയറുക. എന്നാല്‍ ഇന്ത്യന്‍ വിപണിക്ക് അത്ര സുപരിചതമായ ഒന്നല്ല ഹൈഡ്രജന്‍ ഇന്ധനം. ഹൈഡ്രജന്‍ പവേര്‍ഡ് വാഹനങ്ങള്‍ ഒന്നും ഇതുവരെ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിട്ടില്ല. ഫോര്‍വീലറുകളുടെ കാര്യത്തില്‍ ടൊയോട്ട അടക്കമുള്ള ബ്രാന്‍ഡുകള്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെങ്കിലും ടൂവീലറുകളിലും ത്രീവീലറുകളിലും ഹൈഡ്രജന്‍ ഇന്ധനത്തിന്റെ സാധ്യത പരിശോധിക്കാനായി ഒരു കമ്പനിയും രംഗത്ത് വന്നിരുന്നില്ല.

എന്നാല്‍ ഇവിടെയും ഒന്നാമന്‍മാരാകാനാണ് ബജാജിന്റെ പ്ലാന്‍. കാര്യങ്ങളെല്ലാം ശരിയായി വന്നാല്‍ ഇന്ത്യയില്‍ ആദ്യമായി ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനം പുറത്തിറക്കുന്ന ബ്രാന്‍ഡായി ബജാജ് മാറും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളിലൊന്നായ ചേതക് ടെക്‌നോളജി ലിമിറ്റഡാണ് ഇതിന്റെ സാധ്യതകള്‍ തേടുന്നത്. ഇതിന്റെ ഭാഗമായി സിടിഎല്ലിന്റെ മാനേജിംഗ് ഡയറക്ടറായി എബ്രഹാം ജോസഫിനെ അടുത്തിടെ നിയമിച്ചിരുന്നു.
എബ്രഹാം ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താകുറിപ്പില്‍ ഹൈഡ്രജന്‍ പവേര്‍ഡ് ഇരുചക്രവാഹനങ്ങളുടെ സാധ്യതകള്‍ തേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബജാജ് വ്യക്തമാക്കിയിരുന്നു. ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പിന്തുണക്കുന്നവരും പരിസ്ഥിതി സ്‌നേഹികളും ഈ വാര്‍ത്ത കണ്ട് ആവേശത്തിലാണ്. ചേതക്കിന്റെ ഹൈഡ്രജന്‍ പവര്‍ട്രെയിന്‍ ഏത് ഘട്ടത്തില്‍ എത്തിയെന്ന കാര്യം ഇതുവരെ അറിവായിട്ടില്ല.

ചേതക് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ആണോ അതോ ഹൈഡ്രജന്‍ ഐസി എഞ്ചിന് പിറകെയാണോ പോകുന്നതെന്ന കാര്യവും വ്യക്തമല്ല. ഇതില്‍ കൂടുതല്‍ സാധ്യത ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലിനാണ്. ഇന്ത്യയിലെ പ്രമുഖ ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജോയ് ഇ-ബൈക്കും ഹൈഡ്രജനില്‍ ഓടുന്ന സ്‌കൂട്ടര്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഏതാനും എക്‌സ്‌പോകളില്‍ ഇതിന്റെ പ്രോട്ടോടൈപ്പ് അവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
ചേതക് ആയിരിക്കുമോ അതോ ജോയ് ഇ-ബൈക്കാണോ ആദ്യം ഹൈഡ്രജന്‍ പവേര്‍ഡ് ടൂവീലര്‍ പുറത്തിറക്കുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് വാഹന ലോകം. ഫോസില്‍ ഇന്ധനങ്ങളുടെ ബദലായി കണക്കാക്കപ്പെടുന്നത് വൈദ്യുതിയാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ന്യൂനതകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നത് ചാര്‍ജ് ചെയ്യാനുള്ള സമയമാണ്. എന്നാല്‍ വൈദ്യുതി പോലെ തന്നെ പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യമില്ല.

ഹൈഡ്രജന്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ 3 മുതല്‍ 5 മിനിറ്റ് വരെ മതിയാകുമെന്നാണ് പറയപ്പെടുന്നത്. ഇവികളുടെ പോലെ തന്നെ അടിസ്ഥാന സൗകര്യ വികസനങ്ങളായിരിക്കും ഹൈഡ്രജന്‍ ഫ്യുവല്‍ വാഹനങ്ങളുടെയും മുന്നിലുള്ള പ്രധാന വെല്ലുവിളി. ബജാജ് ഈ തടസ്സങ്ങളെയെല്ലാം എങ്ങനെ വകഞ്ഞുമാറ്റുമെന്നും ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാണത്തിന്റെ നേതൃസ്ഥാനം വഹിക്കുമെന്നും നമുക്ക് കാത്തിരുന്ന് തന്നെ കാണാം.


Click it and Unblock the Notifications








