ബജാജ് സിഎന്‍ജി ബൈക്ക് ഇനി കേരളത്തിലും കിട്ടും! നിങ്ങളുടെ സ്ഥലമുണ്ടോയെന്ന് നോക്കൂ...
പെട്രോള്‍ വില ഇപ്പോഴും 100 രൂപയില്‍ കൂടുതലായതിനാല്‍ ഇന്ത്യക്കാര്‍ ബദല്‍ ഇന്ധനങ്ങളിലേക്ക് തിരിയുകയാണ്. അതില്‍ തന്നെ സിഎന്‍ജി വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്. കാറുകളെ പോലെ തന്നെ അടുത്ത കാലത്തായി ഒരു സിഎന്‍ജി ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. എന്നാണ് ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജി ബൈക്കായ ഫ്രീഡം 125 പുറത്തിറക്കിയത് ഇന്ത്യന്‍ ബ്രാന്‍ഡായ ബജാജ് ആണ്. ബൈക്ക് തുടക്കത്തില്‍ വിരലില്‍ എണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഇന്നലെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഫ്രീഡം 125 മോട്ടോര്‍സൈക്കിള്‍ കൂടുതല്‍ നഗരങ്ങളില്‍ കൂടി ലഭ്യമാക്കിയിരിക്കുകയാണ് ബജാജ്. നമ്മുടെ കേരളത്തില്‍ നിന്നുള്ള ചില സ്ഥലങ്ങളില്‍ നിന്നും ഇനി ഫ്രീഡം 125 വാങ്ങാം. അത് ഏതൊക്കെയാണെന്നാണ് വിശദമായി പരിശോധിക്കാം.
ഡല്‍ഹി, യുപി, കര്‍ണാടക, കേരളം, ഹരിയാന, വിദര്‍ഭ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ മേഖലകളിലെ 88 നഗരങ്ങളിലാണ് ബജാജ് ഫ്രീഡം 125 പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് കമ്പനി കൂടുതല്‍ ഡീലര്‍മാര്‍ക്ക് ഫ്രീഡം 125 നല്‍കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ നിന്ന് ബൈക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബജാജ് അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ടാണ് കൂടുതല്‍ നഗരങ്ങളില്‍ ഫ്രീഡം 125 സിഎന്‍ജി ബൈക്കിന്റെ ലഭ്യത ഉറപ്പാക്കിയത്.

കേരളത്തില്‍ 14 ഇടങ്ങളില്‍ നിന്ന് ഫ്രീഡം 125 വാങ്ങാം. കൊച്ചി, കോട്ടയം, കൊല്ലം, തൊടുപുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, നെടുമങ്ങാട്, തൃശൂര്‍, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, ആലുവ, തിരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ഇനി മുതല്‍ ബജാജിന്റെ ഈ പുത്തന്‍ ബൈക്ക് വാങ്ങാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. മലയാളികള്‍ ഏറെയുള്ള കര്‍ണാടകയിലെ നഗരങ്ങളായ ബാംഗ്ലൂരും മംഗലാപുരവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ബജാജ് ഫ്രീഡം 125 ഇന്ത്യയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. NG04 ഡിസ്‌ക് എല്‍ഇഡി, NG04 ഡ്രം എല്‍ഇഡി, NG04 ഡ്രം എന്നിവയാണ് അവ. എന്‍ട്രി ലെവല്‍ വേരിയന്റായ ഫ്രീഡം 125 NG04 ഡ്രം സ്വന്തമാക്കാന്‍ 95,000 രൂപയാണ് മുടക്കേണ്ടത്. ഫ്രീഡം 125 ഡ്രം എല്‍ഇഡി 1.05 ലക്ഷം രൂപയാണ് വില. ടോപ് സ്‌പെക് ഫ്രീഡം 125 ഡിസ്‌ക് എല്‍ഇഡിക്ക് 1.10 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്സ്‌ഷോറൂം വിലകളാണിത്.
| Region | Dealer City | Region | Dealer City |
| Karanataka | Mangalore | Kerala | Kozhikode |
| Karanataka | Mysore | Kerala | Nedumangad |
| Karanataka | Shimoga | Kerala | Trichur |
| Karanataka | Hubli | Kerala | Traivandrum |
| Karanataka | Belgaum | Kerala | Alleppey |
| Karanataka | Kolar | Kerala | Alwaye |
| Karanataka | Sagar | Kerala | Tirur |
| Karanataka | Gulbarga | Maharashtra | Ahmednagar |
| Kerala | Kochi | Maharashtra | Boisar |
| Kerala | Kottayam | Maharashtra | Chinchwad |
| Kerala | Quilon | Maharashtra | Ichalkaranji |
| Kerala | Thodupuzha | Maharashtra | Karad |
| Kerala | Cannanore | Maharashtra | Kolhapur |
| Kerala | Kasaragod | Maharashtra | Kopergaon |
ഇന്ത്യയുടെ പല ഭാഗങ്ങളിലും സിഎന്‍ജി സ്‌റ്റേഷനുകള്‍ കുറവായതിനാല്‍ പെട്രോളിലും പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തില്‍ ൈബ-ഫ്യുവല്‍ ഓപ്ഷനിലാണ് ഇത് വരുന്നത്. ഈ മോട്ടോര്‍സൈക്കിളിന്റെ സീറ്റിനടിയിലാണ് സിഎന്‍ജി സിലിണ്ടര്‍ ഘടിപ്പിച്ചിട്ടുള്ളത്. ഒട്ടും കാണാത്ത രീതിയിലാണ് സിഎന്‍ജി സിലിണ്ടര്‍ നല്‍കിയിരിക്കുന്നത്. രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും സീറ്റിനടിയില്‍ രണ്ട് കിലോ വരെ വാതകം ഉള്‍ക്കൊള്ളുന്ന 16 കിലോ സിഎന്‍ജി സിലിണ്ടറും ഇതിലുണ്ട്.
125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് ഫ്രീഡം 125 ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ പരമാവധി 9.3 bhp പവറും 6,000 ആര്‍പിഎമ്മില്‍ 9.7 Nm ടോര്‍ക്കും സൃഷ്ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. പെട്രോള്‍ മോഡില്‍ ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 93.4 കിലോമീറ്ററാണ്. ഫ്രീഡം 125 സിഎന്‍ജിയില്‍ ഓടുമ്പോള്‍ മണിക്കൂറില്‍ 90.5 കിലോമീറ്ററാണ് പരമാവധി വേഗത.

സിഎന്‍ജിയില്‍ കിലോഗ്രാമിന് 102 കിലോമീറ്ററും പെട്രോളില്‍ ലിറ്ററിന് 64 കിലോമീറ്ററും ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജിയില്‍ മാത്രം 200 കിലോമീറ്റര്‍ റേഞ്ച് കിട്ടും. പെട്രോള്‍ കൂടി നിറയ്ക്കുന്നതോടെ ഫുള്‍ടാങ്കില്‍ ബൈക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമന്നാണ് അവകാശവാദം. ഫ്രീഡം സിഎന്‍ജി ബൈക്കിന് 1,800 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്ന് ബജാജ് ഓട്ടോ പറഞ്ഞു.
പെട്രോള്‍ ബൈക്കുകളേക്കാള്‍ ഏകദേശം 50 ശതമാനം പ്രവര്‍ത്തനച്ചെലവ് ലാഭിക്കാന്‍ ഫ്രീഡം 125ന് സാധിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ നടത്തിയ മൈലേജ് ടെസ്റ്റില്‍ ഫ്രീഡത്തിന് സിഎന്‍ജി മോഡില്‍ 1 കിലോമീറ്ററിന് 74 പൈസ മാത്രമാണ് ചെലവ് വരുന്നത്. പെട്രോള്‍ മോഡില്‍ അത് കിലോമീറ്ററിന് 1.45 രൂപയാണ്. രണ്ടും കൂടി ചേര്‍ത്ത് ഫ്രീഡത്തിന്റെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 99 പൈസയാണെന്നാണ് ടെസ്റ്റുകളില്‍ കണ്ടെത്തിയിരിക്കുന്നത്.
11 സുരക്ഷാ പരിശോധനകള്‍ നടത്തിയ ശേഷമാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷ സംബന്ധിച്ച ഉപഭോക്താക്കളുടെ ആശങ്കകള്‍ ദൂരീകരിച്ച് കൊണ്ട് ഫ്രീഡം 125-ന്റെ ക്രാഷ് ടെസ്റ്റ് വീഡിയോ അടക്കം ബജാജ് പങ്കുവെച്ചിരുന്നു. നിങ്ങള്‍ ഈ സിഎന്‍ജി ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഓണ്‍ലൈനായോ കമ്പനി ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ബുക്ക് ചെയ്യാം. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഈ ബൈക്ക് തുടക്കത്തില്‍ ലഭ്യമാകുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദം മുതല്‍ ഇത് രാജ്യത്തുടനീളം ലഭ്യമാകും.


Click it and Unblock the Notifications








