1 കി.മീ ഓടാന്‍ 1 രൂപ മൊത്തം ചെലവില്ല! ബജാജ് സിഎൻജി ബൈക്ക് കിട്ടാന്‍ ഇത്രയും കാത്തിരിപ്പോ?
ഇരുചക്ര വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്ക്. ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിച്ചാണ് ഇന്ത്യന്‍ കമ്പനിയായ ബജാജ് ചരിത്രം സൃഷ്ടിച്ചത്. മുംബൈ, പൂനെ എന്നിവ കൂടാതെ ഗുജറാത്തിലെ തെരഞ്ഞെടുത്ത നഗരങ്ങളിലും മാത്രമാണ് തുടക്കത്തില്‍ ബജാജ് ഫ്രീഡം 125 മോട്ടോര്‍സൈക്കിള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതൊരു മാസ് മാര്‍ക്കറ്റ് ടൂ വീലര്‍ കൂടി ആയതിനാല്‍ തന്നെ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വിവിധ ഡീലര്‍മാരുമായി ആശയ വിനിമയം നടത്തിയതില്‍ നിന്ന് ബജാജ് ഫ്രീഡത്തിന്റെ കാത്തിരിപ്പ് കാലയളവ് ഞങ്ങളുടെ പക്കലുണ്ട്. അത് ചുവടെ വിശദീകരിക്കാം.
ബജാജ് ഫ്രീഡം ഒരു 125 സിസി മോട്ടോര്‍സൈക്കിളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോകുന്ന ഒരു സെഗ്‌മെന്റാണിതെങ്കിലും ബജാജ് ഫ്രീഡത്തിന്റെ (Bajaj Freedom 125) ലഭ്യത പരിമിതപ്പെടുത്തിയിരിക്കുന്നത് തിരിച്ചടിയാണ്. വിപണിയില്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നതിനാല്‍ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി ബജാജ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. നിലവില്‍ ബുക്ക് ചെയ്ത ശേഷം ഏറ്റവും വേഗത്തില്‍ വാഹനം ഡെലിവറിയാകുക മുംബൈയിലാണ്.

20 മുതല്‍ 30 ദിവസത്തിനുള്ളില്‍ ബജാജ് ഫ്രീഡം 125 മുബൈക്കാര്‍ക്ക് കിട്ടും. ബജാജിന്റെ ഉത്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലെ തന്നെ പൂനെയിലാണ്. നഗരത്തില്‍ ഫ്രീഡത്തിന്റെ കാത്തിരിപ്പ് കാലയളവ് 30 മുതല്‍ 45 ദിവസം വരെയാണ്. അതേസമയം ബജാജ് സിഎന്‍ജി ബൈക്കിന് നിലവില്‍ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് ഗുജറാത്തിലാണ്. സംസ്ഥാനത്ത് ബജാജ് ഫ്രീഡം 125 സിഎന്‍ജി ബൈക്കിന് 45 ദിവസം മുതല്‍ മൂന്ന് മാസം വരെ കാത്തിരിപ്പ് കാലയളവുണ്ടെന്നാണ് വിവരം.
ബജാജ് ഫ്രീഡം 125 ഇന്ത്യയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഫ്രീഡം 125 NG04 ഡിസ്‌ക് എല്‍ഇഡി, ഫ്രീഡം 125 NG04 ഡ്രം എല്‍ഇഡി, ഫ്രീഡം 125 NG04 ഡ്രം എന്നിവയാണ് അവ. എന്‍ട്രി ലെവല്‍ വേരിയന്റായ ഫ്രീഡം 125 NG04 ഡ്രം സ്വന്തമാക്കാന്‍ 95,000 രൂപയാണ് മുടക്കേണ്ടത്. ഫ്രീഡം 125 ഡ്രം എല്‍ഇഡി 1.05 ലക്ഷം രൂപയാണ് വില.

ടോപ് സ്പെക് ഫ്രീഡം 125 ഡിസ്‌ക് എല്‍ഇഡിക്ക് 1.10 ലക്ഷം രൂപയാണ് മുടക്കേണ്ടത്. വിലകള്‍ എക്‌സ്ഷോറൂം ആണെന്ന് ശ്രദ്ധിക്കുക. ഇന്ത്യയുടെ പല ഭാഗങ്ങളിലും സിഎന്‍ജി സ്റ്റേഷനുകള്‍ കുറവായതിനാല്‍ സിഎന്‍ജി-പെട്രോള്‍ ബൈ ഫ്യുവല്‍ ഓപ്ഷന്‍ ഈ മോഡലില്‍ ബജാജ് കൊണ്ടുവന്നത്. 2 കിലോഗ്രാം ശേഷിയുള്ള സിഎന്‍ജി ടാങ്കും 2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ ടാങ്കും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
സിഎന്‍ജിയുടെയും പെട്രോള്‍ ടാങ്കിന്റെയും കപ്പാസിറ്റി പരിഗണിക്കുമ്പോള്‍ ഏകദേശം 330 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഫുള്‍ടാങ്കില്‍ സിഎന്‍ജിയില്‍ 200 കിലോമീറ്റര്‍ റേഞ്ചും പെട്രോളില്‍ 130 കിലോമീറ്റര്‍ റേഞ്ചുമാണ് ബജാജ് പറയുന്നത്. പെട്രോള്‍ ബൈക്കുകളേക്കാള്‍ ഏകദേശം 50 ശതമാനം പ്രവര്‍ത്തനച്ചെലവ് ലാഭിക്കാന്‍ ഫ്രീഡം 125ന് സാധിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ നടത്തിയ മൈലേജ് സെ്റ്റില്‍ ഫ്രീഡത്തിന് സിഎന്‍ജി മോഡില്‍ 1 കിലോമീറ്ററിന് 74 പൈസ മാത്രമാണ് ചെലവ് വരുന്നത്. പെട്രോള്‍ മോഡില്‍ അത് കിലോമീറ്ററിന് 1.45 രൂപയായി ഉയരുന്നു. രണ്ടും കൂടി ചേര്‍ത്ത് ഫ്രീഡത്തിന്റെ റണ്ണിംഗ് കോസ്റ്റ് കിലോമീറ്ററിന് 99 പൈസയാണെന്നാണ് റിയല്‍ വേള്‍ഡ് മൈലേജ് ടെസ്റ്റുകളില്‍ കണ്ടെത്തിയിരിക്കുന്നത്.
125 സിസി, 4 സ്ട്രോക്ക്, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആര്‍പിഎമ്മില്‍ 9.5 bhp പവറും 6,000 ആര്‍പിഎമ്മില്‍ 9.7 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാനാവും. പെട്രോള്‍ മോഡില്‍ ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 93.4 കിലോമീറ്ററാണ്. ഫ്രീഡം 125 സിഎന്‍ജിയില്‍ ഓടുമ്പോള്‍ മണിക്കൂറില്‍ 90.5 കിലോമീറ്ററാണ് പരമാവധി വേഗത.


Click it and Unblock the Notifications








