ഫീച്ചറുകളുള്ള ചിപ്പ്സെറ്റിൽ അല്ല് ജനങ്ങളുടെ പോക്കറ്റിലാവണം ഫോക്കസ്; ഓലയ്ക്കും ഏഥറിനും ചേതക്കിന്റെ മുട്ടൻ പണി
ഇന്ത്യൻ ഇവി വിപണി ഇന്ന് മുമ്പത്തേക്കാൾ വളരെ ആക്ടീവാണ്, ആദ്യ കാലങ്ങളെ അപേക്ഷിച്ച് ഒട്ടനവധി ബ്രാൻഡുകളും പ്രമുഖ നിർമ്മാതാക്കളും ഇന്ന് ഈ സെഗ്മെന്റിലുണ്ട്. അതിനാൽ തന്നെ കോംപറ്റീഷനും പല മടങ്ങ് കൂടുതലാണ് എന്ന് കാര്യം നമുക്ക് ഏവർക്കും വളരെ വ്യക്തമായി അറിയാം.
കൂടുതൽ മികച്ച റൈഡിംഗ് റേഞ്ച്, ഫീച്ചറുകൾ, കംഫർട്ട്, കുറഞ്ഞ ചാർജിംഗ് ടൈം എന്നിങ്ങനെ നിരവധി മേഘലകളിൽ പല ഇവി നിർമ്മാതാക്കളും തങ്ങളുടെ മോഡലിനെ ഒരുപടി മുമ്പിൽ എത്തിക്കാൻ ഭഗീരഥ പ്രയത്നത്തിലാണ്. കടുകുമണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അടുത്തവൻ മേൽക്കൈ കൊണ്ടും പോവും എന്ന അവസ്ഥയിൽ കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്.

പിന്നെ വില നിർണ്ണയം എന്നതും ഇവികളുടെ കാര്യത്തിൽ മറ്റ് എല്ലാം സെഗ്മെന്റുകളിളും ഉള്ളതുപോലെ വലിയ പ്രാധാന്യമാണുള്ളത്. ഇന്നും വികസനത്തിന്റെ പാദയിൽ മാരത്തൺ ഓട്ടം ഓടിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമായതിനാൽ ഇന്ത്യക്കാർക്ക് ബജറ്റ് വാഹനങ്ങളോട് ഇന്നും ഒരു പ്രത്യേക താൽപര്യവും മമതയുമാണ് എന്ന് നിസംശയം പറയാം.
ഇലക്ട്രിക് ടു വീലർ രംഗത്ത് പുത്തൻ പിള്ളേര് തലങ്ങും വിലങ്ങും ടെക്നോളജിയിട്ട് കളിച്ചപ്പോൾ ബജാജിന് ഇവിടെ ഒരല്പ്പം ക്ഷീണമുണ്ടായി എന്നത് വാസ്തമാണ്, എന്നാൽ ന്യൂ ജെൻ ബ്രാൻഡുകളോട് വിടാതെ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ബജാജ് ഓട്ടോയും അവരുടെ ഇലക്ട്രിക് മോഡലായ ചേതക് ഇവിയും.

ചേതക് ലൈനപ്പ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് തങ്ങൾ എന്ന് ബജാജ് ഓട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ വ്യക്തമാക്കി. കൂടുതൽ സെഗ്‌മെൻ്റുകൾക്കായി ബജാജ് ഓട്ടോ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടർ പോർട്ട്‌ഫോളിയോ എക്സ്പാൻഡ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു പുതിയ മോഡൽ അവതരിപ്പിക്കാനും ബ്രാൻഡ് കാര്യമായി പദ്ധതിയിടുന്നുണ്ട്.
ഇവികളുടെ സബ്‌സിഡികൾ എടുത്തു കളയാൻ സർക്കാർ പദ്ധതിയിടുന്നു, അതേ തുടർന്ന് വിപണിയിലെ തങ്ങളുടെ മുഖ്യ എതിരാളികളായ ഓലയും ഏഥറും കൂടുതൽ താങ്ങാനാവുന്ന മോഡലുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള എക്‌സ്-ഷോറൂം വിലയിൽ ഒരു മോഡലിനെ ബജാജും എത്തിച്ചേക്കും. വിൽപ്പന കണക്കുകളിൽ കാര്യമായ മുന്നേറ്റം നേടുന്നതിൽ ചേതക് ലൈനപ്പിലെ ഈ പുതിയ വേരിയൻ്റ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ചെലവുകുറഞ്ഞ താങ്ങാനാവുന്ന വേരിയൻ്റുകളിൽ നാം പ്രതീക്ഷിച്ചതുപോലെ, ഒരു ചെറിയ ബാറ്ററി പാക്കും പവർ അല്പം കുറഞ്ഞ മോട്ടോറുമാവും ഉപയോഗിക്കുന്നത്. ബജറ്റ് മോഡലായതിനാൽ കാര്യമായ ഫീച്ചർ ലിസ്റ്റും പ്രതീക്ഷിക്കേണ്ട, ഒരുപക്ഷേ സ്പീഡോമീറ്ററിനായി മോണോക്രോം എൽസിഡി കൺസോൾ കമ്പനി സജ്ജീകരിച്ചിരിക്കാം. ചെലവ് ചുരുക്കലിനായി മറ്റ് നടപടികളും നടപ്പിലാക്കാൻ സാധ്യതയുണ്ട്.
സർക്കാർ സബ്‌സിഡികൾ നീക്കം ചെയ്യുന്നത് തൽക്കാലം ഇവി അഡോപ്ഷൻ നിരക്കിനെ സാരമായി ബാധിച്ചേക്കാം എന്നും ശർമ്മ സൂചിപ്പിച്ചു, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് യഥാർത്ഥത്തിൽ ഒരു നേട്ടമാണ്, കാരണം സീരിയസ് നിർമ്മാതാക്കളും ഗൗരവമുള്ള ഉപഭോക്താക്കളും മാത്രമേ വിപണിയിൽ നിലനിൽക്കൂ. FAME-2 സബ്‌സിഡിക്ക് പകരം ഇലക്‌ട്രിക് മൊബിലിറ്റി പ്രമോഷൻ സ്‌കീം (EMPS) സബ്‌സിഡി വരാൻ പോകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്, ഇത് 2024 ഏപ്രിൽ 1 മുതൽ 2024 ജൂലൈ 31 വരെ ലഭ്യമാകും.

ചേതക് ഇവിയുടെ വരാനിരിക്കുന്ന പുതിയ വേരിയൻ്റ് ഏപ്രിലിലോ മെയ് മാസത്തിലോ കമ്പനി അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിൻ്റെ എക്സ്-ഷോറൂം വില EPMS ഉൾപ്പടെ ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ടിവിഎസ് ഐക്യൂബ്, ഏഥർ 450S, ഓല S1 X തുടങ്ങിയ നിലവിൽ വിപണിയിലുള്ള മറ്റ് താങ്ങാനാവുന്ന ഇ-സ്‌കൂട്ടറുകൾക്കെതിരെ പുതിയ ചേതക് മത്സരിക്കും.


Click it and Unblock the Notifications








