ദീര്‍ഘദൂര ഓട്ടത്തിന് 'മാരത്തണ്‍'; സിഎന്‍ജി ബൈക്കിനിടാന്‍ ബജാജ് കണ്ടുവെച്ച പേരുകള്‍ കൊള്ളാം
ഇന്ത്യയില്‍ വാഹന നാമങ്ങള്‍ക്ക് ട്രേഡ്മാര്‍ക്ക് ചെയ്യുന്നത് ഒരു മത്സര ഇനമായിരുന്നുവെങ്കില്‍ അതില്‍ ഒന്നാം സ്ഥാനം ബജാജ് ഓട്ടോക്ക് ആയിരിക്കും. കാരണം പൂനെ ആസ്ഥാനമായുള്ള കമ്പനി ഇതിനോടകം ഭാവി ഉല്‍പ്പന്നങ്ങള്‍ക്ക് ഇടാന്‍ പാകത്തിന് ഡസനിലേറെ പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്ത് വെച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ നാല് പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുകയാണ് ബജാജ്.
അത് അത്ര പുതുമയുള്ള കാര്യമല്ലെല്ലോ എന്ന് ചിന്തിക്കാന്‍ വരട്ടെ. കാരണം ബജാജ് ഓട്ടോ ഈ വര്‍ഷം ജൂണില്‍ രാജ്യത്തെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. 100 സിസി മുതല്‍ 160 സിസി വരെയുള്ള വിവിധ സെഗ്മെന്റുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത മോട്ടോര്‍സൈക്കിള്‍ പ്രഖ്യാപനം മുതല്‍ക്കേ വാഹന വിപണിയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

ബജാജ് ഇപ്പോള്‍ ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുന്ന നാല് പേരുകളില്‍ ഒന്ന് പുതിയ സിഎന്‍ജി മോഡലിന് ലഭിക്കുമെന്നാണ് സൂചന. ബജാജ് മാരത്തണ്‍, ബജാജ് ഫ്രീഡം, ബജാജ് ഗ്ലൈഡര്‍, ബജാജ് ട്രാക്കര്‍ എന്നീ പേരുകളാണ് ബ്രാന്‍ഡ് ഇപ്പോള്‍ വ്യാപാരമദ്ര ചാര്‍ത്തിയിരിക്കുന്നത്. ഇതില്‍ സിഎന്‍ജി ബൈക്കിന് ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പേര് 'മാരത്തണ്‍' ആണ്. സിഎന്‍ജി പവര്‍ട്രെയിനുമായി വരുന്ന ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഇന്ധനക്ഷമതയാണ്.
ദീര്‍ഘദൂരം സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഇന്ധനക്ഷമത ലഭിക്കുമെന്നതിനുള്ള സൂചനയായി ഒരുപക്ഷേ 'മാരത്തണ്‍' ഉപയോഗിച്ചേക്കാം. സിഎന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഇന്ധനക്ഷമതക്ക് പേരുകേട്ടവ ആയതിനാല്‍ ഈ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനും മികച്ച മൈലേജ് ലഭിക്കും. ടൂവീലറില്‍ 1.20 കിലോഗ്രാം ശേഷിയുള്ള സിഎന്‍ജി സിലിണ്ടര്‍ ആയിരിക്കും ഘടിപ്പിച്ചേക്കുക. ബജാജ് അതിന്റെ സിഎന്‍ജി മോട്ടോര്‍സൈക്കിളില്‍ എത്ര കിലോഗ്രാം ടാങ്ക് നല്‍കുമെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇത് 120 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

'ഫ്രീഡം' എന്ന പേരും സിഎന്‍ജി ബൈക്കിന് ഫിറ്റാകുമെന്ന് തോന്നു. പെട്രോള്‍ ഇന്ധനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്ന അര്‍ത്ഥത്തില്‍ ഇത് ഉപയോഗിച്ചേക്കാനും സാധ്യത കാണുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടൂവീലര്‍ നിര്‍മ്മാതാക്കളെ എടുത്തുനോക്കിയാലും ഏറ്റവുമധികം വ്യാപാരമുദ്രകള്‍ കൈവശം വച്ചിരിക്കുന്ന ബ്രാന്‍ഡാണ് ബജാജ് എന്നത് മറന്ന് പോകരുത്. ഈ പുതിയ നാല് പേരുകള്‍ കൂടാതെ വേറെയും ഒത്തിരി പേരുകള്‍ അവര്‍ സമീപകാലത്ത് ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്.
റേസര്‍, ഹാമര്‍, സ്വിംഗ്, ജെനി, ഫ്രീഡര്‍, കാലിബര്‍, ട്വിന്നര്‍, ന്യൂറോണ്‍, എലഗന്‍സ്, വിന്‍സെന്റ്, ഡാര്‍ക്ക്സ്റ്റാര്‍, പള്‍സര്‍ എലാന്‍, പള്‍സര്‍ എലഗന്‍സ്, ബ്ലേഡ്, ടെക്‌നിക്, ടെക്‌നിക്ക, ഫ്‌ലൂയര്‍, ഫ്‌ളൂര്‍ എന്നിവയാണ് ബജാജ് ഇതിനോടകം വ്യാപാരമുദ്ര ചാര്‍ത്തിയ പേരുകള്‍. മാത്രമല്ല കഴിഞ്ഞ വര്‍ഷം അവര്‍ സിംഗര്‍, ബോംബര്‍, എലിക്‌സിര്‍, ഓറ എന്നീ പേരുകള്‍ കൂടി ചേര്‍ത്ത് ട്രേഡ്മാര്‍ക്ക് ശേഖരം വീണ്ടും വിപുലീകരിച്ചിരുന്നു.

ബജാജിന് ടൂവീലറുകളെ കൂടാതെ ത്രീവീലറുകളുടെ കൂടി വില്‍പ്പനയുള്ളതിനാല്‍ ഇവയില്‍ ചില പേരുകള്‍ മുച്ചക്ര വാഹനങ്ങള്‍ക്ക് നല്‍കാനും സാധ്യതയുണ്ട്. ചേതക് സ്‌കൂട്ടറിലൂടെ ഇവി വിപണിയിലേക്ക് ഇറങ്ങിയ ബജാജ് മറ്റ് ബദല്‍ ഇന്ധനങ്ങളിലും കൈവെക്കുന്നുണ്ട്. സിഎന്‍ജി വാഹനങ്ങള്‍ കൂടാതെ ഫെ്‌ലക്‌സ് ഫ്യൂവലില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ബൈക്കുകളും വൈകാതെ നിരത്തുകള്‍ കീഴടക്കാന്‍ എത്തും.
അടുത്തിടെ നടന്ന എക്‌സ്‌പോകളില്‍ ഇതിന്റെ കണ്‍സെപ്റ്റ് പതിപ്പുകള്‍ ബജാജ് പ്രദര്‍ശിപ്പിച്ചിരുന്നു. ക്ലീനര്‍ ഇന്ധനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ പതിയെ ഐസി എഞ്ചിനുകളോട് വിടചൊല്ലാനാണ് ബജാജിന്റെയും നീക്കമെന്ന് തോന്നുന്നു. സിഎന്‍ജി മോട്ടോര്‍സൈക്കിളിന്റെ കാര്യമെടുത്താല്‍ തുടക്കത്തില്‍ പ്രതിവര്‍ഷം 1 മുതല്‍ 1.20 ലക്ഷം വരെ ബൈക്കുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്.
പിന്നീട് ഇത് രണ്ട് ലക്ഷം യൂണിറ്റായി ഉയര്‍ത്തും. ബജാജിന്റെ ഔറംഗബാദ് പ്ലാന്റിലാണ് സിഎന്‍ജി ബൈക്കിന്റെ ഉത്പാദനം നടക്കുക. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജാജ് സിഎന്‍ജി ബൈക്കിന് ലഭിക്കാന്‍ സാധ്യതയുള്ള പേരുകള്‍ ഞങ്ങള്‍ മുകളില്‍ സൂചിപ്പിച്ച് കഴിഞ്ഞു. ഇതില്‍ ഏറ്റവും അനുയോജ്യമായ പേര് ഏതാണെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നത്. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








