ഒന്ന് അമർത്തിയാൽ പെട്രോളിലും ഓടാം! CNG ബൈക്കിന്റെ ഫ്യുവൽ സ്വിച്ച് വെളിപ്പെടുത്തി പുത്തൻ ടീസറുമായി ബജാജ്
ലോകത്തിലെ ഏറ്റവും വലിയ ടു വീലർ, ത്രീ വീലർ വാഹന വിപണിയാണ് ഇന്ത്യ, ബജറ്റ് കമ്മ്യൂട്ടർ മോഡലുകളാണ് ഇവിടെ ആധിപത്യം പുലർത്തുന്നത്. എന്നാൽ മെക്കാനിക്കൽ അപ്‌ഗ്രേഡുകളുടെ കാര്യത്തിൽ ഈ സെഗ്‌മെൻ്റ് ഒരു സ്തംഭനാവസ്ഥയിലാണ്. അതിനാൽ, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും സെഗ്മെന്റിന്റെ പ്രസക്തി നിലനിർത്തുന്നതിനും ഈ വാഹനങ്ങളെ കൂടുതൽ ഫീച്ചറുകളാൽ നിറയ്ക്കാനുള്ള പരിപാടിയിലാണ് പല പ്രമുഖ നിർമ്മാതാക്കളും. എന്നാൽ മറ്റുള്ളവരേക്കാൾ ഒരു വേറിട്ട ദിശയിലാണ് ബജാജ് ഓട്ടോയുടെ പോക്ക്. വ്യത്യസ്‌തമായ വഴി സ്വീകരിച്ച് ഇന്ത്യൻ വിപണിയിലെ മർമ്മ പ്രധാനമായ മൈലേജിനേയും (ഇന്ധനക്ഷമത) കുറഞ്ഞ പ്രവർത്തനച്ചെലവിനേയും കമ്പനി ഫോക്കസ് ചെയ്യുന്നു.
2024 ജൂലൈ 5 -ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുടെ സാന്നിധ്യത്തിൽ ലോകത്തിലെ ആദ്യത്തെ CNG മോട്ടോർസൈക്കിൾ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അരങ്ങേറ്റത്തിന് മുന്നോടിയായി മോട്ടോർസൈക്കിളിന്റെ ഫ്യുവൽ ചേഞ്ച് സ്വിച്ചും മറ്റും വ്യക്തമാക്കുന്ന ഒരു ടീസറും ബജാജ് ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്.

ഇത് ലോകത്തിലെ തന്നെ ആദ്യത്തെ സെഗ്മെന്റായതിനാൽ, എല്ലാ വശങ്ങളും നന്നായി കവർ ചെയ്യുന്ന വളരെ ശ്രദ്ധയോടെ പ്ലേസ് ചെയ്തിരിക്കുന്ന ഒരു കമ്മ്യൂട്ടർ മോഡലുമായി ഇന്ത്യൻ നിർമ്മാതാക്കൾ വളരെ സേഫായ ഒരു പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബജാജ് CNG ബൈക്ക് മറ്റ് 125 സിസി മോഡലുകൾക്ക് തുല്യമായ ഒരു പ്രീമിയം മോട്ടോർസൈക്കിൾ തന്നെയാണ്.
അതിലുമുപരി, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരു അഡ്വഞ്ചർ മോഡൽ (ADV) -പ്രചോദനവും ഉൾക്കൊണ്ട രൂപകൽപ്പനയാണ് ഇതിൽ നൽകിയിരിക്കുന്നത്. അടുത്തിടെ പുറത്തു വന്ന സ്പൈ ഷോട്ടുകളിൽ കാണുന്നത് പോലെ, ഏകദേശം 5.0 ലിറ്റർ പെട്രോൾ വഹിക്കാൻ കപ്പാസിറ്റിയുള്ള ഒരു സ്റ്റബി ഫ്യുവൽ ടാങ്ക് ഇതിൽ ഉണ്ട്.

കൂടാതെ ബൈക്കിൻ്റെ വീൽബേസിലുടനീളം നീണ്ടുകിടക്കുന്ന ഒരു നീണ്ട സീറ്റും നമുക്ക് കാണാൻ കഴിയും. ഈ നീളമുള്ള സീറ്റിന് താഴെയാണ് ബജാജ് തങ്ങളുടെ CNG ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്, ഈ ടാങ്കും മാന്യമായ 4.0 കിലോ മുതൽ 5.0 കിലോ വരെ CNG ഗ്യാസ് ഉൾക്കൊള്ളാൻ പ്രാപ്തമായിരിക്കും.
സംയോജിതമായി, CNG, പെട്രോൾ ഇന്ധനങ്ങളുടെ കൂട്ടുകെട്ടിൽ ഒരു പരമ്പരാഗത 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ നമുക്ക് വാഗ്ദാനം ചെയ്യുന്ന അതേ മൈലേജ് അല്ലെങ്കിൽ അതിലും ഒരു പിടി കൂടുതൽ നൽകും എന്ന് പ്രതീക്ഷിക്കുന്നു. പെട്രോളിനേക്കാൾ കുറഞ്ഞ ചെലവിൽ ഇത് ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്.

ഇനി ഡിസൈനിന്റെ കാര്യത്തിൽ സിൽവർ നിറത്തിൽ ഹൈലൈറ്റ് ചെയ്‌ത മസ്‌കുലാർ ടാങ്ക് എക്സ്റ്റെൻഷനുകൾ ബൈക്കിൻ്റെ ഹെഡ്‌ലൈറ്റ് ഹൗസിംഗിലേക്കും വ്യാപിക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് മോട്ടോർസൈക്കിളിന് ഒരു ക്ലാസിക് ആകർഷണം നൽകുന്നു, കൂടാതെ കമ്മ്യൂട്ടർ സെഗ്‌മെൻ്റിൽ ഒരു പ്രീമിയം എലമെന്റും ചേർക്കുന്നു. ഹാൻഡിൽബാറിന് ബ്രേസുകളും നക്കിൾ ഗാർഡുകളും ബൈക്കിന് ലഭിക്കുന്നുണ്ട്. കൂടാതെ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും കാണാം. മൊത്തത്തിലുള്ള സീറ്റിംഗും ലേയൗട്ടും ADV സ്റ്റൈലാണ്.
ബജാജ് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഈ CNG മോട്ടോർസൈക്കിളിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. വലിയ സൈഡ് ബോഡി പാനൽ, സ്റ്റൈലിഷ്, മസ്‌കുലാർ ബെല്ലി പാൻ, സ്‌പ്ലിറ്റ് 5 -സ്‌പോക്ക് ഡിസൈനുള്ള അലോയി വീലുകൾ, പില്ലൺ യാത്രക്കാർക്ക് ഫംഗ്‌ഷണൽ ഗ്രാബ് റെയിൽ, റിബഡ് സീറ്റ്, കൺവെൻഷണൽ RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ -ഷോക്ക് സെറ്റപ്പ്, ടയർ ഹഗ്ഗർ എന്നിവയാണ് മോട്ടോർസൈക്കിളിലെ മറ്റ് രസകരമായ ഘടകങ്ങൾ.
ഒപ്പം കളർ ഓപഷനുകളുടെ വിപുലമായ ശ്രേണിയും നമുക്ക് കാണാം. പവർട്രെയിനിൻ്റെ കാര്യത്തിൽ, ബജാജ് 125 സിസി എഞ്ചിനുമായി മുന്നോട്ട് പോകാനാണ് സാധ്യത. CNG പെട്രോളിനേക്കാൾ പെർഫോമെൻസ് കുറവാണ് എന്നതിനാൽ, ബജാജ് CNG ബൈക്ക് 125 സിസി ഉണ്ടെങ്കിലും 100 സിസി ബൈക്കിന് സമാനമായ പ്രകടനം കാഴ്ചവെക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ മികച്ച മൈലേജും കുറഞ്ഞ പ്രവർത്തനച്ചെലവും ഇത് നിശ്ചയമായി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








