പെട്രോള്‍ 15% മതി! നാട്ടില്‍ സംസാരവിഷയമായി ഹോണ്ടയുടെ ഈ പുത്തന്‍ ബൈക്ക്
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024-ല്‍ നിരവധി വാഹന നിര്‍മാതാക്കള്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുകയുണ്ടായി. ഫെബ്രുവരി 01 മുതല്‍ മൂന്ന് വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഇവന്റ് അരങ്ങേറുന്നത്. ഗതാഗത മേഖലയിലെ തങ്ങള്‍ കൊണ്ടുവന്ന പുത്തന്‍ സാങ്കേതികവിദ്യകളും നേട്ടങ്ങളും വാഹന നിര്‍മാതാക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ എക്‌സ്‌പോക്ക് എത്തുന്നവര്‍ക്ക് പുതുമയുടെ സ്പന്ദനം അനുഭവിച്ചറിയാന്‍ സാധിക്കും.
പ്രോഗ്രസീവ് മൊബിലിറ്റി സൊല്യൂഷന്‍സിലെ മുന്‍നിരക്കാരാണ് ജാപ്പനീസ് കമ്പനിയായ ഹോണ്ട. എക്‌സ്‌പോയില്‍ ചില ഉല്‍പ്പന്നങ്ങള്‍ അണിനിരത്തി ഹോണ്ടയും ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ചവെച്ചു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSA), ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ (HEID), ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (HCAIL), ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ് (HIPP) എന്നിവയെല്ലാം എക്‌സ്‌പോയില്‍ പങ്കുചേര്‍ന്നു.

പുതിയ വാഹനങ്ങള്‍ക്ക് പുറമെ പുതിയ സാങ്കേതികവിദ്യകളും ഈ എക്‌സിബിഷനില്‍ ഹോണ്ട അവതരിപ്പിച്ചു.ഷോയില്‍ ഹോണ്ട പവലിയനിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഫ്ലക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിളായിരുന്നു. ഹോണ്ടയുടെ ആദ്യത്തെ ഫ്ലക്സ് ഫ്യുവല്‍ ടൂവീലറാണെന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. മാത്രമല്ല ഇത് ഇന്ത്യന്‍ വിപണിക്ക് മാത്രമായി വികസിപ്പിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. ഗ്രീന്‍ മൊബിലിറ്റിക്കായുള്ള ഹോണ്ടയുടെ സംരംഭമായാണ് ഈ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയുടെ ഇന്ധനമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഫോസില്‍ ഇന്ധനങ്ങളായ പെട്രോള്‍/ഡീസല്‍ എന്നിവയ്ക്ക് പകരം മറ്റുള്ള ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഫ്ലക്‌സ് ഫ്യുവല്‍ വാഹനങ്ങളെയും സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഹോണ്ട തങ്ങളുടെ ആദ്യത്തെ ഫ്ലക്സ് ഫ്യുവല്‍ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ഈ ഹോണ്ട ബൈക്കിന് എഥനോള്‍ അടിസ്ഥാനമാക്കിയുള്ള ഫ്ലക്‌സ് ഫ്യുവലില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഹോണ്ട ഫ്ലക്സ് ഫ്യുവല്‍ ബൈക്കിന് 293.52 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിന് E85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. പ്രധാനമായും എഥനോള്‍ ഇന്ധനത്തില്‍ ഇതിന് ഓടാന്‍ കഴിയുമെന്നാണ് അര്‍ത്ഥമാക്കുന്നത്.
അതായത് വെറും 15% പെട്രോളും ബാക്കി 85% എഥനോളും കലര്‍ത്തിയ ഇന്ധനത്തില്‍ ബൈക്ക് പ്രവര്‍ത്തിക്കും. ഫ്ലക്‌സ് ഫ്യുവല്‍ ബൈക്കിന് പുറമെ മറ്റ് നിരവധി പരിസ്ഥിതി സൗഹൃദവും സുരക്ഷയും അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളുടെ കാര്യത്തിലും ഹോണ്ട പവലിയന്‍ ശ്രദ്ധാകേന്ദ്രമായി. ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യ, അത്യാധുനിക ഹോണ്ട സെന്‍സിംഗ് സാങ്കേതികവിദ്യ, വിപ്ലവകരമായ ഇ-സ്വാപ്പ് ബാറ്ററി സാങ്കേതികവിദ്യ എന്നിവയും ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഹോണ്ട പ്രദര്‍ശിപ്പിച്ചിരുന്നു.

ഇവ മികവുറ്റതും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി ഓപ്ഷനുകളോടുള്ള ഹോണ്ടയുടെ പ്രബദ്ധതയെ അടയാളപ്പെടുത്തുന്നു. ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഹോണ്ട പ്രദര്‍ശിപ്പിച്ച ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചുവെന്നു മാത്രമല്ല വാഹന സാങ്കേതികവിദ്യയുടെ സാധ്യതകളെ കുറിച്ചുള്ള പുത്തന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. പരക്കെ അംഗീകരിക്കപ്പെട്ട E20 പെട്രോളിനപ്പുറത്തേക്ക് കൂടുതല്‍ എഥനോള്‍ കലര്‍ന്ന E85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിന് ബൈക്ക് ഒരുക്കിയ ഹോണ്ട കൈയ്യടി നേടുകയാണ്.
ഹരിത ഗതാഗതത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പലപ്പോഴും വൈദ്യുത വാഹനങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനുള്ള പാതയില്‍ ഇടക്കാല പരിഹാരങ്ങളുണ്ടെന്നാണ് ഹോണ്ട നമുക്ക് കാണിച്ച് തരുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യയും വികസിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഫ്ലക്സ് ഫ്യുവല്‍ സാങ്കേതികവിദ്യ ഒരു കൗതുകകരമായ പരിവര്‍ത്തനമായി നിലകൊള്ളുന്നു.

ഹോണ്ടയെപ്പോലുള്ള കമ്പനികള്‍ പരമ്പരാഗത ഊര്‍ജ്ജത്തില്‍ നിന്ന് ബദല്‍ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തോടൊപ്പം ഉയര്‍ന്നുവരുന്ന ഉത്കണ്ഠ ലഘൂകരിച്ചതായി തോന്നുന്നു. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 വെറുമൊരു എക്‌സ്‌പോ മാത്രമല്ല ഇന്ത്യയുടെ ഗതാഗത മേഖലയെ സംബന്ധിച്ച ഊര്‍ജസ്വലമായ കാഴ്ചപ്പാട് വ്യക്തമാക്കുന്നുവെന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കും.
പരമ്പരാഗത ഇന്ധനത്തിന് ബദലായി നിരവധി ഓപ്ഷനുകള്‍ വരുംകാലങ്ങളില്‍ ഉരുത്തിരിഞ്ഞ് വരും. അടുത്ത സാമ്പത്തിക വര്‍ഷം സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കുകള്‍ പുറത്തിറക്കുമെന്ന് ബജാജ് വ്യക്തമാക്കിയിരുന്നു. ഇവയില്‍ ഫ്ലക്‌സ് ഫ്യുവല്‍ ബൈക്കിനായിട്ടണോ അതോ സിഎന്‍ജി ബൈക്കിനാണോ നിങ്ങള്‍. കാത്തിരിക്കുന്നത്?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








