2 ഹാച്ച്ബാക്കിന്റെ വില വരും! ഇതുവരെ കണ്ടതല്ല, ഇതാണ് ശരിക്കും പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍
ഇലക്ട്രിക് വാഹന രംഗത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള വിഭാഗമാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടേത്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കൊപ്പം പരമ്പരാഗത നിര്‍മാതാക്കളും ഈ സെഗ്‌മെന്റില്‍ പ്രബല സാന്നിധ്യമാണ്. ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ബജാജ്, ഹിറോ വിഡ എന്നിവയാണ് നിലവില്‍ ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകള്‍. ബജറ്റ് വിലയില്‍ തുടങ്ങി പ്രീമിയം പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍ വരെ ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടും. എന്നാല്‍ ഇതൊന്നും പോര തനിക്ക് ഒരു ലക്ഷ്വറി ബ്രാന്‍ഡിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വേണമെന്ന് വിചാരിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബിഎംഡബ്ല്യു മോട്ടോറാഡ് രംഗപ്രവേശനം ചെയ്യുകയാണ്.
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തെ ചൂടുപിടിപ്പിക്കാനായി ബിഎംഡബ്ല്യു മോട്ടോറാഡ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. ലോകപ്രശസ്ത ഇലക്ട്രിക് സ്‌കൂട്ടറായ CE 04 ആണ് ജര്‍മന്‍ ബ്രാന്‍ഡിന്റെ കന്നി ഇവിയായി ലോഞ്ച് ചെയ്യാന്‍ പോകുന്നത്. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ബിഎംഡബ്ല്യു CE 04 ജൂലൈ 14-ന് ഇന്ത്യയില്‍ അരങ്ങേറും. 2022 ഡിസംബറില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ബിഎംഡബ്ല്യു ഇവി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇവി ആരാധകര്‍ ആവേശത്തിലാണ്. മറ്റൊരു കമ്പനിയും ഇതുവരെ നിര്‍മ്മിക്കാത്ത തരത്തിലുള്ള രൂപകല്‍പ്പനയാണ് ബിഎംഡബ്ല്യു ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ബിഎംഡബ്ല്യു പണികഴിപ്പിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ നിന്ന് ഇറങ്ങി വന്ന വാഹനമെന്ന് തോന്നിപ്പിക്കുന്ന ഈ വാഹനം സ്‌കേറ്റ്‌ബോര്‍ഡ് ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്‌കൂട്ടറിന് ചുറ്റുമുള്ള വലിയ ഏപ്രണും ഫ്‌ലാറ്റ് ബോഡി പാനലുകളുമാണ് ഇതിന് ഫ്യൂച്ചറിസ്റ്റിക് ലുക്ക് നല്‍കുന്നത്. ബെഞ്ച് പോലെയുള്ള സീറ്റും ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു ഡിസൈന്‍ ഘടകമാണ്. 41 bhp പവറും 61 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 15kW പെര്‍മനന്റ് മാഗ്‌നറ്റ്, ലിക്വിഡ് കൂള്‍ഡ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറാണ് ബിഎംഡബ്ല്യു CE 04-ന് കരുത്തേകുന്നത്. 8.9 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് സ്‌കൂട്ടര്‍ പവറെടുക്കുന്നത്.

ഒറ്റ ചാര്‍ജില്‍ ഇവി 130 കിലോമീറ്റര്‍ ഓടുമെന്ന് നിര്‍മാതാക്കളായ ബിഎംഡബ്ല്യു അവകാശപ്പെടുന്നു. ബാറ്ററി തീര്‍ന്നാല്‍ ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂര്‍ സമയം കൊണ്ട് 100 ശതമാനം ചാര്‍ജ് ചെയ്യാം. ഓപ്ഷണല്‍ ക്വിക്ക് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജിംഗ് സമയം ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിറ്റായി കുറയ്ക്കാം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഇവിക്ക് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.6 സെക്കന്‍ഡുകള്‍ മതി.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ CE 04-ന് കഴിയും.ബോഡി വര്‍ക്കിന് കീഴില്‍ CE 04-ന് ഒരു സ്റ്റീല്‍ ഡബിള്‍ ലൂപ്പ് ഫ്രെയിം ഉണ്ട്. മുന്‍വശത്ത് സിംഗിള്‍-ബ്രിഡ്ജ് ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ നേരിട്ട് ഹിംഗഡ് സസ്പെന്‍ഷന്‍ സ്ട്രട്ടോടുകൂടിയ സിംഗിള്‍ സൈഡ് സ്വിംഗാര്‍മും ഉണ്ട്. 15 ഇഞ്ച് വീലുകളിലാണ് സ്‌കൂട്ടര്‍ സഞ്ചരിക്കുക. രണ്ടറ്റത്തും 265 mm ഡിസ്‌കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആണ്.

ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ കണക്റ്റിവിറ്റിയും നാവിഗേഷന്‍ വിവരങ്ങളും നല്‍കുന്ന 10.25 ഇഞ്ച് ടിഫ്ടി സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതോടൊപ്പം സ്മാര്‍ട്ട്ഫോണുകള്‍ സൂക്ഷിക്കുന്നതിനുള്ള കമ്പാര്‍ട്ടുമെന്റും നല്‍കിയിട്ടുണ്ട്. വെന്റിലേറ്റഡും വെള്ളം വെള്ളം കയറാത്തതുമാണ് ഇതിലെ സ്‌റ്റോറേജ് കംപാര്‍ട്‌മെന്റ് എന്നതാണ് ശ്രദ്ധേയം. ഇതിന് പുറമെ 'സി' ടൈപ്പ് യുഎസ്ബി ചാര്‍ജറും ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.
എക്കോ, റെയിന്‍, റോഡ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ വരുന്നു. ഇതോടൊപ്പം, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് പ്രോ തുടങ്ങിയ ഫീച്ചറുകളും ഓപ്ഷനല്‍ എക്‌സ്ട്രാസ് ആയി നല്‍കുമെന്ന് പറയപ്പെടുന്നു. CE 04 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, റിവേഴ്സിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു.
ലുക്ക്, പ്രീമിയം ഫീച്ചറുകള്‍, സാങ്കേതിക വശങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ബിഎംഡബ്ല്യു CE 04 നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. രാജ്യത്തെ സമ്പന്നരായ ഇരുചക്ര വാഹനപ്രേമികളെ ഈ മോഡല്‍ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








