ഇനി ക്ലച്ച് പിടിച്ച് കൈ വേദന എടുക്കേണ്ട, ഓട്ടോമേറ്റഡ് ഷിഫ്റ്റ് അസിസ്റ്റൻ്റുമായി ബിഎംഡബ്ല്യു മോട്ടോറാഡ്
കാറിലായാലും ബൈക്കിലായാലും ദൂരയാത്ര പോകുമ്പോഴോ വലിയ ട്രാഫിക് കുരുക്കിൽ കിടക്കുമ്പോഴോ വിചാരിച്ചിട്ടില്ലേ, ഓട്ടോമാറ്റിക്കായിരുന്നു സുഖമെന്ന്. ബിഎംഡബ്ല്യു ഉപഭോക്താക്കളുടെ പ്രാർത്ഥന എന്തായാലും കമ്പനി കേട്ടിരിക്കുകയാണ്. ഏറ്റവും പുതിയ ഓട്ടോമേറ്റഡ് ഷിഫ്റ്റ് അസിസ്റ്റൻ്റ് ഉപയോഗിച്ച് ഗിയർ ഷിഫ്റ്റ് ചെയ്യുന്ന പരമ്പരാഗത രീതി മാറ്റിയിരിക്കുകയാണ്. പുതിയ ഫീച്ചർ റൈഡർമാർക്ക് മാനുവൽ, ഫുൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുടെ സൗകര്യം പ്രദാനം ചെയ്യുകയാണ് ഇതിലൂടെ.
മാനുവൽ ക്ലച്ച് ഓപ്പറേഷൻ്റെ ആവശ്യകത വേണ്ടാത്ത ഹോണ്ട ആഫ്രിക്ക ട്വിൻ ഡിസിടി പോലുള്ള മോഡലുകളിൽ മുമ്പ് കണ്ടിരുന്ന സമാനമായ ഒരു സംവിധാനമാണിത്. ആറ് സ്പീഡ് ട്രാൻസ്മിഷൻ്റെ ക്ലച്ച്, ഗിയർഷിഫ്റ്റ് ഫംഗ്ഷനുകൾ ഓട്ടോമേറ്റ് ചെയ്യുന്ന രണ്ട് ഇലക്ട്രോ മെക്കാനിക്കൽ ആക്യുവേറ്ററുകൾ ഉൾക്കൊള്ളുന്ന ഒരു ഡിസൈൻ ഓട്ടോമേറ്റഡ് ഷിഫ്റ്റ് അസിസ്റ്റൻ്റാണ് പുതിയ മോഡലിൽ ലഭിക്കുന്നത്.

ഒരു ഗിയർഷിഫ്റ്റ് ലിവർ സെൻസർ റൈഡറുടെ ഷിഫ്റ്റ് കമാൻഡുകൾ കൺട്രോൾ യൂണിറ്റിലേക്ക് കൈമാറുകയും, ഇത് പരമ്പരാഗത രീതിയിൽ കാൽ കൊണ്ട് ഓപ്പറേറ്റഡ് ഗിയർഷിഫ്റ്റ് ലിവർ വഴി പ്രവർത്തിപ്പിക്കുന്നു. അധിക സെൻസറുകൾ ട്രാൻസ്മിഷൻ ഇൻപുട്ട് ഷാഫ്റ്റിൻ്റെ വിപ്ലവങ്ങളും ക്ലച്ച് സ്ഥാനവും നിരീക്ഷിക്കുന്നു, ഈ ഡാറ്റ ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റിലേക്ക് (TCU) അയയ്ക്കുകയും എഞ്ചിൻ കൺട്രോൾ യൂണിറ്റുമായി അടുത്ത് കണക്ട് ചെയ്തിരിക്കുന്ന TCU, ക്ലച്ച് ഓപ്പറേഷൻ, ഷിഫ്റ്റ് ആക്ച്വേഷൻ, സ്റ്റാറ്റസ് എന്നിവ കൈകാര്യം ചെയ്യുന്നു.
ബ്രാൻഡിൻ്റെ ഏതൊക്കെ മോഡലിൽ ആയിരിക്കും ഈ സംവിധാനം നൽകുക എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. BMW ൻ്റെ R ലൈൻ അഡ്വഞ്ചർ ബൈക്കുകൾ, റെട്രോ റോഡ്‌സ്റ്ററുകൾ, ക്രൂയിസറുകൾ എന്നിവയിൽ ഈ സംവിധാനം ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്ക് എത്തിക്കുന്ന മോഡലിൽ ഈ സംവിധാനം നൽകുന്ന കാര്യം സംശയമായിരിക്കാനാണ് സാധ്യത.

ബിഎംഡബ്ല്യുവിൻ്റെ ഏറ്റവും കൂടുതൽ ആരാധകരുളള ഒരു മോഡലാണ് BMW K1600B എന്നത്. ബിഎംഡബ്ല്യു കെ1600 ബി ഗ്രാൻഡ് അമേരിക്ക ടൂറർ മോട്ടോർസൈക്കിളിന് 33 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 160 PS പരമാവധി പവറും 180 NM പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 1645 സിസി, 6 സിലിണ്ടർ എൻജിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. മോട്ടോർസൈക്കിൾ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രമീകരിക്കാവുന്ന ഫ്രണ്ട് വിൻഡ്ഷീൽഡ്, ഡ്യുവൽ-ചാനൽ എബിഎസ്, ആൻ്റി-തെഫ്റ്റ് അലാറം, സെൻട്രൽ ലോക്കിംഗ്, സ്റ്റിയറിംഗ് സ്റ്റെബിലൈസർ, ക്രൂയിസ് കൺട്രോൾ, കീലെസ് ഇഗ്നിഷൻ, ഹിൽ ഹോൾഡ്, എക്സ്റ്റേണൽ സ്പീക്കറുകൾ, ഗ്ലൗസ് കമ്പാർട്ട്മെന്റ്, ടോപ്പ് ബോക്സ്, സ്റ്റോറേജ് കംപാർട്ട്മെന്റുകൾ എന്നിവ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു.

തീർച്ചയായും ഇതൊരു മികച്ച ടൂറിംഗ് ബൈക്കാണ്. ഈ കൂറ്റൻ മോട്ടോർസൈക്കിളിന്റെ പ്രധാന എതിരാളികളിലൊന്നാണ് ഹോണ്ട ഗോൾഡ്‌വിംഗ്, ഇത് വർഷങ്ങളായി ലോകമെമ്പാടുമുള്ള ബൈക്കർമാർക്കിടയിൽ ജനപ്രിയമായ വാഹനമാണ്. സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമാണ് ബിഎംഡബ്ല്യു R 1250 GS. ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായാണ് (CBU) ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. X ആകൃതിയിലുള്ള ലൈറ്റ് ഐക്കണുകളോട് കൂടിയ എൽഇഡി അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകളാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം.
പരമാവധി 136 bhp പവറിൽ 143 Nm torque വരെ നൽകുന്ന 1254 സിസി ഇൻ-ലൈൻ ബോക്‌സർ എഞ്ചിനാണ് ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ വലിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), സെറ്റ്-ഓഫ് അസിസ്റ്റന്റ് ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ (HSC പ്രോ), ബിഎംഡബ്ല്യു ഇന്റഗ്രൽ എബിഎസ് പ്രോ എന്നീ സവിശേഷതകളെല്ലാം ബൈക്കിൽ കമ്പനി സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








