ലോകത്തിലെ ഏറ്റവും യോഗ്യനായ 'സിംഗിള്‍'! ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ ഇനി ഇന്ത്യന്‍ നിരത്തുകളില്‍ കാണാം
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ലോകത്തിലെ വിഖ്യാതമായ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഒന്നായ 'ബിഎസ്എ'യെ തിരികെ കൊണ്ടുവന്നു. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവും ബ്രിട്ടീഷ് വ്യാവസായിക പൈതൃകത്തിന്റെ നെടുംതൂണുമായ ബര്‍മിംഗ്ഹാം സ്‌മോള്‍ ആംസ് കമ്പനിക്ക് (ബിഎസ്എ) 1861-ല്‍ സ്ഥാപിതമായത് മുതല്‍ ഇന്നും വലിയ ആരാധകവൃന്ദമുണ്ട്. ബ്രിട്ടീഷ് എഞ്ചിനീയറിംഗിന്റെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആയ ഐക്കണിക് ഗോള്‍ഡ് സ്റ്റാര്‍ 650 എന്ന മോഡലുമായാണ് ബിഎസ്എ ഇന്ത്യയിലേക്ക് റീ എന്‍ട്രി നടത്തിയത്. ഓഗസ്റ്റ് 15-ന് വില പ്രഖ്യാപനത്തോടൊപ്പം ഇന്ത്യയില്‍ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു.
2021-ല്‍ യുകെ വിപണിയിലൂടെയാണ് ഗോള്‍ഡ് സ്റ്റാര്‍ (BSA Gold Star 650) ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയത്. ശേഷം മറ്റ് യൂറോപ്യന്‍ വിപണികളിലും തുര്‍ക്കി, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും വെന്നിക്കൊടി പാറിച്ചു. ഇന്ത്യയില്‍ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650-ക്ക് 2.99 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ പ്രേമികളുടെ മനം കവരാന്‍ ഒരുങ്ങുന്ന മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ബിഎസ്എ ഇപ്പോള്‍.

ഹൈലാന്‍ഡ് ഗ്രീന്‍, ഇന്‍സിഗ്‌നിയ റെഡ്, മിഡ്നൈറ്റ് ബ്ലാക്ക്, ഡോണ്‍ സില്‍വര്‍, ലെഗസി സില്‍വര്‍ ഷീന്‍ എന്നീ നിറങ്ങളില്‍ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 ലഭ്യമാണ്. കളര്‍ ഓപ്ഷന്‍സിന് അനുസരിച്ച് വിലയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്‍സിഗ്നിയ റെഡ്, ഹൈലാന്‍ഡ് ഗ്രീന്‍ കളര്‍ ഓപ്ഷനുകള്‍ 2.99 ലക്ഷം രൂപ വിലയില്‍ ലഭ്യമാകും. അതേസമയം മിഡ്നൈറ്റ്, ഡോണ്‍ സില്‍വര്‍ എന്നിവക്ക് 3.12 ലക്ഷം രൂപയും ഷാഡോ ബ്ലാക്കിന് 3.15 ലക്ഷം രൂപയുമാണ് വില. എക്സ്ഷോറൂം വിലകളാണിത്.
റെട്രോ ശൈലിയിലുള്ള വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ് യൂണിറ്റും മസ്‌കുലര്‍ ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650-യുടെ വിന്റേജ് ആകര്‍ഷണീയതയ്ക്ക് ഊന്നല്‍ നല്‍കുന്നു. മിഡ്-സെറ്റ് ഫൂട്ട്‌പെഗുകളും സിംഗിള്‍ പീസ് സീറ്റും സുഖപ്രദമായ റൈഡിംഗ് പോസ്ചറിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റവും ചങ്കി ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫെന്‍ഡറുകളും മോട്ടോര്‍സൈക്കിളിന്റെ ക്ലാസിക് സൗന്ദര്യശാസ്ത്രത്തെ പൂരകമാക്കുന്നു.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 652 സിസി, 4 വാള്‍വ്, DOHC സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 45 bhp പവറും 4,000 ആര്‍പിഎമ്മില്‍ 55 Nm പീക്ക് ടോര്‍ക്കും നല്‍കും. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഗോള്‍ഡ് സ്റ്റാര്‍ ബൈക്കിന് സാധിക്കുമെന്നാണ് ബിഎസ്എ അവകാശപ്പെടുന്നത്. ഹാര്‍ഡ്വെയര്‍ വശം പരിശോധിച്ചാല്‍ പുതിയ ഗോള്‍ഡ് സ്റ്റാര്‍ 650-ല്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുകളും ഉള്‍ക്കൊള്ളുന്ന ഒരു ക്രേഡ് ഫ്രെയിം ഉപയോഗിക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്.
ട്യൂബ്-ടൈപ്പ് ടയറുകളില്‍ പൊതിഞ്ഞ വയര്‍-സ്‌പോക്ക് വീലിലാണ് ബൈക്ക് ഓടുന്നത്. ഫ്രണ്ടില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍ സൈസ്. 780 mm ആണ് ഈ ബൈക്കിന്റെ സീറ്റ് ഉയരം. പുതിയ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650-ക്ക് 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയും 213 കിലോഗ്രാം ഭാരവുമുണ്ട്. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജര്‍ എന്നിവയടക്കമുള്ള ഫീച്ചറുകളും ബൈക്കില്‍ വരുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-യുടെ എതിരാളിയാണ് ഗോള്‍ഡ് സ്റ്റാര്‍.ഇന്റര്‍സെപ്റ്ററിന്റെ വില 3.03 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.റെട്രോ ഡിസൈനിനൊപ്പം മോഡേണ്‍ എഞ്ചിനീയറിംഗും സമകാലിക സവിശേഷതകളും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 ആകര്‍ഷിക്കും. മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ എന്‍ഫീല്‍ഡിന്റെ കുത്തക ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ ക്ലാസിക് ലെജന്‍ഡ്‌സിന് സാധിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








