എന്‍ഫീല്‍ഡിനെ 'ഫീല്‍ഡ് ഔട്ട്' ആക്കണം! ആ ഇതിഹാസം നാളെ ഇന്ത്യയില്‍ പുനരവതരിക്കുന്നു
ഇന്ത്യയില്‍ ഇന്ന് മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മൃഗീയാധിപത്യമാണ്. 1950-കളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളേക്കാള്‍ പ്രീമിയം ബൈക്ക് എന്ന ഖ്യാതിയുണ്ടായിരുന്നു ബിഎസ്എക്ക്. ജാവ, യെസ്ഡി എന്നീ ഇതിഹാസങ്ങള്‍ക്ക് പിന്നാലെ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് ബിഎസ്എ എന്ന ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡിനെയും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. ഇന്ത്യന്‍ വിപണിയില്‍ ക്ലാസിക് ലെജന്‍ഡ്സ് പുനരുജ്ജീവിപ്പിക്കുന്ന മൂന്നാമത്തെ റെട്രോ ബൈക്ക് കമ്പനിയാണ് ബിഎസ്എ സൈക്കിള്‍സ് എന്ന് കൂടി ശ്രദ്ധിക്കുക. തിരിച്ചുവരവില്‍ കന്നി ഉല്‍പ്പന്നമായ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 നാളെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ക്ലാസിക് ലെജന്‍ഡ്‌സ് ഏറ്റെടെുത്ത ശേഷം ബിഎസ്എ കമ്പനി നേരത്തെ തന്നെ വിദേശ രാജ്യങ്ങളില്‍ ബൈക്കുകളുടെ വില്‍പ്പന ആരംഭിച്ചിരുന്നു. അതിന്റെ ക്ലാസിക് ഡിസൈനിനാല്‍ ജനപ്രിയമായ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ ഇന്ത്യയിലെ റെട്രോ വിഭാഗത്തിലേക്കാണ് പ്രവേശിക്കുന്നത്. ബൈക്കിന്റെ ഡിസൈന്‍ മോഡേണ്‍ ക്ലാസിക് സൗന്ദര്യശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നു. പൈതൃകത്തില്‍ ഉറച്ചുനില്‍ക്കുന്ന ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, നീളമുള്ള സിംഗിള്‍ പീസ് സീറ്റ്, വളഞ്ഞ ഫെന്‍ഡറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ക്രോം ഘടകങ്ങള്‍, വയര്‍-സ്പോക്ക് വീലുകള്‍ എന്നിവയാല്‍ അതിന്റെ വിന്റേജ് സൗന്ദര്യം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ക്രോമിന്റെ വിപുലമായ ഉപയോഗം അതിന്റെ റെട്രോ അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നു. പഴയ ബൈക്കുകളില്‍ ഉണ്ടായിരുന്ന 12 ഫ്യുവല്‍ ടാങ്കിലും പിഷൂട്ടര്‍ എക്സ്ഹോസ്റ്റിലും ബൈക്കിന് ബിഎസ്എ ബാഡ്ജ് ലഭിക്കുന്നു.
ഇന്‍സിഗ്‌നിയ റെഡ്, മിഡ്നൈറ്റ് ബ്ലാക്ക്, ഡോണ്‍ സില്‍വര്‍, ഹൈലാന്‍ഡ് ഗ്രീന്‍, ഷാഡോ ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാകും ബൈക്ക് ഓഫര്‍ ചെയ്യുക. സില്‍വര്‍ ഷീന്‍ നിറത്തില്‍ ഒരു ലെഗസി പതിപ്പും ബ്രാന്‍ഡ് കൊണ്ടുവരും. റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ട്വിന്‍സിനോട് മത്സരിക്കാന്‍ 652 സിസി എഞ്ചിനുമായാണ് പുതിയ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ വരുന്നത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുമ്പോള്‍ ഗോള്‍ഡ്സ്റ്റാറിന് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണുള്ളത്.

45 bhp പവറും 55 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 652 സിസി എഞ്ചിനാണ് ഗോള്‍ഡ് സ്റ്റാറിന് തുടിപ്പേകുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിനേക്കാള്‍ 2.5 bhp പവര്‍ കുറവാണ്. എന്നാല്‍ ടോര്‍ക്ക് 2.7 Nm കുടുതലാണ്. സുഗമമായ ഷിഫ്റ്റിംഗിനായി എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ബിഎസ്എ ഗോള്‍ഡ്സ്റ്റാറിന് 213 കിലോഗ്രാം ഭാരമുണ്ട്.
റോയല്‍ എന്‍ഫീല്‍ഡിന്റെ കുറഞ്ഞ വിലയുള്ള 650 സിസി ബൈക്കായ ഇന്റര്‍സെപ്റ്ററിനേക്കാള്‍ 5 കിലോ കുറവാണ് ഇതിന്റെ ഭാരം. ഹാർഡ്‌വെയർ വശം നോക്കുമ്പോള്‍ ബൈക്കിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളും പിന്തുണയ്ക്കുന്ന തൊട്ടില്‍ ഫ്രെയിമും ഉള്‍പ്പെടുന്നു. ഇത് വയര്‍-സ്പോക്ക് റിമ്മുകളില്‍ സഞ്ചരിക്കുകയും ഫലപ്രദമായ സ്റ്റോപ്പിംഗ് പവറിനായി രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഫീച്ചറുകളിലേക്ക് വന്നാല്‍ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650-യില്‍ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, യുഎസ്ബി ചാര്‍ജര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ അതിന്റെ ക്ലാസിക് ചാം നിലനിര്‍ത്തിക്കൊണ്ട് ബൈക്കിനെ മേഡേണ്‍ ആക്കുന്നു. ഗോള്‍ഡ് സ്റ്റാര്‍ 650-ക്ക് ബിഎസ്എ മത്സരാധിഷ്ഠിത വില നിര്‍ണയം നടത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതിന്റെ വില ഏകദേശം 2.60 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രധാന എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-യുമായി മുട്ടാന്‍ തന്ത്രപരമായ വില നിര്‍ണയം ആവശ്യമാണ്. 3.03 ലക്ഷം രൂപ മുതലാണ് ഇന്റര്‍സെപ്റ്ററിന്റെ വില തുടങ്ങുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഗൃഹാതുരത്വവും മോഡേണ്‍ എഞ്ചിനീയറിംഗും സമന്വയിക്കുന്ന ഈ ഒരു ബൈക്കിന് കില്ലര്‍ പ്രൈസിംഗ് കൂടി നല്‍കിയാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കോട്ടകള്‍ക്ക് വിള്ളല്‍ സംഭവിക്കുമെന്ന് ഉറപ്പാണ്. ഏതായാലും ബൈക്കിന്റെ വിലയറിയാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം കാത്തിരുന്നാല്‍ മതി.


Click it and Unblock the Notifications








