മാറിനിന്നത് ഓല മാത്രം! പ്രമുഖ നിര്‍മാതാക്കള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കൂട്ടിയത് 16000 രൂപ വരെ
മാര്‍ച്ച് 31-ന് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം) II സബ്‌സിഡി സ്‌കീം അവസാനിച്ചതിനാല്‍ രാജ്യത്തെ നിരവധി ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഈ ലേഖനത്തില്‍ വില വര്‍ധിപ്പിച്ച പ്രമുഖ കമ്പനികള്‍ ഏതൊക്കെയാണെന്നും വര്‍ധിപ്പിക്കാത്തത് ആരാണെന്നും വിശദമായി നോക്കാം.
ഇന്ത്യയില്‍ ഇപ്പോള്‍ ഓരോ മാസവും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന കൂടി വരികയാണ്. മുടക്കുമുതല്‍ അല്‍പ്പം കൂടുതലാണെങ്കിലും ഇന്ധനച്ചെലവും മെയിന്റനന്‍സ് കോസ്റ്റും കുറവായത് കാരണമാണ് ഇലക്ട്രിക് ടൂവീലറുകളിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നു. ഇതോടൊപ്പം സബ്‌സിഡിയും ജനങ്ങളെ ഇവികളിലേക്ക് ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 2024 മാര്‍ച്ച് 31-ന് ഫെയിം II സ്‌കീം അവസാനിച്ചതിനാല്‍ കേന്ദ്ര സര്‍ക്കാര്‍പുതിയ ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം (EMPS) കൊണ്ടുവന്നിരുന്നു.

ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഇത് വില്‍പ്പനയെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും വില വര്‍ധനവിന്റെ കാരണം ഫെയിം പദ്ധതി അവസാനിച്ചതാണ്. ഫെയിം II സ്‌കീമില്‍ നിന്ന് വ്യത്യസ്തമായി ഈ പുതിയ ഇഎംപി സ്‌കീമിന് കീഴിലുള്ള സബ്സിഡി ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് 10,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഫെയിം II സ്‌കീമിന് കീഴില്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ വളരെ കുറവാണ്.
ഈ സാഹചര്യത്തിലാണ് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ടൂ വീലര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി, ബജാജ്, ടിവിഎസ്, ഹീറോ വിഡ എന്നിവ വില വര്‍ധനവ് പ്രഖ്യാപിച്ചത്. വില വര്‍ധിപ്പിച്ച കമ്പനികളില്‍ ഏഥറിന്റെ മോഡലുകള്‍ നമുക്ക് ആദ്യമെടുക്കാം. ഏഥര്‍ എനര്‍ജി തങ്ങളുടെ 450 ശ്രേണിയില്‍ വില പരിഷ്‌കരണം നടപ്പാക്കിയിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോഡലാണ 450S. ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 16,000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

അതേസമയം 450X ഇവിയുടെ 2.9kWh വേരിയന്റിന് 3,000 രൂപയുടെ വില വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്. വലിയ 3.7kWh ബാറ്ററി പായ്ക്കുമായി വരുന്ന ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ ഇനി 10,000 രൂപ അധികം മുടക്കണം. അടുത്തിടെ പുറത്തിറക്കിയ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ മാറ്റങ്ങളൊന്നുമില്ല. ഏഥറിന്റെ മോഡല്‍ നിരയിലെ ഏറ്റവും താങ്ങാനാകുന്ന മോഡലാണ് ഈ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍.
അടുത്തതായി നമുക്ക് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് എത്ര രൂപയാണ് കൂടിയതെന്ന് നോക്കാം. ബജാജ് ചേതക് ലൈനപ്പിന് 12000 രൂപ വരെയാണ് വില ഉയര്‍ത്തിയിരിക്കുന്നത്. ചേതക്കിന്റെ കുറഞ്ഞ വിലയുള്ള വേരിയന്റായ അര്‍ബേനിന് ഇനി മുതല്‍ 8000 രൂപ അധികം മുടക്കണം. ചേതക് പ്രീമിയം വേരിയന്റിന് 12,000 രൂപയാണ് കൂടിയത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായ ടിവിഎസ് ഐക്യൂബിനെയും കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ബാധിച്ചിട്ടുണ്ട്. ജനപ്രിയ ഫാമിലി ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ ഇനി 3000 രൂപ കൂടി അധികം കരുതണം. അതേസമയം ഐക്യൂബിന്റെ മുന്‍നിര വേരിയന്റിന് 6000 രൂപയാണ് കൂടിയിരിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ടൂവീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിഡ എന്ന സബ്ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ തുടങ്ങിയത്. നിലവില്‍ വിഡ V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്നത്. രണ്ടിന്റെയും വില ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. V1 പ്ലസിന് 5,000 രൂപയും V1 പ്രോയ്ക്ക് 4,000 രൂപയുമാണ് കൂടിയത്.

എന്നാല്‍ അതിശയകരമായ സംഗതി എന്തെന്നാല്‍ നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണി ഭരിക്കുന്ന ഓല ഇലക്ട്രിക് തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധനവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. എന്നാല്‍ ഏപ്രില്‍ 15-ന് ഓല തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡലായ ഓല S1X-ന്റെ ഡെലിവറി ടൈംലൈന്‍ വെളിപ്പെടുത്തുമെന്നും വില പരിഷ്‌കരിക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതുപോലെ തന്നെ മറ്റൊരു പ്രമുഖ ഇവി നിര്‍മാതാക്കളായ ഒകായ തങ്ങള്‍ പഴയ വിലയില്‍ തന്നെ സ്‌കൂട്ടറുകള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫ്രീഡം, ഫാസ്റ്റ് F2F, ഫാസ്റ്റ് F3, മോട്ടോ ഫാസ്റ്റ്, ഫാസ്റ്റ് F2B, ഫാസ്റ്റ് F2T, ഫാസ്റ്റ് F4 എന്നീ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഒകായ ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നു. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍. ഒകായയുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇപ്പോള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 30000 രൂപ വരെയാണ് ലാഭം.


Click it and Unblock the Notifications








