ടൂവീലര്‍ സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കുക! നിങ്ങള്‍ അറിയാതെ 'നിയമലംഘകര്‍' ആയേക്കാം
ഇന്ന് ഒരു മോട്ടോര്‍സൈക്കിള്‍ എങ്കിലും ഇല്ലാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ കുറവായിരിക്കും. മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ട്രാഫിക് നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും പാലിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. പല റൈഡര്‍മാരും അടിസ്ഥാന നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാല്‍ ചില നിയമങ്ങള്‍ അറിവില്ലായ്മ കൊണ്ടേ അല്ലെങ്കില്‍ കാര്യമായി ഗൗനിക്കാത്തത് കൊണ്ടോ പലരും പാലിക്കുന്നില്ല. മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ ആവശ്യമായ രേഖകള്‍ മുതല്‍ വണ്ടി ഓടിക്കാന്‍ പാടില്ലാത്ത റൂട്ടുകളും വാഹന മോഡിഫിക്കേഷന്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. അത്തരത്തില്‍ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ ആണ് ചുവടെ വിശദീകരിക്കുന്നത്.
അവശ്യ രേഖകള്‍: വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് ഇന്ത്യന്‍ നിരത്തുകളില്‍ നിയമപരമായി വാഹനമോടിക്കാന്‍ അവശ്യ രേഖകള്‍ കൈയ്യില്‍ കരുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. റൈഡര്‍മാര്‍ അവരുടെ ബൈക്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇരുചക്രവാഹന ഇന്‍ഷുറന്‍സ് പോളിസി, മലിനീകരണ നിയന്ത്രണ (പിയുസി) സര്‍ട്ടിഫിക്കറ്റ് എന്നിവ അവരുടെ സവാരി സമയത്ത് എല്ലായ്‌പ്പോഴും കൂടെ കരുതണമെന്നാണ് മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നത്. 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് സവാരി ചെയ്യാന്‍ ഫിറ്റ്നസ് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ഇരുചക്ര വാഹന ഇന്‍ഷൂറന്‍സ്: 1988-ലെ മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ കുറഞ്ഞത് മൂന്നാം കക്ഷി ബാധ്യതകളെങ്കിലും ഈ ഇന്‍ഷുറന്‍സ് പരിരക്ഷിക്കണം. ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ ഈടാക്കാനോ അല്ലെങ്കില്‍ ലൈസന്‍സ് പിടിച്ചെടുക്കാനോ അധികൃതര്‍ക്ക് അധികാരമുണ്ട്.
നിരോധിത പാതകള്‍ ഒഴിവാക്കുക: നിങ്ങള്‍ ഒരു ദീര്‍ഘദൂര യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിക്കപ്പെട്ട എക്സ്പ്രസ് വേകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പൊതുവേ എക്സ്പ്രസ് ഹൈവേകളില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പ്രവേശന വിലക്കുണ്ട്. എന്നാൽ പലരും ഇത് അറിയാതെ ഇത്തരം പാതകളിൽ വണ്ടി കയറ്റിപ്പോകും.

പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ, യമുന എക്‌സ്പ്രസ് വേ, ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേ എന്നിവ ഒഴികെയുള്ള എക്‌സ്പ്രസ് വേകളില്‍ സാധാരണയായി ഇരുചക്രവാഹനങ്ങള്‍ അനുവദിക്കില്ല. ഡല്‍ഹി-ഡെറാഡൂണ്‍, ഗംഗ എക്‌സ്പ്രസ് വേ, മൈസൂര്‍-ബാംഗ്ലൂര്‍ തുടങ്ങിയ പുതിയ എക്‌സ്പ്രസ് വേകള്‍ ഗസറ്റ് വിജ്ഞാപനങ്ങളിലൂടെ ഇരുചക്രവാഹനങ്ങളെ നിരോധിക്കുന്നു. ഇത് ലംഘിച്ചാല്‍ 1,200 രൂപ മുതല്‍ 20,000 രൂപ വരെ പിഴ ഈടാക്കാം.
പിയുസി: സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ്, 1989, ഒരു വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും ഒരു അംഗീകൃത ടെസ്റ്റിംഗ് സെന്ററില്‍ നിന്നുള്ള സാധുവായ മലിനീകരണ നിയന്ത്രണ (പിയുസി) സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നു. പുതുക്കിയ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പിഴയോ വാഹന രജിസ്ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്യാം. അധികം പേരും വണ്ടിയുമായി പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കാത്ത സംഗതികളില്‍ ഒന്നാണിത്.

മോഡിഫിക്കേഷന്‍: വാഹനങ്ങള്‍ രൂപമാറ്റം നടത്തുന്നത് ഇന്ന് ട്രെന്‍ഡാണ്. എന്നാല്‍ 1988-ലെ മോട്ടോര്‍ വാഹന നിയമത്തില്‍ അനുവദനീയവും നിയമവിരുദ്ധവുമായ ആഫ്റ്റര്‍ മാര്‍ക്കറ്റ് മോഡിഫിക്കേഷനുകളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. എഞ്ചിന്‍ ശബ്ദം വര്‍ധിപ്പിക്കുന്ന എക്‌സ്‌ഹോസ്റ്റ് മോഡുകള്‍, ആര്‍ടിഒ അംഗീകാരമില്ലാതെയുള്ള ഘടനാപരമായ മാറ്റങ്ങള്‍, ട്രാഫിക് സേഫ്റ്റി റെഗുലേഷനുമായി പൊരുത്തപ്പെടാത്ത ഓക്സിലറി ലാമ്പുകള്‍ എന്നിവ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകളില്‍ ഉള്‍പ്പെടുന്നു.
വാഹനത്തിന്റെ നിറം മാറ്റാന്‍ ആര്‍ടിഒയുടെ അനുവാദം ആവശ്യമാണ്. എന്നിരുന്നാലും ടോപ്പ് വേരിയന്റ് സ്പെസിഫിക്കേഷനുമായി പൊരുത്തപ്പെടുന്നതിന് ഡീക്കലുകള്‍ ചേര്‍ക്കുന്നതോ വിംഗ്ലെറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോ ടയറുകള്‍ നവീകരിക്കുന്നതോ അനുവദനീയമാണ്. ഈ നിയന്ത്രണങ്ങള്‍ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സുരക്ഷിതമായ റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നു. ഏറ്റവും പുതിയ നിയമങ്ങളെക്കുറിച്ച് എപ്പോഴും അറിഞ്ഞിരിക്കുകയും നിങ്ങളുടെ വാഹന സംബന്ധിയായ രേഖകള്‍ സാധുതയുള്ളതായി സൂക്ഷിക്കുകയും ചെയ്യുക.


Click it and Unblock the Notifications








