ഷോറൂമുകള്‍ കാലിയാക്കുമോ ഫ്ലിപ്പ്കാര്‍ട്ട്? ടൂവീലറുകള്‍ക്കും ഓഫര്‍ ചാകരയുമായി 'ആ ദിവസങ്ങള്‍' വരുന്നു
ഇന്ത്യയില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇന്ന് ഒറ്റ ക്ലിക്കില്‍ നമുക്ക് ഓര്‍ഡര്‍ ചെയ്യാം. കച്ചവടം കൂട്ടാനായി ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ അവരുടെ ഏറ്റവും വലിയ സെയിലുകള്‍ ഉത്സവ സീസണുകളില്‍ നടത്തുക പതിവാണ്. പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് (flipkart big billion days 2024) ഈ മാസം 30 മുതല്‍ ആരംഭിക്കാന്‍ പോകുകയാണ്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 29 മുതല്‍ വില്‍പ്പനയില്‍ ആക്‌സസ് ലഭിക്കും.
കുറഞ്ഞ വിലയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാനുള്ള അവസരം ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഗാഡ്ജറ്റുകള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ വാങ്ങാനായി ബിഗ് ബില്യണ്‍ ഡെയ്‌സ് വരുന്നത് വരെ കാത്തിരിക്കാറുണ്ട്. ഇപ്പോള്‍ അവശ്യ വസ്തുക്കള്‍ കൂടാതെ വാഹനങ്ങളും ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകുന്ന വിവരം ഒട്ടുമിക്കയാളുകള്‍ക്കും അറിയുമായിരിക്കും. മറ്റ് ഉല്‍പ്പന്നങ്ങള്‍ പോലെ തന്നെ ഇരുചക്ര വാഹനങ്ങള്‍ക്കും ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. അതിനെ കുറിച്ച് വിശദമായി നമുക്ക് വായിക്കാം.

ഫ്ലിപ്പ്കാര്‍ട്ട് പ്ലാറ്റ്ഫോം ഇപ്പോള്‍ 700-ലധികം നഗരങ്ങളിലായി വ്യാപിക്കുകയും 12,000 പിന്‍ കോഡുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ആകര്‍ഷകമായ കിഴിവുകള്‍ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക് മറ്റ് ക്യാഷ്ബാക്ക്, ഇഎംഐ ഡീലുകള്‍ക്ക് പുറമേ എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അധിക കിഴിവ് ലഭിക്കുമെന്നതിനാലാണ് ഏറെ പേര്‍ സാധനങ്ങള്‍ വാങ്ങാന്‍ ഈ സമയം തെരഞ്ഞെടുക്കുന്നത്.
ഹീറോ, ബജാജ്, ടിവിഎസ് മോട്ടോര്‍, ഓല ഇലക്ട്രിക്, ബജാജ് ചേതക്, ജാവ, യെസ്ഡി, ഹീറോ വിഡ, ഏഥര്‍ എനര്‍ജി എന്നിങ്ങനെ നിരവധി പ്രമുഖ നിര്‍മ്മാതാക്കളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഇരുചക്രവാഹനങ്ങള്‍ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂട്ടര്‍ ബൈക്കുകള്‍, പ്രീമിയം സ്പോര്‍ട്സ് ബൈക്കുകള്‍, സ്‌കൂട്ടറുകള്‍ എന്ന് തുടങ്ങി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വരെ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഇപ്പോള്‍ വാങ്ങാം.
ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ലാത്ത മോഡലുകള്‍ മുതല്‍ ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് ടൂവീലറുകള്‍ വരെ ഓഫറിലുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2024 ഓഗസ്റ്റില്‍ ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡ് ആറിരട്ടിയോളം ഉയര്‍ന്നതായാണ് ഇ-കൊമേഴ്‌സ് ഭീമന്‍ നിരീക്ഷിച്ചത്. ഇലക്ട്രിക് ടൂവീലറുകള്‍, കമ്മ്യൂട്ടര്‍ ബൈക്കുകള്‍, സ്‌കൂട്ടറുകള്‍, പ്രീമിയം ടൂവീലറുകള്‍ എന്നിവയ്ക്കൊപ്പം വിവിധ സെഗ്മെന്റുകളില്‍ ഈ കുതിച്ചുചാട്ടം പ്രകടമാണ്.
ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രക്രിയ എളുപ്പമാക്കുന്നതിന് ബിഗ് ബില്യണ്‍ ഡെയ്‌സില്‍ ഫ്ലിപ്പ്കാര്‍ട്ട് നിരവധി ഫിനാന്‍സിംഗ് ഓപ്ഷനുകളും അവതരിപ്പിക്കുന്നു. ഫ്ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് നേടിയെടുക്കാം. മറ്റ് ബാങ്കിംഗ് പാര്‍ട്‌നര്‍മാരില്‍ നിന്നുള്ള പ്രത്യേക ഡീലുകളും സൂപ്പര്‍കോയിനുകള്‍ വഴിയുള്ള ലോയല്‍റ്റി റിവാര്‍ഡുകളും സ്വന്തമാക്കാന്‍ അവസരമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ നിരവധി മോഡലുകള്‍ക്ക് വമ്പന്‍ കിഴിവുകള്‍ ലഭ്യമാക്കിയിരുന്നു. 81,005 രൂപ വിലയുള്ള ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC ബൈക്ക് വെറും 70,005 രൂപക്കായിരുന്നു വിറ്റത്. അതുപോലെ, ഹീറോ എക്സ്ട്രീമിന്റെ വില 1,,20,806 രൂപയില്‍ നിന്ന് കുറച്ച് 1,07,806 രൂപയ്ക്ക് ലഭ്യമാക്കി.ഇലക്ട്രിക് ടൂവീലറുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ടായിരുന്നു.
ഒകായ ഫാസ്റ്റ് F4 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 1,17,990 രൂപയായും ആംപിയര്‍ മാഗ്‌നസിന്റെ വില 90,155 ആയും കുറഞ്ഞിരുന്നു. 'ഈ സംരംഭത്തിലൂടെ സമാനതകളില്ലാത്ത സൗകര്യവും സുതാര്യതയും നല്‍കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലായാലും ചെറുപട്ടണങ്ങളില്‍ ആയാലും എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച ഇരുചക്ര വാഹനം എളുപ്പത്തില്‍ കണ്ടെത്താനും വാങ്ങാനും കഴിയുമെന്ന് ഉറപ്പാക്കുന്നു' ഫ്ലിപ്പ്കാര്‍ട്ടിലെ ഇലക്‌ട്രോണിക് വൈസ് പ്രസിഡന്റ് ജഗ്ജിത് ഹരോള്‍ഡ് പറഞ്ഞു.
ഫ്ലിപ്പ്കാര്‍ട്ടിന്റെ ഈ സംരംഭം ഇരുചക്രവാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റുക മാത്രമല്ല, സുസ്ഥിരമായ ഗതാഗത മാര്‍ഗമെന്ന നിലയില്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തെ അടിവരയിടുകയും ചെയ്യുന്നു. ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ വൈവിധ്യമാര്‍ന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ആക്സസ് ചെയ്യാനും വാങ്ങാനും എളുപ്പമാക്കിക്കൊണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് എങ്ങനെ വാഹന വില്‍പ്പന രംഗത്ത് ഒരു പ്രധാന പങ്ക് വഹിക്കാനാകും എന്നതിന് ഫ്ലിപ്പ്കാര്‍ട്ട് ഒരു മാതൃക സൃഷ്ടിക്കുകയാണ്.
നിങ്ങള്‍ ഉത്സവകാലത്ത് ഒരു ഇരുചക്ര വാഹനം വാങ്ങാന്‍ പദ്ധതിയിടുന്ന ആളാണെങ്കില്‍ ഷോറൂമില്‍ പോയി അന്വേഷിക്കുന്നതിനൊപ്പം തന്നെ ഫ്ലിപ്പ്കാര്‍ട്ട് കൂടി ഒന്ന് സന്ദര്‍ശിക്കുക. ആകര്‍ഷകമായ ഓഫറില്‍ നിങ്ങള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ സാധിച്ചേക്കും. ഓണ്‍ലൈനായി വാഹനം വാങ്ങുന്നത് ഒരു ചടങ്ങാണെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ട കാര്യമില്ല. നിങ്ങള്‍ വിരല്‍തുമ്പില്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന അതേരീതിയില്‍ തന്നെ എളുപ്പമാണ് വാഹനങ്ങള്‍ വാങ്ങുന്നതും. അതുകൊണ്ട് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് ആരംഭിക്കുമ്പോള്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.


Click it and Unblock the Notifications








