200 കി.മീ വരെ റേഞ്ചുള്ള ഇവികള്‍ക്ക് 12000 രൂപ വരെ കിഴിവ്; പെട്രോള്‍ സ്‌കൂട്ടറുകള്‍ മറന്നേക്കൂ
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡികള്‍ നല്‍കുന്ന ഫെയിം II പദ്ധതി മാര്‍ച്ച് 31-ന് അവസാനിച്ചിരിക്കുകയാണ്. ഇടക്കാലത്തേക്കുള്ള സബ്‌സിഡി സ്‌കീമാണ് നിലവിലുള്ളത് എന്നതിനാല്‍ തന്നെ പല ഇവി നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ വില വര്‍ധനവിന് ഇടയിലും വില കുറച്ച് വ്യത്യസ്തരാകുകയാണ് ഇന്ത്യന്‍ കമ്പനിയായി ജെമോപായ്.
ആസ്ട്രിഡ് ലൈറ്റ്, റൈഡര്‍, റൈഡര്‍ സൂപ്പര്‍മാക്സ്, മിസോ എന്നിങ്ങനെ നാല് വ്യത്യസ്ത ഇലക്ട്രിക് ഇരുചക്ര വാഹന മോഡലുകളാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. ഇവയില്‍ അസ്ട്രിഡ് ലൈറ്റ്, റൈഡര്‍, റൈഡര്‍ സൂപ്പര്‍മാക്സ് എന്നീ മോഡലുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ക്യാഷ്ബാക്കിന്റെ രൂപത്തിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി ഇ-സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാന്‍ പോകുന്നത്. അത് നമുക്ക് വിശദമായി നോക്കാം.

ഇലക്ട്രിക് വാഹനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കി എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ജെമോപായ് പുതിയ ക്യാഷ്ബാക്ക് കൊണ്ടുവരിക വഴി ചെയ്യുന്നത്. കൂടുതല്‍ റേഞ്ച്, മികച്ച രൂപകല്‍പ്പന, മെയിന്റനന്‍സ് കുറവ്, ഉയര്‍ന്ന ലോഡിംഗ് ശേഷി എന്നിവയാണ് കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രത്യേകതയായി പറയുന്നത്. വില കുറയ്ക്കുക വഴി ഓല ഇലക്ട്രിക്. ടിവിഎസ്, ബജാജ് ചേതക്, ഏഥര്‍ എനര്‍ജി എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് സാധിക്കും.
പുത്തന്‍ വിലകളിലേക്ക് വിശദമായി കടക്കുമ്പോള്‍ 1,11,195 രൂപയ്ക്ക് വിറ്റിരുന്ന റൈഡര്‍ ഇപ്പോള്‍ 99,195 രൂപയ്ക്ക് ലഭ്യമാണ്. 79,999 രൂപ വിലയുണ്ടായിരുന്ന ആസ്ട്രിഡ് ലൈറ്റിന്റെ വില ഇപ്പോള്‍ 69,999 ആയി കുറഞ്ഞിരിക്കുന്നു. 70,850 രൂപയ്ക്ക് വിറ്റിരുന്ന റൈഡര്‍ സൂപ്പര്‍-മാക്സ് മോഡലിന് ഇപ്പോള്‍ 59,850 രൂപ മുടക്കിയാല്‍ മതി. വായനക്കാരുടെ അറിവിലേക്കായി ഈ സ്‌കൂട്ടര്‍ മോഡലുകളെ ചെറുതായി ഒന്ന് പരിചയപ്പെടുത്താം.

ആസ്‌ട്രൈറ്റ് ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ മൂന്ന് വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. 1.7 KW, 2.16 KW, 2.88 KW ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇവ വരുന്നത്. മികച്ച റേഞ്ചാണ് ഇതിന്റെ പ്രത്യേകതകളില്‍ ഒന്ന്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 90 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മാത്രമല്ല ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്പോര്‍ട്സ്, സിറ്റി, ഇക്കണോമി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
2400 വാട്ട് ഇലക്ട്രിക് മോട്ടോര്‍ തുടിപ്പേകുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു. സെന്‍ട്രല്‍ ലോക്ക്, യുഎസ്ബി, ഡിജിറ്റല്‍ കളര്‍ സ്‌ക്രീന്‍, കീലെസ് എന്‍ട്രി, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍ തുടങ്ങി നിരവധി ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

റൈഡര്‍ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് വന്നാല്‍ ഇത് ഒരു ലോ സ്പീഡ് ഇവിയാണ്. ഇത് ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതയുള്ള ഇവികള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും ആവശ്യമില്ല. 1.7KW, 2.16KW, 2.88KW. ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.
ഫുള്‍ ചാര്‍ജില്‍ 90 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെയാണ് റൈഡിംഗ് റേഞ്ച്. ഫ്രണ്ട്, റിയര്‍ വീല്‍ ഹൈഡ്രോളിക് സസ്പെന്‍ഷന്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, കീലെസ് റൈഡ്, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍ എന്നീ ഫീച്ചറുകളാണ് ഇതില്‍ വരുന്നത്.
ജെമോപായ് പുറത്തിറക്കുന്ന സാങ്കേതികവുറ്റ ഏറ്റവും നൂതനമായ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണ് റൈഡര്‍ സൂപ്പര്‍ മാക്‌സ്. ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. ആന്റി തെഫ്റ്റ് അലാറം, ലൈവ് ട്രാക്കിംഗ്, 150 കിലോഗ്രാം ലോഡ് കപ്പാസിറ്റി, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സെല്‍ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ വരുന്നുണ്ട്.
ജെമോപായ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 3 സൗജന്യ സര്‍വീസ്, ബാറ്ററിക്ക് 3 വര്‍ഷം വാറണ്ടി, മോട്ടോറിനും കണ്‍ട്രോളറിനും 2 വര്‍ഷത്തെ വാറണ്ടി എന്നിവ ലഭിക്കുന്നുവെന്നതും ശ്രദ്ധിക്കുക. മികച്ച ഫീച്ചറുകളും റേഞ്ചുമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫര്‍ കൊണ്ടുവന്നത് കമ്പനിയുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








