ഹിമാലയന്റെ പെട്ടിയിലെ അവസാനത്തെ ആണി അടിക്കാൻ ഹീറോ; 400 സിസി എക്സ്പൾസ് ഇതാ
ഇന്ത്യൻ വിപണിയിൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഹിമാലയൻ ഒരു വിലസു വിലസിയിരുന്ന കാലത്തായിരുന്നു എക്സ്പൾസുമായി ഹീറോയുടെ വരവ്, 200 സിസി ലൈറ്റ് അഡ്വഞ്ചർ മോഡൽ ഒരു ഇൻസ്റ്റന്റ് ഹിറ്റായിരുന്നു. ഹിമാലയന്റെ സ്വര്യവിഹാരത്തിന് ഒരു കനത്ത തിരിച്ചടിയും, എന്നിരുന്നാലും എഞ്ചിൻ കപ്പാസിറ്റിയുടേയും മറ്റ് ഫീച്ചറുകളുടേയും ബലത്തിൽ റോയൽ എൻഫീൽഡ് ഇതുവരെ വലിയ തട്ടുകേടില്ലാതെ പോരുകയായിരുന്നു, എന്നാൽ അതു കൂടെ വെട്ടിപ്പിടിച്ച് ഹിമാലയന് ചെക്ക്മേറ്റ് പറയാനുള്ള പുറപ്പാടിലാണ് ഹീറോ. ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2024 -ൽ ഹീറോ മോട്ടോകോർപ് ഇതിനായി എക്സ്പൾസ് 421 കൺസെപ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്.
മോട്ടോർസൈക്കിളിൻ്റെ ഔദ്യോഗിക ഡിസൈൻ സ്കെച്ച് നിർമ്മാതാക്കൾ പങ്കുവെച്ചു, അത് വാഹനത്തിൻ്റെ സ്വഭാവത്തെക്കുറിച്ചും DNA -യെക്കുറിച്ചും ഒട്ടനവധി വിവരങ്ങൾ നൽകുന്നു. എക്സ്പൾസ് 210, എക്സ്ട്രീം 250R, കരിസ്മ 250, വിഡ Z ഇ-സ്‌കൂട്ടർ എന്നിങ്ങനെ നാല് പുതിയ മോഡലുകൾ EICMA 2024 -ൽ ഹീറോ ഇതിനകം തന്നെ അനാവരണം ചെയ്തിട്ടുണ്ട്.
പുറത്തു വരുന്ന ഡിസൈൻ സ്കെച്ച് അനുസരിച്ച്, ഹീറോ എക്സ്പൾസ് 421 കൺസെപ്റ്റ് ഒരു പുതിയ ഡിസൈൻ ഫിലോസഫിയെ സപ്പോർട്ട് ചെയ്യുന്ന ഒരു പുതിയ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളത് ആണെന്ന് തോന്നുന്നു. EICMA -ൽ തന്നെ പുറത്തിറക്കിയ എക്സ്പൾസ് 210 -മായി ഇതിന് സാമ്യമില്ല എന്നത് ഒറ്റനോട്ടത്തിൽ മനസിലാവും.
മൊത്തത്തിൽ മെലിഞ്ഞ ശരീരപ്രകൃതിയും ആകൃതിയുമുള്ള എക്സ്പൾസ് 421 -ന് സാമാന്യമായ ഉയരവുമുണ്ട്. എക്‌സ്‌പൾസ് 421 കൺസെപ്റ്റിൻ്റെ വികസന വേളയിൽ നിർമ്മാതാക്കൾ ഡാക്കാർ റാലി റൈഡർമാരിൽ നിന്ന് നിരവധി നിർദ്ദേശങ്ങൾ പരിഗണിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ വെളിപ്പെടുത്തിയ എക്സ്പൾസ് 421 -ൻ്റെ പ്രൊഡക്ഷൻ -റെഡി മോഡൽ, ഈ ഡിസൈൻ സ്കെച്ചുകളിൽ കാണുന്ന കൺസെപ്റ്റ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി കാണപ്പെട്ടേക്കാം.

എക്‌സ്‌പൾസ് 421 കൺസെപ്‌റ്റിൻ്റെ സൈഡ് പ്രൊഫൈൽ ഡ്യുക്കാട്ടി മൾട്ടിസ്‌ട്രാഡയുടെ ഒരു വ്യൂവും സാമ്യവും നൽകുന്നു. ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ മികച്ചതായി കാണപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, അതിനാൽ എക്സ്പൾസ് 421 അതിന്റെ ഒരു മിനി പതിപ്പായി വന്നേക്കാം. പ്രീമിയം മോട്ടോർസൈക്കിൾ കൈയ്യിൽ ഒതുങ്ങാത്തവർക്ക് ഇത് ഒരു ആശ്വാസമായേക്കാം.
ഒരു വലിയ വിൻഡ്‌സ്‌ക്രീൻ, നക്കിൾ ഗാർഡുകൾ, ഒരു വലിയ TFT ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയാണ് എക്സ്പൾസ് 421 -ൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന ചില എണ്ണപ്പെട്ട ശ്രദ്ധേയമായ സവിശേഷതകൾ. അത് കൂടാതെ മോട്ടോർസൈക്കിളിൽ ധാരാളം പ്രീമിയം ഫീച്ചറുകളും ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
മെക്കാനിക്കലായി, ഹീറോ എക്സ്പൾസ് 421 -ന് കരുത്തേകുന്നത് പുതിയ 421 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് പെട്രോൾ എഞ്ചിനാണ്. ഈ യൂണിറ്റ് 40-45 bhp മാക്സ് പവർ 45 Nm പീക്ക് ടോർക്ക് എന്നീ പവർ ഔട്ട്‌പുട്ടുകൾ പുറപ്പെടുവിച്ചേക്കാം. ഈ എഞ്ചിൻ ഒരു സ്ലിപ്പർ, അസിസ്റ്റ് ക്ലച്ച് എന്നിവയ്‌ക്കൊപ്പം ആറ് -സ്പീഡ് ട്രാൻസ്മിഷൻ ഓപ്ഷനുമായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
ഹീറോ മോട്ടോകോർപ്പ് അടുത്ത 18 മാസത്തിനുള്ളിൽ എക്‌സ്‌പൾസ് 421 -നെ പുറത്തിറക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനാൽ 2026 -ന് മുമ്പ് ഇന്ത്യൻ വിപണിയിൽ ഇത് ലോഞ്ച് ചെയ്യില്ല എന്ന സൂചന നൽകുന്നു. ഇന്ത്യയിൽ വരാനിരിക്കുന്ന ടിവിഎസ് ADV മോട്ടോർസൈക്കിൾ, റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ R എന്നിവയുമായി ഹീറോ എക്സ്പൾസ് 421 ഇന്ത്യൻ വിപണിയിൽ കൊമ്പുകോർക്കും.
എക്സ്പൾസ് 421 -ന് മൊത്തത്തിൽ ഒരു പുതിയ സെഗ്‌മെൻ്റ് സൃഷ്ടിക്കാൻ കഴിയും എന്നും കമ്പനി വളരെ ശക്തമായി വിശ്വസിക്കുന്നു. ഇത് 2023 -ൽ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്യാൻ പ്ലാനിട്ടിരുന്നു എങ്കിലും ചില മെക്കാനിക്കൽ പ്രശ്‌നങ്ങൾ കാരണം അത് സംഭവിച്ചില്ല എന്നാണ് റിപ്പോർട്ട്.
എന്നിരുന്നാലും, ബ്രാൻഡ് ഇപ്പോൾ എല്ലാം വേണ്ട രീതിയിൽ ക്രമീകരിച്ചു മൊത്തത്തിൽ സജ്ജമാണ് എന്ന് തോന്നുന്നു, അതിനാലാവും എക്സ്പൾസ് 421 കൺസെപ്റ്റ് ഇപ്പോൾ വെളിപ്പെടുത്തിയത്. ഇന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ കെൽപ്പുള്ള ഒരു മോഡലാണിത് എന്ന് ഇപ്പോൾ തന്നെ പറയാം. ഇതിനെ ചെറുക്കാൻ റോയൽ എൻഫീൽഡ് എന്താണ് കരുതി വെച്ചിരിക്കുന്നത് എന്നതും നമുക്ക് കണ്ടറിയാം.


Click it and Unblock the Notifications








