ഹിമാലയൻ കട്ടപ്പുറത്ത് ഇരിക്കുമോ? പുത്തൻ ഹൃദയവുമായി ഹീറോയുടെ ജനപ്രിയ അഡ്വഞ്ചർ ബൈക്ക്
ഇന്ത്യൻ വിപണിയിൽ ഹീറോയ്ക്ക് കാര്യമായ ഒരു ഡിമാൻഡ് നേടിക്കൊടുത്ത ഒരു മോഡലാണ് ഹീറോ എക്സ്പൾസ് എന്ന് നിസംശയം പറയാം. കാര്യമായ വമ്പൻ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാതെ എക്സ്പൾസ് ഇത്രത്തോളം കാലം പിടിച്ചു നിന്നു, അഞ്ച് വർഷത്തോളം എയർ/ ഓയിൽ -കൂൾഡ് എഞ്ചിൻ ഉപയോഗിച്ചുള്ള എക്സ്പൾസിൻ്റെ വിജയകരമായ യാത്രയ്ക്ക് ഇപ്പോൾ ഹീറോ ഒരു വിരാമമിട്ടിരിക്കുകയാണ്. അടുത്തിടെ വിപണിയിൽ എത്തിയ കരിസ്മ XMR -ൽ നിന്നുള്ള ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉപയോഗിച്ച് ഹീറോ അതിൻ്റെ ജനപ്രിയ ഓഫ്-റോഡർ മോഡലിന് ഒരു അപ്പ്ഡേറ്റ് നൽകിയിരിക്കുകയാണ്.
EICMA 2024 ഷോയിലാണ് ഹീറോ തങ്ങളുടെ അപ്പ്ഡേറ്റഡ് എക്സ്പൾസ് 210 -നെ ആദ്യമായി പ്രദർശിപ്പിച്ചത്. ജനപ്രിയ ഓഫ് -റോഡ് മോഡലിനൊപ്പം, പുതിയ എക്സ്ട്രീം 250R, കരിസ്മ 250 എന്നിവയും ഹീറോ പുറത്തിറക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇവ എല്ലാം തന്നെ ബ്രാൻഡിന്റെ ഇന്ത്യൻ മോഡൽ നിരയിൽ ഒരു വമ്പൻ അഴിച്ചുപണി നടത്തുകയും നിർമ്മാതാക്കൾക്ക് കൂടുതൽ മെച്ചം നൽകും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

നിലവിൽ വിപണിയിലുള്ള എക്സ്പൾസ് 200 -നേക്കാൾ എക്സ്പൾസ് 210 -ൻ്റെ ഏറ്റവും വലിയ മാറ്റം എന്നത് തീർച്ചയായും കരിസ്മ XMR -ൽ നിന്നുള്ള പുതിയ എഞ്ചിൻ യൂണിറ്റ് തന്നെ ആണ്. എന്നിരുന്നാലും, ഇവിടെ എഞ്ചിൻ പുറപ്പെടുവിക്കുന്ന പവർ & ടോർക്ക് ഔട്ട്പുട്ട് കണക്കുകൾക്ക് അല്പം മാറ്റമുണ്ട്.
കരിസ്മയിൽ ഈ എഞ്ചിൻ യൂണിറ്റ് 25.5 bhp പവറാണ് പുറപ്പെടുവിക്കുന്നത്, എന്നാൽ എക്സ്പൾസ് 210 മോഡലിൽ പവർ എന്നത് 24.6 bhp ആണ്, ഇത് ഒരല്പം താഴ്ന്നതാണ്. എന്നാൽ ഇരു മോഡലുകളിലും പീക്ക് ടോർക്ക്, 20.7 Nm എന്ന നിലയിൽ ഒന്നുതന്നെയായി തുടരുന്നു.

എക്സ്പൾസ് 210 കാഴ്ചയിൽ ഒറ്റ നോട്ടത്തിൽ കുഞ്ഞൻ 200 മോഡലിന് സമാനമാണ്, എന്നാൽ ചില മാറ്റങ്ങളുമുണ്ട്. പുതിയ പെയിൻ്റ് സ്കീമുകളാണ് മറ്റൊരു വലിയ മാറ്റം എന്ന് വിശേഷിപ്പിക്കാവുന്നത്. 210 മോഡലിലെ സൂക്ഷ്മമായ വ്യത്യാസങ്ങളിൽ അടുത്തത് ടാങ്കിൽ നിന്ന് റൈഡറുടെ സീറ്റിലേക്കുള്ള ഷാർപ്പ് ഡിപ്പ് ഉൾപ്പെടുന്നു, മുൻ മോഡൽ 200 -ൻ്റെ ടാങ്ക് ഏതാണ്ട് ഒരു ഡേർട്ട്ബൈക്ക് ശൈലി പോലെ സീറ്റിലേക്ക് ഒഴുകി എത്തുന്നതാണ്.
സസ്‌പെൻഷൻ സജ്ജീകരണവും മികവുറ്റതാണ്, ഫ്രണ്ടിൽ 210 mm ട്രാവലും പിന്നിൽ 205 mm ട്രാവൽ വരുന്ന യൂണിറ്റുകൾ ആണ്. കൂടാതെ ഇപ്പോൾ എക്സ്പക്ൾസിന് സ്വിച്ചബിൾ ABS സംവിധാനവും വരുന്നു. ഒരു ഓഫ്റോഡ് ട്രാക്ക് അല്ലെങ്കിൽ പാതയിലൂടെ വിട്ടു പായുമ്പോൾ ഇവ രണ്ടും ഉപയോഗപ്രദമാകും എന്ന കാര്യത്തിൽ തർക്കമില്ല. വാഹനത്തിന്റെ മുൻവശത്ത് 21 ഇഞ്ച് വീലുകളും, പിൻവശത്ത് 18 -ഇഞ്ച് യൂണിറ്റുകളുമാണ് വരുന്നത്, ഇത് അതിൻ്റെ ഓഫ്-റോഡ് സാഹചര്യങ്ങൾക്ക് മികച്ചതാണ്.

അതോടൊപ്പം ഒരു പുതിയ 4.2 ഇഞ്ച് TFT ഡാഷും എക്സ്പൾസ് 210 -ൽ ഹീറോ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് ഒരു ഓഫ് -റോഡ് സ്പെക്ക് ബൈക്കിനെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ കാര്യമാണ്. എക്സ്പൾസ് 210 സമീപഭാവിയിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നിലവിൽ, എക്സ്പൾസ് 200 -ന് 1.47 ലക്ഷം മുതൽ 1.55 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്, അപ്പ്ഡേറ്റ് ചെയ്ത് എത്തുന്ന 210 മോഡലിന് ഉയർന്ന വിലയുണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല. കൂടാതെ നിലവിലെ എക്സ്പൾസ് പോലെ, 210 -നും ഒരു റാലി കിറ്റ് ഓഫർ ഉണ്ടായിരിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








