ജൂലൈ അത്ര 'ജോളിയാകില്ല'; ഹീറോ ടൂവീലര്‍ വാങ്ങുന്നുണ്ടെങ്കില്‍ ഈ മാസം ആയിക്കോട്ടെ...
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. രാജ്യത്തെ ടൂവീലര്‍ വിപണിയിലെ നമ്പര്‍ വണ്‍ ആണ് ഹീറോ മോട്ടോകോര്‍പ്പ്. ഓരോ മാസവും ലക്ഷക്കണക്കിന് ഹീറോ ടൂവീലറുകളാണ് ഷോറൂമില്‍ നിന്നിറങ്ങുന്നത്. എന്നാല്‍ നിങ്ങള്‍ ഒരു ഹീറോ മോട്ടോര്‍സൈക്കിളോ സ്‌കൂട്ടറോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പ് വാങ്ങുക. കാരണം 2024 ജൂലൈ 1 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ നിരയില്‍ തിരഞ്ഞെടുത്ത ഇരുചക്ര വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതൊക്കെ മോഡലുകളെയാണ് ഇത് ബാധിക്കുകയെന്ന് നിര്‍മ്മാതാവ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹീറോ സ്പ്ലെന്‍ഡര്‍, ഹീറോ പാഷന്‍, ഹീറോ ഗ്ലാമര്‍ തുടങ്ങിയ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചില ഓപ്ഷനുകള്‍ ഉള്‍പ്പെടെ വില വര്‍ധനവ് ബാധിക്കും. ബ്രാന്‍ഡില്‍ നിന്നുള്ള മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം കമ്പനി ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്.

1,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നും എന്നാല്‍ കൃത്യമായ തുക ഓരോ മോഡലിനും വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താന്‍ വേണ്ടിയാണ് വില വര്‍ധിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് കമ്പനി വിശദീകരിച്ചു.സ്‌കൂട്ടറുകളേക്കാള്‍ ഹീറോക്ക് വില്‍പ്പന നേടിക്കൊടുക്കുന്നത് മോട്ടോര്‍സൈക്കിളുകളാണ്.
സ്‌പ്ലെന്‍ഡര്‍ പ്ലസ്, HF ഡീലക്‌സ്, HF 100, പാഷന്‍ ഡെക്സ്റ്റ്, പാഷന്‍ XTEC, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ XTEC, ഗ്ലാമര്‍, ഗ്ലാമര്‍ XTEC, എക്‌സ്ട്രീം 125, എക്‌സ്ട്രീം 160R 4v, എക്‌സ്പള്‍സ് 200 4 V, എക്‌സ്പള്‍സ് 200T 4V, എക്‌സ്ട്രീം 160R, മാവ്‌റിക്ക് 440 എന്നിവയാണ് ഹീറോയുടെ മോട്ടോര്‍സൈക്കിള്‍ ലൈനപ്പിലുള്ളത്. ഡെസ്റ്റിനി പ്രൈം, ഡെസ്റ്റിനി 125 XTEC, സൂം, പ്ലഷന്‍+ XTEC എന്നിവ സ്‌കൂട്ടര്‍ നിരയില്‍ ഉള്‍പ്പെടുന്നു.

സൂം 110 സ്‌കൂട്ടറിനായി ഹീറോ അടുത്തിടെ ഒരു പുതിയ സ്‌പെഷ്യല്‍ എഡിഷന്‍് അവതരിപ്പിച്ചിരുന്നു. 80,967 രൂപയാണ് പുതിയ ഹീറോ സൂം കോംബാറ്റ് എഡിഷന്റെ എക്‌സ്‌ഷോറൂം വില. ജെറ്റ് യുദ്ധവിമാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ഗ്രാഫിക്‌സ് ഇതില്‍ വരുന്നു. സൂം ZX വേരിയന്റിനെ അപേക്ഷിച്ച് പുതിയ സൂം കോംബാറ്റിന് ഏകദേശം 1,000 രൂപ മാത്രമാണ് അധിക ചെലവ് വരുന്നത്.
മെയ് മാസത്തില്‍ ഇന്ത്യയില്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ ഇടിവ് നേരിട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കുന്ന ഹീറോക്ക് മെയ് മാസത്തില്‍ വില്‍പ്പന ഏഴ് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2024 മെയ് മാസത്തില്‍ 479,450 യൂണിറ്റായിരുന്നു ഹീറോയുടെ വില്‍പ്പന. 2023 മെയ് മാസത്തില്‍ ഇത് 508,309 യൂണിറ്റായിരുന്നു. മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ വില്‍പ്പനകളില്‍ കുറവ് പ്രകടമാണ്.

2023 മെയ് മാസത്തില്‍ 30,138 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് 26937 യൂണിറ്റായിരുന്നു കഴിഞ്ഞ മെയിലെ സ്‌കൂട്ടര്‍ വില്‍പ്പന. 2024 മെയില്‍ 471186 യൂണിറ്റായിരുന്നു മോട്ടോര്‍സൈക്കിള്‍ വില്‍പ്പന. അതേ സമയം ഒരു വര്‍ഷം മുമ്പ് ഇതേമാസം 489336 യൂണിറ്റ് വില്‍ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കയറ്റുമതിയില്‍ വര്‍ധനവുണ്ട്. 2023 മെയ് മാസം 11,165 യൂണിറ്റായിരുന്നു കയറ്റുമതി. എന്നാല്‍ കഴിഞ്ഞ മാസം 18,673 യൂണിറ്റുകള്‍ കപ്പല്‍ കയറ്റി അയക്കാന്‍ സാധിച്ചു.
ഹീറോയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച ഡിമാന്‍ഡാണ്. എന്നാല്‍ പ്രൈസ് സെന്‍സിറ്റീവായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇടക്കിടെയുണ്ടാകുന്ന വില മാറ്റത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. മണ്‍സൂണ്‍ കാരണം വില്‍പ്പനയില്‍ ഉണര്‍വുണ്ടാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (എഫ്എഡിഎ) പ്രവചിച്ചിരുന്നു. ഹീറോയുടെ ചുവട് പിടിച്ച് മറ്റ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ വില കൂട്ടുമോ എന്ന കാര്യം ഉറപ്പില്ല. നാമമാത്രമായ വില വര്‍ധനവായതിനാല്‍ അത് വില്‍പ്പനയെ ബാധിച്ചേക്കില്ലെന്നാണ് നിര്‍മാതാക്കളുടെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications








