ഹീറോ സ്‌പ്ലെന്‍ഡര്‍ ഇത്ര വേഗം ഇലക്ട്രിക്കായോ? ഇന്ത്യ കാത്തിരിക്കുന്ന ഇലക്ട്രിക് ബൈക്ക്!
ലോകത്താകമാനം ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയിലേക്കുള്ള പരിവര്‍ത്തനം നടന്ന് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തും ഇവികള്‍ക്ക് പ്രത്യേകിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രചാരമേറുകയാണ്. എങ്കിലും ഇന്നും നമ്മുടെ നിരത്തുകള്‍ കൈയ്യടി വെച്ചിരിക്കുന്നത് ഐസി എഞ്ചിന്‍ ടൂവീലറുകളാണ്. ഇന്ന് വിപണിയിലെ ബെസ്റ്റ് സെല്ലേഴ്‌സായ പല മോഡലുകളും ഇലക്ട്രിക് രൂപത്തില്‍ കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ അതത്ര എളുപ്പമല്ല. ഇന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റിലെ രാജാവാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. അതുകൊണ്ട് തന്നെ സാധാരണക്കാരായ പലരും സ്‌പ്ലെന്‍ഡര്‍ ഇലക്ട്രിക് അവതാരമെടുക്കുന്നത് കാണാനായി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ നിന്ന് ചില്ല പ്രത്യേകതകളുള്ള ഒരു സ്‌പ്ലെന്‍ഡര്‍ ബൈക്ക് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായത്. ടീം ബിഎച്ച്പിയുടെ സൈറ്റിലാണ് സ്‌പ്ലെന്‍ഡറിന്റെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്നത്.

എന്നാല്‍ സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ ഇലക്ട്രിക് പതിപ്പ് ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്നും അതിന്റെ പരീക്ഷണ ഓട്ടം ദ്രുതഗതിയില്‍നടക്കുന്നുണ്ടെന്നുമാണ് ഈ ഫോട്ടോ കണ്ട പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് സത്യമല്ല. ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റുകള്‍ വില്‍ക്കുന്ന കമ്പനിയാണ് GoGo A1. ഹീറോ സ്‌പ്ലെന്‍ഡറില്‍ ഈ കമ്പനി നടത്തുന്ന പരീക്ഷണ ഓട്ടമാണ് ഇതെന്നാണ് സൂചന.
നിങ്ങള്‍ ഒരു ഇലക്ട്രിക് വാഹനം ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്ന ആളാണെങ്കില്‍ രണ്ട് വഴികളുണ്ട്. ഒന്നാമത്തേത് നിലവില്‍ വിപണിയിലുള്ള ഒത്തിരി ഓപ്ഷനുകളില്‍ നിന്ന് ഒരു പുതിയ ഇലക്ട്രിക് വാഹനം വാങ്ങാമെന്നതാണ് അത്. ഇലക്ട്രിക് സ്‌കൂട്ടറുകളോ ബൈക്കുകളോ ഏതാണ് വേണ്ടതെങ്കില്‍ ഒന്ന് തെരഞ്ഞെടുക്കാം. ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഘടിപ്പിച്ച് നിലവിലുള്ള ഐസി എഞ്ചിന്‍ വാഹനങ്ങള്‍ ഇവിയാക്കി മാറ്റുന്നതാണ് രണ്ടാമത്തെ ഐഡിയ.

ഇത്തരത്തില്‍ പെട്രോള്‍ സ്‌കൂട്ടറുകളും ബൈക്കുകളും ഇവിയാക്കി മാറ്റുന്ന കണ്‍വേര്‍ഷന്‍ കിറ്റുകള്‍ നല്‍കുന്ന കമ്പനിയാണ് GoGo A1. ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എന്നിവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഈ കമ്പനി വില്‍ക്കുന്നു. ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്കിന് പറ്റിയ ഒരു പുതിയ ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റ് വികസിപ്പിക്കാനുള്ള പ്രക്രിയയിലാണ് GoGo A1 എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ ഭാഗമായാണ് കമ്പനി സ്‌പ്ലെന്‍ഡര്‍ ബൈക്ക് പൂനെ നഗരത്തിലൂടെ പരീക്ഷണയോട്ടം നടത്തിയത്. ബൈക്കിന്റെ ടെസ്റ്റിംഗിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. പുതിയ ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റ് എപ്പോള്‍ വില്‍പ്പനക്കെത്തുമെന്നോ വില എത്രയായിരിക്കുമെന്നോ എന്ന കാര്യങ്ങളെ കുറിച്ച് യാതൊരു അറിവുമില്ല. അനുയോജ്യമായ സമയത്ത് GoGo A1 തന്നെ ഈ വിവരങ്ങള്‍ പുറത്തുവിടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സ്‌പ്ലെന്‍ഡറിലേക്ക് മടങ്ങി വന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൂവീലര്‍ മോഡലുകളില്‍ ഒന്നാണിത്. നിരവധി ഐസി എഞ്ചിന്‍ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകള്‍ ഇതിനോടകം ഇന്ത്യന്‍ വിപണിയുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. വിവിധ ഐസി എഞ്ചിന്‍ കാറുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ ഇതിനകം തന്നെ ഇന്ത്യന്‍ വിപണി കീഴടക്കിയവയാണ്. ടാറ്റ മോട്ടോര്‍സിന്റെ നെക്‌സോണ്‍, ടിയാഗോ ഇവികള്‍ ഉദാഹരണം. ഏറ്റവും ഒടുവിലായി ജനപ്രിയ മോഡലുകളില്‍ ഒന്നായ പഞ്ചിനെയും ടാറ്റ ഇലക്ട്രിക് കുപ്പായമണിയിച്ചു.
ഇതേ മാതൃകയില്‍ ഹീറോ തങ്ങളുടെ ജനപ്രിയ ടൂവീലറുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നതിനായി കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് വരുന്ന കമ്പനിയുടെ ആരാധകര്‍. സ്‌പ്ലെന്‍ഡറിനെ പോലെ തന്നെ സ്‌കൂട്ടര്‍ സെഗ്‌മെന്റിനെ നയിക്കുന്ന ഹോണ്ട ആക്ടിവ് ഇതേ മാതൃകയില്‍ ഇവിയായി രൂപാന്തരം പ്രാപിക്കാന്‍ പോകുകയാണ്. അമീപ മാസങ്ങളില്‍ തന്നെ ആക്ടിവ ഇലക്ട്രിക് ഹോണ്ട അവതരിപ്പിക്കാന്‍ പോകുകയാണ്.

ഭാവിയുടെ ഇന്ധനം വൈദ്യുതി ആയതിനാലും ഇവികള്‍ക്ക് പ്രചാരമേറുന്ന സാഹചര്യത്തിലും കൂടുതല്‍ പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കള്‍ കളംമാറ്റി ചവിട്ടുകയാണ്. ജാപ്പനീസ് കമ്പനിയായ സുസുക്കി ബര്‍ഗ്മാന്‍ സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഇ-ബര്‍ഗ്മാന്റെ പ്രോട്ടോടൈപ്പ് ഏതാനും മാസങ്ങള്‍ക്ക് മു്‌മ്പേ സുസുക്കി അവതരിപ്പിച്ചിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഹീറോ ഇലക്ട്രിക് സ്‌പ്ലെന്‍ഡര്‍ പോലൊരു കള്‍ട്ട് ക്ലാസിക് മോഡലിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയാല്‍ രാജ്യത്തെ ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റിന് അത് മുതല്‍ക്കൂട്ടാകും.
നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇലക്ട്രിക് ബൈക്ക് വില്‍പ്പന വളരെ കുറവാണ്. സ്‌പ്ലെന്‍ഡര്‍ ഇലക്ട്രിക്കിനെ കുറിച്ച് പക്ഷേ ഹീറോ ഇതുവരെ ഉള്ളുതുറന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ മോഡല്‍ വരുമോ ഇല്ലയോ എന്ന് തുറന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും നമുക്ക് ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാം.


Click it and Unblock the Notifications








