ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കിട്ടൂല! ഇനിയും മടിച്ച്‌നില്‍ക്കുന്നതെന്തിന്...
ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗം അനുദിനം വളര്‍ന്ന് കൊണ്ടിരിക്കെ ഹീറോ മോട്ടോകോര്‍പ്പ് വിഡ V1 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വീണ്ടും ആരംഭിച്ചു. ഈ പുതിയ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില എന്താണെന്നും ഇതിന്റെ സുപ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്നുമാണ് നമ്മള്‍ ചുവടെ വായിക്കാന്‍ പോകുന്നത്.
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. പ്രതിമാസം ഏകദേശം 5 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഹീറോ കമ്പനി വില്‍ക്കുന്നത്. ഹീറോ സ്പ്ലെന്‍ഡര്‍ എന്ന കമ്മ്യൂട്ടര്‍ ബൈക്ക് മാത്രം പ്രതിമാസം ശരാശരി 2 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് നേടുന്നത്. എന്നിരുന്നാലും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ഹീറോ മോട്ടോര്‍കോര്‍പ്പ് ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് ചുവടുവെച്ചു.

ഹീറോ ഇലക്ട്രിക് എന്ന പേരില്‍ മറ്റൊരു കമ്പനി നിലവിലുള്ളതിനാല്‍ 'വിഡ' എന്ന സബ് ബ്രാന്‍ഡിന് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനായിരുന്നു തീരുമാനം. 2022 ഒക്ടോബറില്‍ V1 എന്ന പേരില്‍ വിഡ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി. വിഡ V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഹീറോ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.
എന്നാൽ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ V1 പ്ലസ് വേരിയന്റിന്റെ വില്‍പ്പന ഹീറോ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ 2024 വിഡ V1 പ്ലസിലൂടെ ഈ മോഡല്‍ പുനരവതരിപ്പിച്ചിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും 1.15 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. സ്‌കൂട്ടറിന്റെ ചാര്‍ജറും സബ്‌സിഡിയും ഉള്‍പ്പെടെയുള്ള വിലയാണിത്.

ഈ പ്രൈസ് റേഞ്ചില്‍ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, സിമ്പിള്‍ ഡോട്ട് വണ്‍ എന്നിവയ്ക്കൊപ്പം ഏഥര്‍ 450S, ഓല S1 എയര്‍, ഓല S1 X+ എന്നീ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ V1 പ്ലസിന് സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം II സബ്സിഡി കിഴിച്ച് 1.15 ലക്ഷം രൂപയാണ് വിഡ V1 പ്ലസ് സ്‌കൂട്ടറിന്റെ വില.
വിവിധ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രഭരണ പ്രദേശങ്ങളും നല്‍കുന്ന സബ്സിഡികള്‍ കൂടി ചേര്‍ത്താല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഇനിയും കുറയും. അങ്ങനെ നോക്കുമ്പോള്‍ V1 പ്ലസിന് ഇതിനകം വില്‍പനയിലുള്ള വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിനേക്കാള്‍ ഏകദേശം 30,000 രൂപ കുറച്ച് മുടക്കിയാല്‍ മതി. ഡല്‍ഹി നിവാസികള്‍ക്ക് വിഡ V1 പ്ലസ് 97,800 രൂപക്ക് കിട്ടും.
ഇലക്ട്രിക് മൊബിലിറ്റി വേഗത്തില്‍ സ്വീകരിക്കുന്നവരുടെ ഭാരം കുറയ്ക്കാനാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സബ്‌സിഡികള്‍ നല്‍കുന്നത്. ഹീറോ വിഡ V1 പ്ലസും ടോപ് സ്‌പെക് V1 പ്രോയും സീറ്റിംഗ് എര്‍ഗണോമിക്‌സും സ്‌റ്റൈലിംഗ് സൂചകങ്ങളും പങ്കിടുന്നു. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ഉള്‍പ്പെടെയുള്ള സാങ്കേതിക സവിശേഷതകളുടെ കാര്യത്തില്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല. മണിക്കൂറില്‍ 80 കിലോമീറ്ററാണ് രണ്ട് സ്‌കൂട്ടറുകളുടെയും പരമാവധി വേഗത.
ബാറ്ററി ശേഷിയുടെ കാര്യത്തിലാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. താങ്ങാവുന്ന വിലയില്‍ കിട്ടുന്ന V1 പ്ലസ് ഇവിയില്‍ 3.44 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഇത് 100 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം V1 പ്രോ സ്‌കൂട്ടറിന് അല്‍പ്പം വലിയ 3.94 kWh ബാറ്ററി പായ്ക്കാണ് പവര്‍ ചെയ്യുന്നത്. ഒറ്റചാര്‍ജില്‍ ഇത് 110 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് അവകാശവാദം.
എന്നാല്‍ ഈ രണ്ട് സ്‌കൂട്ടറുകളിലും ഒരേ ശേഷിയുള്ള 6 kW ഇലക്ട്രിക് മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. വിഡ V1 ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയപ്പോള്‍ ഈ മോഡലിന് വിനയായത് ഉയര്‍ന്ന വിലയായിരുന്നു. വില കൂടുതലുള്ള പ്രീമിയം സ്‌കൂട്ടറുകളോട് സാധാരണക്കാര്‍ മുഖംതിരിക്കാന്‍ തുടങ്ങിയതോടെ ഹീറോയും ഓലയുടെയും ഏഥറിന്റെയും പാത സ്വീകരിക്കുകയായിരുന്നു. താങ്ങാവുന്ന വിലയില്‍ ഇന്ത്യയില്‍ ഒട്ടാകെ സര്‍വീസ് ശൃംഖലയുള്ള ഒരു ബ്രാന്‍ഡ് ഇവി വിപണിയില്‍ എത്തിക്കുമ്പോള്‍ സാധാരണക്കാര്‍ ഷോറൂമിലേക്ക് ഒഴുകുമെന്നാണ് ഹീറോയുടെ പ്രതീക്ഷ.


Click it and Unblock the Notifications








