യൂത്തിന്റെ പള്‍സറിഞ്ഞ് ഹീറോ! വെറും 1.67 ലക്ഷത്തിന് പുതിയ അഡ്വഞ്ചര്‍ ബൈക്ക് വിപണിയില്‍
ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മോട്ടോര്‍ റാലി റേസുകളില്‍ ഒന്നാണ് ഡാകര്‍ റാലി. ഡാകര്‍ 2024 റാലി 2 ക്ലാസില്‍ വിജയിയായി മലയാളിയായ ഹരിത് നോഹ ഇക്കൊല്ലം ജനുവരിയില്‍ ചരിത്രനേട്ടം കുറിച്ചിരുന്നു. ഡാകര്‍ റാലിയിലെ മുന്‍നിര ടീമുകളില്‍ ഒന്നാണ് ഹീറോ. കഴിഞ്ഞ വര്‍ഷം റോസ് ബ്രാഞ്ചിലൂടെ ഡാകറില്‍ പോഡിയം അലങ്കരിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമായി ഹീറോ മോട്ടോ സ്‌പോര്‍ട്‌സ് മാറിയിരുന്നു. അടുത്ത ഡാകര്‍ റാലി ഉടന്‍ അരങ്ങേറാന്‍ പോകുകയാണ്. അതിന് മുന്നോടിയായി രാജ്യത്തെ നമ്പര്‍ 1 ടൂവീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് പുതിയ എക്‌സ്പള്‍സ് 200 4V പ്രോ ഡാകര്‍ എഡിഷന്‍ പുറത്തിറക്കി.
സ്റ്റാന്‍ഡേര്‍ഡ് എക്‌സ്പള്‍സ് 200-നേക്കാള്‍ കൂടുതല്‍ ഓഫ്-റോഡ് ശേഷിയും മൊഞ്ചുമുള്ളതാക്കി മാറ്റാന്‍ ഹീറോ എക്‌സ്പള്‍സ് 200 ഡാകര്‍ എഡിഷന്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ ഹീറോ എക്‌സ്പള്‍സ് 200 4V പ്രോ ഡാകര്‍ എഡിഷന്‍ 1.67 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ദൃശ്യപരമായ മാറ്റങ്ങളില്‍ നിന്ന് നമുക്ക് തുടങ്ങാം. ഈ ബൈക്കിന്റെ ബോഡി പാനലുകള്‍ സാധാരണ എക്‌സ്പള്‍സ് 200 4V-ക്ക് സമാനമാണ്. എന്നാല്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന് ഡാകര്‍ റാലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലിവറി ലഭിക്കുന്നു. ഡാകര്‍ ലോഗോയുടെ വലിയ സ്റ്റിക്കര്‍ ഫ്യുവല്‍ ടാങ്കില്‍ പതിച്ചിട്ടുണ്ട്. കൂടാതെ, സൈഡ് പാനലുകളില്‍ ഹീറോയുടെ പ്രത്യേക ഗ്രാഫിക്‌സും കാണാം. ഈ ലിവറി ബൈക്കിന് സവിശേഷമായ റേസിംഗ് ലുക്കും നല്‍കുന്നു.
ഇത് ഓഫ് റോഡ് റൈഡിംഗ് പ്രേമികളെ ആകര്‍ഷിക്കും. ഹീറോ എക്‌സ്പള്‍സ് 200 4V പ്രോ ഡകാര്‍ പതിപ്പിന് മികച്ച ഓഫ്-റോഡിംഗിനായി നിരവധി മെക്കാനിക്കല്‍ അപ്‌ഡേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് 250 mm ട്രാവലുള്ള ഫുള്ളി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍. അതിനാല്‍ ഏറ്റവും ദുഷ്‌കരമായ റോഡുകളില്‍ പോലും ഈ ബൈക്കിന് സുഖമായി ഓടാനാകും. ഇതുകൂടാതെ അതിന്റെ 270 mm ഗ്രൗണ്ട് ക്ലിയറന്‍സ് ദുര്‍ഘടമായ റോഡുകളിലൂടെയുള്ള യാത്രയെ കൂടുതല്‍ മികച്ചതാക്കുന്നു.

ബൈക്കിന് റോഡ്, ഓഫ്‌റോഡ്, റാലി എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളും (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ എബിഎസ് ലെവല്‍ കസ്റ്റമൈസ് ചെയ്യാന്‍ ഇതുവഴി റൈഡര്‍ക്ക് സാധിക്കും. ഇത് ബൈക്കിന്റെ ബ്രേക്കിംഗ് പ്രകടനവും സുരക്ഷയും മെച്ചപ്പെടുത്തുന്നു. എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റാലി-സ്‌റ്റൈല്‍ വിന്‍ഡ്ഷീല്‍ഡ്, ക്ലോസ്ഡ് നക്കിള്‍ ഗാര്‍ഡുകള്‍, ലഗേജ് പ്ലേറ്റ്, യുഎസ്ബി ചാര്‍ജര്‍ എന്നിവയാണ് ബൈക്കിലെ മറ്റ് സവിശേഷതകള്‍. ദീര്‍ഘദൂര യാത്രകളില്‍ ഈ ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമതയും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നു.
എക്‌സ്പള്‍സ് 200 4V ഡാകര്‍ എഡിഷന്റെ എഞ്ചിന്‍ മാറ്റമില്ലാതെ തുടരുന്നു. 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ എക്‌സ്പള്‍സ് 200 4V ഡാകര്‍ എഡിഷന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 18.9 bhp പവറും 17.35 Nm ടോര്‍ക്കും സൃഷ്ടിക്കും. കൃത്യവും സൗകര്യപ്രദവുമായ ഷിഫ്റ്റിംഗ് നല്‍കുന്നതിനായി ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

എക്‌സ്പള്‍സ് 200 ഡാകര്‍ എഡിഷനില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണമാണുള്ളത്. ഇത് അതിവേഗ സവാരിയിലും ബുദ്ധിമുട്ടുള്ള റോഡുകളിലും പോലും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു. ഈ ബൈക്കിന് 21 ഇഞ്ച് ഫ്രണ്ട് വീലും 18 ഇഞ്ച് പിന്‍ വീലും ഉണ്ട്. സ്‌പോക്ക് വീലുകളാണിത്. ഓഫ് റോഡ് റൈഡിംഗില്‍ ബൈക്കിന് സ്ഥിരതയും മികച്ച ഗ്രിപ്പും നല്‍കുന്നു.
ഹീറോ എക്‌സ്പള്‍സ് 200 4V പ്രോ ഡകാര്‍ എഡിഷന്റെ ബുക്കിംഗ് ഇന്ന് (ഡിസംബര്‍ 18) മുതല്‍ ആരംഭിക്കും. ഉടന്‍ തന്നെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കും. ഓഫ്-റോഡ് ശേഷിയുള്ള സ്‌റ്റൈലിഷും കരുത്തുറ്റതുമായ ബൈക്ക് തിരയുന്നവര്‍ക്ക് ഇത് ഒരു മികച്ച ഓപ്ഷനായിരിക്കും. താങ്ങാവുന്ന വിലയില്‍ ഓഫ് റോഡിംഗ് ബൈക്ക് തേടുന്ന നിങ്ങളുടെ സുഹൃത്തിനോ ബന്ധുവിനോ ഇത് അയച്ച് കൊടുക്കൂ.


Click it and Unblock the Notifications








