പൈസ റെഡിയല്ലേ... 102 കി.മീ റേഞ്ചുള്ള ആക്ടിവ ഇലക്ട്രിക് ഈ തീയതി മുതല്‍ ബുക്ക് ചെയ്യാം
നമ്മുടെ രാജ്യത്ത് നിലവില്‍ ഒത്തിരി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉണ്ട്. ഓരോ ദിവസവും പുത്തന്‍ ലോഞ്ചുകള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുന്നു. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് പുറമേ പരമ്പരാഗത വാഹന നിര്‍മാതാക്കളും ഈ രംഗത്തേക്ക് കടന്ന് വന്നതോടെ മത്സരം കടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ഇരുചക്ര വാഹന വിഭാഗത്തിലെ രാജാക്കന്‍മാരാണെങ്കിലും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇവി വിഭാഗത്തിലേക്ക് അല്‍പ്പം വൈകിയാണ് ചുവടുവെച്ചത്. എന്നാല്‍ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് മാത്രം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ഇരട്ടി മധുരമായി രണ്ട് മോഡലുകള്‍ ഹോണ്ട അവതരിപ്പിച്ചു. ഈ സ്‌കൂട്ടറുകളുടെ ബുക്കിംഗ്, ഡെലിവറി ടൈംലൈനുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അത് വിശദമായി നോക്കാം.
2023-24ല്‍ 45.30 ലക്ഷം സ്‌കൂട്ടറുകളും മോട്ടോര്‍സൈക്കിളുകളും വില്‍ക്കുകയും 3.63 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഹോണ്ട ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ്. തങ്ങളുടെ ഏറ്റവും മികച്ച മോഡലായ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പുമായി കമ്പനി ഇവി വിഭാഗത്തില്‍ കൂടി കാലൂന്നുകയാണ്. ആക്ടിവയുടെ തന്നെ ബോഡിയും ഫ്രെയിമും അടിസ്ഥാനമാക്കിയാണ് ഹോണ്ട ആക്ടിവ ഇ നിര്‍മിച്ചിരിക്കുന്നത്.

ഡിസൈനിന്റെ കാര്യത്തില്‍ ഹോണ്ട ആക്ടിവ ഇലക്ട്രിക്കിന് മുന്നിലും പിന്നിലും എല്‍ഇഡി കോമ്പിനേഷന്‍ ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളുമാണ് ലഭിക്കുക. ആര് കണ്ടാലും സ്വന്തമാക്കാന്‍ മോഹിക്കുന്ന ഡിസൈന്‍ ഇവിക്ക് ലഭിക്കുന്നു. പേള്‍ ഷാലോ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, പേള്‍ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നിങ്ങനെ 5 നിറങ്ങളിലും ആക്ടിവ ഇവി ലഭ്യമാവും.
22 Nm പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 6kW പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ആക്ടിവ ഇ വരുന്നത്. ആക്ടിവ ഇ: ഏകദേശം 102 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇത് സഞ്ചരിക്കും. പവര്‍ പാക്ക് എക്സ്ചേഞ്ചര്‍ എന്ന് വിളിക്കുന്ന സ്വാപ്പിംഗ് സ്റ്റേഷനുകളില്‍ നിന്ന് മാറാവുന്ന ബാറ്ററികളുമായാണ് മോഡല്‍ വരുന്നത്.

ഈ സ്റ്റേഷനുകള്‍ ഇതിനകം ബെംഗളൂരുവിലും ഡല്‍ഹിയിലും പ്രവര്‍ത്തനസജ്ജമാണ്. താമസിയാതെ മുംബൈയിലും ഇവ ആരംഭിക്കും. കര്‍ണാടക തലസ്ഥാന നഗരിയില്‍ ഇപ്പോള്‍ ഏകദേശം 88 ബാറ്ററി സ്വാപ്പിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടെന്നാണ് കമ്പനി പറയുന്നത്. സ്വാപ്പബിള്‍ ബാറ്ററിയുള്ള മറ്റ് കമ്പനി ഉപയോക്താക്കള്‍ക്കും ഈ സ്‌റ്റേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
1.5 kWh ഫിക്‌സഡ് ബാറ്ററി പായ്ക്കാണ് ഹോണ്ട QC1 -ന് കരുത്തേകുന്നത്. 80 കിലോമീറ്റര്‍ റൈഡിംഗ് റേ വാഗ്ദാനം ചെയ്യുന്നത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയാന്‍ ഏകദേശം ഏഴ് മണിക്കൂര്‍ സമയമെടുക്കും. 1.8 kW പീക്ക് പവര്‍ ഉത്പാദിപ്പിക്കുന്ന ഒരു ഹബ് മോട്ടോറിന് ബാറ്ററി പവര്‍ നല്‍കുന്നു. മണിക്കൂറില്‍ 50 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. 0-40 kmph വേഗത കൈവരിക്കാന്‍ 9.4 സെക്കന്‍ഡ് മതി.

ഇരു സ്‌കൂട്ടറുകളും 99 ശതമാനം പ്രദേശികവല്‍ക്കരണത്തോടെയാണ് നിര്‍മിക്കുന്നത്. പ്രാദേശിക വിതരണക്കാരില്‍ നിന്ന് ബാറ്ററിയടക്കം വാങ്ങുന്നതിനാല്‍ ഈ സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ വരുമെന്ന് പ്രതീക്ഷിക്കാം. മനേസര്‍ (ഹരിയാന), ആൾവാർ (രാജസ്ഥാന്‍), നര്‍സാപുര (കര്‍ണാടക), വിത്തലാപൂര്‍ (ഗുജറാത്ത്) എന്നീ നാല് ഫാക്ടറികളാണ് ഹോണ്ടക്ക് ഇന്ത്യയിലുള്ളത്. പ്രതിവര്‍ഷം 6.2 ദശലക്ഷമാണ് ഇവയുടെ നിര്‍മാണ ശേഷി. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നര്‍സാപുര ഫാക്ടറിയിലാകും നിര്‍മ്മിക്കുക.
ഇന്ത്യയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഹോണ്ടക്ക് നിലവില്‍ പ്ലാനില്ല. ആദ്യ വര്‍ഷം രണ്ട് ഇലക്ട്രിക് വാഹന മോഡലുകളുടെയും ഏകദേശം 1 ലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി ഹോണ്ട ആക്ടിവ ഇ, QC1 എന്നിവ ഘട്ടംഘട്ടമായാണ് പുറത്തിറക്കുക. ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നീ മെട്രോ നഗരങ്ങളിലായിരിക്കും ആക്ടിവ ഇ ആദ്യം വില്‍പ്പനക്കെത്തും.
രാജ്യത്തുടനീളം ഹോണ്ടക്ക് 6,000-ത്തിലധികം സെയില്‍സ് ആന്‍ഡ് സര്‍വീസ് ടച്ച് പോയിന്റുകളുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഹോണ്ട പ്രത്യേക ശൃംഖല ഉണ്ടാക്കുന്നില്ല. ഹോണ്ടയുടെ റെഡ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും പുതിയ ഇവികള്‍ വില്‍ക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പ്രത്യേക കോര്‍ണറിലായിരിക്കും ഇവ പ്രദര്‍ശിപ്പിക്കുക. ജനുവരി 1 മുതല്‍ പുതിയ ഇവികളുടെ ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി മുതലായിരിക്കും ഡെലിവറി തുടങ്ങുക.


Click it and Unblock the Notifications








