ആക്ടിവ ഇലക്ട്രിക് ഇത്രയും കുറഞ്ഞ വിലയില്‍ വരുമെന്നോ! ചാര്‍ജിംഗിനെ കുറിച്ചും ബേജാറാകേണ്ടെന്ന് ഹോണ്ട
ഇന്ത്യയിലെ പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളില്‍ ഇനിയും വൈദ്യുത വാഹന വിഭാഗത്തിലേക്ക് ചുവട് വെച്ചിട്ടില്ലാത്ത കമ്പനിയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. രാജ്യത്തെ സ്‌കൂട്ടര്‍ രംഗം ആ്ക്ടിവയെന്ന ഒറ്റ മോഡലിന്റെ ബലത്തില്‍ അടക്കി ഭരിക്കുന്ന ഹോണ്ട എന്താണിത്ര വൈകിയതെന്ന് മാത്രമാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. എന്നാല്‍ 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍' എന്ന രജനീകാന്തിന്റെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന ഹോണ്ട നവംബര്‍ 27 എന്ന തീയതി കലണ്ടറില്‍ കുറിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ പോകുന്നത് അന്നാണ്.
ലോഞ്ചിന് 6 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉപഭോക്താക്കളില്‍ ആവേശം വര്‍ധിപ്പിക്കുന്നതിനായി ഓരോ ദിവസവും ഹോണ്ട പുത്തന്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിടുന്നുണ്ട്. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പായിരിക്കും കന്നി ഇവിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആക്ടിവ ഇവി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈപ്പ് ഉയര്‍ത്തിക്കൊണ്ട് ടീസര്‍ വീഡിയോകള്‍ ഹോണ്ട തുടര്‍ച്ചയായി പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്.

ഹോണ്ട ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ ടീസര്‍ വീഡിയോയില്‍ നിന്ന് ഹോണ്ട ആക്ടിവ ഇവിയെ കുറിച്ചുള്ള പ്രധാന വിവരം ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റി. ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ റീമൂവബില്‍ ബാറ്ററി പായ്ക്കുകളാണ് സജ്ജീകരിക്കുന്നതെന്നാണ് വിവരം. ഹോണ്ട പുറത്തിറക്കിയ പുതിയ ടീസര്‍ വീഡിയോയില്‍ ആക്ടീവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ 2 നീക്കംചെയ്യാവുന്ന ബാറ്ററികള്‍ കാണാം.
ഇത് ബാറ്ററി ചാര്‍ജിംഗിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ഉത്കണ്ഠ ഇല്ലാതാക്കും. ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ ഏറെ സമയമെടുക്കുന്നു എന്നതാണ് ഇവികളുടെ ഒരു പോരായ്മയായി പലരും പറയുന്നത്. അതുകൊണ്ട് തന്നെ പലരും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ മടിക്കുന്നു. എന്നാല്‍ പുതിയ ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ ആ പേടി വേണ്ട. ഇതില്‍ നല്‍കിയിരിക്കുന്ന ബാറ്ററികള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതായതിനാല്‍ ഒന്ന് ചാര്‍ജുചെയ്യുമ്പോള്‍ രണ്ടാമത്തേതിന്റെ പവറില്‍ സഞ്ചരിക്കാനാകും.

അതിനാല്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പ്രത്യേകം സമയം ചെലവഴിക്കേണ്ടതില്ല. അന്താരാഷ്ട്ര വിപണിയില്‍ ഹോണ്ട വില്‍ക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഈ സൗകര്യം ഇതിനകം ലഭ്യമാണ്. അതുകൊണ്ട് ഇന്ത്യയില്‍ ആദ്യമായി വില്‍പ്പനക്കെത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിലും ഇതേ സൗകര്യം നല്‍കുകയാണ് ഹോണ്ട്. പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് റൈഡിംഗ് മോഡുകള്‍ വരുമെന്നാണ് സൂചന.
സ്റ്റാന്‍ഡേര്‍ഡ് മോഡില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 104 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പോര്‍ട്ട് മോഡില്‍ 80 മുതല്‍ 85 കിലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിച്ചാല്‍ മതി. ഒരു സമര്‍പ്പിത ഇവി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്നതിന് പകരം ആക്ടിവയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഈ മോഡല്‍ പണിയുക. വികസച്ചെലവ് കുറയ്ക്കാന്‍ വേണ്ടിയാണ് ഹോണ്ട ഐസിഇ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഇവി ഒരുക്കുന്നത്.

ചെലവ് നിയന്ത്രിക്കുന്നതിനായി വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിലും സാധാരണ പെട്രോള്‍ ആക്ടീവയുടെ അതേ ഘടനയും ബോഡി പാനലുകളും ഉപയോഗിക്കാനാണ് സാധ്യത. സ്‌കൂട്ടറിന് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. മുന്‍വശത്ത് ഡിസ്‌ക് പിന്നില്‍ ഡ്രമ്മും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ചെലവ് കുറക്കേണ്ടതിനാല്‍ ആക്ടിവ ഇലക്ട്രിക്കില്‍ ധാരാളം ഫീച്ചറുകള്‍ ഉണ്ടായോക്കില്ല. ഇതിനോടകം തന്നെ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറിയ ടിവിഎസ് ഐക്യൂബ്, ഏഥര്‍ റിസ്ത, ഏഥര്‍ 450X , ബജാജ് ചേതക്, ഓല S1 ശ്രേണി എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നതിനാല്‍ തന്നെ എത്രത്തോളം ഫീച്ചര്‍ റിച്ചാണ് പുതിയ സ്‌കൂട്ടര്‍ എന്നതും ജനങ്ങളുടെ പരിഗണനയില്‍ വരും.
വിപണിയില്‍ മത്സരം അതിശക്തമായതിനാല്‍ ഇവിക്ക് ഹോണ്ട മത്സരാധിഷ്ഠിതമായ വില നിര്‍ണയം നടത്തും. ഇലക്ട്രിക് സ്‌കൂട്ടര്‍ ഏകദേശം 1 ലക്ഷം രൂപ പ്രാരംഭ വിലയിലായിരിക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുക. കുറഞ്ഞ വിലയും 100 കിലോമീറ്റര്‍ റേഞ്ചിനുമൊപ്പം ഹോണ്ടയുടെ വമ്പന്‍ വിപണി സാന്നിധ്യം കൂടിയാകുന്നതോടെ പുത്തന്‍ സ്‌കൂട്ടര്‍ ഹിറ്റടിക്കാനാണ് സാധ്യത.


Click it and Unblock the Notifications








