പെട്രോള്‍ അടിക്കേണ്ടാത്ത ആക്ടിവ ദേ ഇങ്ങെത്തി! ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ മാസം ഇന്ത്യയിലെത്തും
വളരെക്കാലമായി സ്‌കൂട്ടറുകള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ ചോയിസാണ് ഹോണ്ട ആക്ടിവ (Honda Activa). സ്‌കൂട്ടര്‍ എന്ന നാമത്തിന് പര്യായമായി മാറിയ ഹോണ്ട ആക്ടിവയുടെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഇന്ത്യയില്‍ വിറ്റ് പോയിരിക്കുന്നത്. ബജാജ്, ടിവിഎസ്, ഹീറോ മോട്ടോകോര്‍പ്പ് എന്നീ എതിരാളികള്‍ ഇതിനകം തന്നെ സാന്നിധ്യമറിയിക്കുകയും മികച്ച വില്‍പ്പന രേഖപ്പെടുത്തുകയും ചെയ്യുന്ന ഇലക്ട്രിക് ടൂവീലര്‍ വിപണിയിലേക്ക് ഹോണ്ട ഉടന്‍ പ്രവേശിക്കാന്‍ പോകുകയാണെന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ (Electric Scooter) അവതരണ തീയതി കുറിച്ചിരിക്കുകയാണ്.
ഞങ്ങള്‍ക്ക് കിട്ടിയ മീഡിയ ഇവന്റിനുള്ള ക്ഷണത്തില്‍ രേഖപ്പെടുത്തിയ 'വാട്ട് എവേഡ്' എന്ന വാക്കുകള്‍ ഇത് കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. ഇന്ത്യയില്‍ ഹോണ്ട വില്‍പ്പനക്കെത്തിക്കുന്ന ആദ്യ ഇലക്ട്രിക് ടൂവീലര്‍ ആകും ഇത്. വരാനിരിക്കുന്നത് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജാപ്പനീസ് ബ്രാന്‍ഡിന് ആക്ടിവ എന്ന നെയിംപ്ലേറ്റ് എത്രകണ്ട് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വാഹനപ്രേമികളോട് പറയേണ്ടതില്ല.

അതുകൊണ്ട് തന്നെ ഒരുപക്ഷേ വരാന്‍ പോകുന്ന മോഡലിന് 'ആക്ടിവ ഇലക്ട്രിക്' അല്ലെങ്കില്‍ 'ആക്ടിവ ഇ' എന്ന് നാമകരണം നടത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്കിടയില്‍ ആക്ടിവക്കുള്ള ജനപ്രീതി മുതലെടുക്കാന്‍ തന്നെയാകും ഹോണ്ടയുടെ ശ്രമം. ഇറ്റലിയിലെ മിലാനില്‍ നടന്ന EICMA 2024-ല്‍ ഹോണ്ട ആക്ടിവ ഇലക്ട്രിക്ക് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. പകരം യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ട് CUV e: എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്.
2024 നവംബര്‍ 27-നാണ് ഹോണ്ട പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഒരു സമര്‍പ്പിത ഇവി പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്നതിന് പകരം ആക്ടിവയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഈ മോഡല്‍ പണിയുക. വികസച്ചെലവ് കുറയ്ക്കാന്‍ വേണ്ടിയാണ് ഹോണ്ട ഐസിഇ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഇവി ഒരുക്കുന്നത്. ചെലവ് നിയന്ത്രിക്കുന്നതിനായി വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിലും സാധാരണ പെട്രോള്‍ ആക്ടീവയുടെ അതേ ഘടനയും ബോഡി പാനലുകളും ഉപയോഗിക്കാനാണ് സാധ്യത.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ചിരപരിചിതമായ സ്‌റ്റൈലിംഗ് നിലനിര്‍ത്താന്‍ വേണ്ടിയാണ് കന്നി ഇവി ആക്ടിവയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്നത്. ആക്ടിവ ഇലക്ട്രിക്കിന്റെ സവിശേഷതകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഇതിന് 100 കിലോമീറ്ററിനടുത്ത് റേഞ്ചും മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഹോണ്ട ആക്ടീവ ഇവിക്ക് പെര്‍മെനെന്റ് ബാറ്ററി പായ്ക്ക് ലഭിക്കുമെന്നാണ് സൂചന.
എന്നാല്‍ ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറില്‍ കണ്ട രീതിയില്‍ നീക്കം ചെയ്യാവുന്ന ബാറ്ററികളുടെ സാധ്യതയും തള്ളിക്കളയാനാകില്ല. ചെലവ് കുറക്കേണ്ടതിനാല്‍ ആക്ടിവ ഇലക്ട്രിക്കില്‍ ധാരാളം ഫീച്ചറുകള്‍ ഉണ്ടായോക്കില്ല. ഏതായാലും ഹോണ്ടയുടെ പുതിയ ടൂവീലര്‍ ആക്ടിവ് ഇലക്ട്രിക് ആയിരിക്കുമോ അല്ലെയോ എന്നതടക്കം എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നവംബര്‍ മാസം അവസാനത്തോടെ ലഭിക്കും.
ബാറ്ററിയും മോട്ടോറും ഉള്‍പ്പെടുത്തുന്നതിന് സമര്‍ത്ഥമായി ഇടം ഒപ്റ്റിമൈസ് ചെയ്യുന്ന തരത്തില്‍ വാഹനത്തിന്റെ ഫ്രെയിം രൂപകല്‍പ്പന ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂട്ടറിന് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. മുന്‍വശത്ത് ഡിസ്‌ക് പിന്നില്‍ ഡ്രമ്മും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കായുള്ള ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ നല്ല സമയമെടുത്താണ് വരുന്നത്.
ഇതിനോടകം തന്നെ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറിയ ടിവിഎസ് ഐക്യൂബ്, ഏഥര്‍ റിസ്ത, ഏഥര്‍ 450X , ബജാജ് ചേതക്, ഓല S1 ശ്രേണി എന്നിവയ്ക്കെതിരെ എത്ര കണ്ട് ഫീച്ചര്‍ പായ്ക്ക്ഡ് ആയിട്ടായിരിക്കും പുതിയ മോഡല്‍ എത്തുകയെന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. പുതിയ മോഡലിന്റെ വരവ് കണക്കിലെടുത്ത് ഹോണ്ട ഗുജറാത്ത്, കര്‍ണാടക പ്ലാന്റുകളില്‍ ഹോണ്ട രണ്ട് പ്രൊഡക്ഷന്‍ ലൈനുകള്‍ ആരംഭിച്ചതായി സമീപകാല റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
2024 ഡിസംബര്‍ മുതല്‍ പുതിയ ടൂവീലറിന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി കന്നി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില പ്രഖ്യാപിച്ചേക്കും. സ്‌കൂട്ടര്‍ വിപണിയിലെ രാജാവാണ് ആക്ടിവ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ പുതിയ മോഡലിന് വലിയ സ്വാധീനം ചെലുത്താനാകും. പുതിയ ഹോണ്ട ഇവിയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








