ബാങ്ക് ലോക്കര്‍ അല്ല ഇതാണ് ഹോണ്ടയുടെ 'പവര്‍ ബാങ്ക്'! ഒന്നും കാണാതെയല്ല ജപ്പാന്‍കാര്‍ കളത്തിലിറങ്ങിയത് മക്കളേ..
ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിന്റെ തെളിവാണ് പുത്തന്‍ കമ്പനികള്‍ സെഗ്‌മെന്റില്‍ സാന്നിധ്യം അറിയിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ മടികാണിക്കാനുള്ള കാരണം ചാര്‍ജിംഗ് സമയമാണ്. ഒരു ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാന്‍ സാധാരണയായി 4 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. ചില വാഹനങ്ങള്‍ക്ക് ഇതിലും കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം. ചാര്‍ജിംഗ് സമയം കുറയ്ക്കാന്‍ ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഉണ്ടെല്ലോ എന്നായിരിക്കും ഇപ്പോള്‍ നിങ്ങളുടെ ചിന്ത. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാലും അര മണിക്കൂര്‍ എങ്കിലും ഇതിനായി ചെലവഴിക്കേണ്ടി വരും.
മറുവശത്ത് പെട്രോള്‍ സ്‌കൂട്ടറോ ബൈക്കോ ആണെങ്കില്‍ ഏതാനും മിനിറ്റുകള്‍ കൊണ്ട് പരിപാടി കഴിയും. ഈ കാരണങ്ങള്‍ കൊണ്ടാണ് ആളുകള്‍ ഇലക്ട്രിക് ടൂവീലറുകള്‍ പോലും എടുക്കാന്‍ മടിക്കുന്നത്. പമ്പുകളില്‍ നിന്ന് പെട്രോള്‍ നിറയ്ക്കുന്ന അതേ സമയം കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന സൗകര്യം ഉണ്ടായിരുന്നെങ്കില്‍ എന്നായിരിക്കും കുറേ പേര്‍ കൊതിക്കുന്നത്. എന്നാല്‍ മറ്റൊരു രീതിയില്‍ ഇത് സാധ്യമാണ്.

പറഞ്ഞ് വരുന്നത് ബാറ്ററി സ്വാപ്പിംഗ് സ്‌റ്റേഷനുകളെ കുറിച്ചാണ്. പൂര്‍ണമായും ചാര്‍ജ്ജ് ചെയ്ത ബാറ്ററികള്‍ നല്‍കുന്ന സ്റ്റേഷനുകള്‍ ഇന്ത്യയിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ നിര്‍മാതാക്കളായ ഹോണ്ടയാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹോണ്ട തങ്ങളുടെ കന്നി ഇലക്ട്രിക് ടൂവീലര്‍ പുറത്തിറക്കിയിരിക്കുകയാണ്. ആക്ടിവ് ഇ: എന്ന മോഡലിനൊപ്പം QC1 എന്ന മോഡല്‍ കൂടി കൊണ്ടുവന്നതോടെ ഇരട്ടി സന്തോഷത്തിലാണ് ഇവി പ്രേമികള്‍.
ആക്ടിവ ഇലക്ട്രിക്കില്‍ ഹോണ്ട സ്വാപ്പബിള്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഈ വാഹനങ്ങള്‍ക്കായി രാജ്യത്തുടനീളം ബാറ്ററി സ്വാപ്പിംഗ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. ഹോണ്ട സ്ഥാപിച്ച ബാറ്ററി സ്വാപ്പിംഗ് സെന്ററുകളില്‍ ഒന്നിന്റെ ചിത്രമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അവതരണ വേളയില്‍ തന്നെ കമ്പനി ബാറ്ററി സ്വാപ്പിംഗ് സെന്റര്‍ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് ബാറ്ററി സ്വാപ്പിംഗ് സെന്റര്‍ തുറക്കുക. പിന്നീട് ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും. മെട്രോ നഗരങ്ങളായ ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ആദ്യം ലഭ്യമാകുക. കേരളത്തിലേക്ക് അടുത്ത ഘട്ടത്തില്‍ ബാറ്ററി സ്വാപ്പിംഗ് സെന്ററുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
കര്‍ണാടക തലസ്ഥാന നഗരിയില്‍ ഇപ്പോള്‍ ഏകദേശം 88 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഉണ്ടെന്നാണ് കമ്പനി പറയുന്നത്. സ്വാപ്പബിള്‍ ബാറ്ററിയുള്ള മറ്റ് കമ്പനി ഉപയോക്താക്കള്‍ക്കും ഈ സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഈ നഗരങ്ങളിലെ താമസക്കാര്‍ക്ക് അവരുടെ ഹോണ്ട ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ചാര്‍ജ് തീര്‍ന്നാല്‍ അടുത്തുള്ള ബാറ്ററി സ്വാപ്പിംഗ് സെന്ററുകളില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ചാര്‍ജുള്ള ബാറ്ററി മാറ്റിസ്ഥാപിക്കാം. ഇതുവഴി ധാരാളം സമയം ലാഭിക്കാം.
രാജ്യത്തുടനീളം സ്വാപ്പിംഗ് സെന്റര്‍ സജീവമായാല്‍ ചാര്‍ജിംഗ് പ്രശ്‌നം കാരണം ഇവികളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഒത്തിരി പേരെ ആകര്‍ഷിക്കാന്‍ സാധിക്കും. ഹോണ്ടയുടെ എതിരാളികളില്‍ ഹീറോ വിഡ സ്വാപ്പബിള്‍ ബാറ്ററിയാണ് ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ഓല, ഏഥര്‍, ടിവിഎസ്, ബജാജ് എന്നീ എതിരാളികള്‍ക്ക് നിലവില്‍ ഈ ഒരു സൗകര്യമില്ല. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാനാണ് ഹോണ്ട ഈ സാങ്കേതികവിദ്യ സ്വീകരിച്ചു.
ഹോണ്ടയുടെ റെഡ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും പുതിയ ഇവികള്‍ വില്‍ക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പ്രത്യേക കോര്‍ണറിലായിരിക്കും ഇവ പ്രദര്‍ശിപ്പിക്കുക. ജനുവരി 1 മുതല്‍ പുതിയ ഇവികളുടെ ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി മുതലായിരിക്കും ഡെലിവറി തുടങ്ങുക. ഇരു സ്‌കൂട്ടറുകളും 99 ശതമാനം പ്രദേശികവല്‍ക്കരണത്തോടെയാണ് നിര്‍മിക്കുന്നത്. നര്‍സാപുര ഫാക്ടറിയിലാകും നിർമാണം. പ്രാദേശിക വിതരണക്കാരില്‍ നിന്ന് ബാറ്ററിയടക്കം വാങ്ങുന്നതിനാല്‍ ഈ സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ വരുമെന്ന് പ്രതീക്ഷിക്കാം. അടുത്ത മാസം വില പ്രഖ്യാപനം ഉണ്ടാകും.


Click it and Unblock the Notifications








