ഹിമാലയനും, 390 അഡ്വഞ്ചറിനും കൂച്ചിവിലങ്ങിടാൻ ഹോണ്ടയുടെ NX500 ADV തയ്യാർ; വിലകൾ ഇങ്ങനെ
ആഭ്യന്തര വിപണിയിൽ NX500 അഡ്വഞ്ചർ ടൂററിനെ ഹോണ്ട ലോഞ്ച് ചെയ്തിരിക്കുകയാണ്. 5.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്. ബ്രാൻഡിന്റെ നിലവിലെ CB500X മോഡലിനെ മാറ്റിസ്ഥാപിച്ചുകൊണ്ടാണ് NX500 അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് ഔട്ട്ഗോയിംഗ് മോഡലിനേക്കാൾ അല്പം വില കൂടുതലാണ്.
എന്നാൽ പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി അപ്‌ഡേറ്റുകൾ പുതിയ മോട്ടോർസൈക്കിളിന് ലഭിക്കുന്നു. റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് വ്യത്യസ്ത പെയിന്റ് സ്കീമുകളിൽ ജാപ്പനീസ് വാഹന ഭീമൻ NX500 -നെ എത്തിക്കുന്നു. ഹോണ്ട NX500 -ന്റെ കസ്റ്റമർ ഡെലിവറി അടുത്ത മാസം ഇന്ത്യയിൽ ആരംഭിക്കും.

ഇത് കമ്പനിയുടെ രാജ്യത്തുടനീളമുള്ള ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമായിട്ടാണ് വിൽപ്പനയ്ക്ക് എത്തുന്നത്. വിലയുടെ കാര്യത്തിൽ തന്നെക്കാളും 1.87 ലക്ഷം ചെലവ് കൂടുതലായ കവസാക്കി വെർസിസ് 650 -യുമായി ഹോണ്ട NX500 മത്സരിക്കുന്നു. 300 -450 സിസി സെഗ്‌മെന്റുകളിൽ അഡ്വഞ്ചർ (ADVs) മോഡലുകൾ വളരെ കുറവായതിനാൽ ഇതിന് നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല.
471 സിസി പാരലൽ ട്വിൻ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനിൽ നിന്നാണ് ഹോണ്ട NX500 പവർ ലഭിക്കുന്നത്. പവർട്രെയിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, അതേസമയം സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ബൈക്കിൽ വരുന്നു. സ്റ്റൈലിംഗിന്റെ കാര്യത്തിൽ, NX500 കൂടുതൽ റിസർവ്ഡ് ആയിരുന്ന CB500X -നെ അപേക്ഷിച്ച് ഒരു റാഡിക്കൽ മോഡലാണ്.

ഹോണ്ടയുടെ ചരിത്രത്തിലുടനീളം ഡ്യുവൽ സ്‌പോർട്‌സ് മോട്ടോർസൈക്കിളുകൾക്കായി NX നെയിംപ്ലേറ്റ് കൂടുതൽ പ്രത്യേകമായി ഉപയോഗിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഹോണ്ട NX500 നവംബർ ആദ്യം ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2023 -ലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇത് ഒരു ഡയമണ്ട് ഫ്രെയിമിൽ സജ്ജീകിരിച്ചിരിക്കുന്നു.

സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് അപ്പ്സൈഡ്‌ഡൗൺ ഫോർക്കുകളും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുമുള്ള മോണോഷോക്ക് സസ്‌പെൻഷനുമാണ്. മോട്ടോർസൈക്കിളിന് 17.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി ഉണ്ട്, ഇത് അത്യാവശം ലോംഗ് ടൂറിംഗിന് കംഫർട്ടബിളായ ദൂരം കവർ ചെയ്യാനുള്ള സൗകര്യം നൽൽകുന്നു. കൂടാതെ 196 കിലോഗ്രാമുമായി ഇത് CB500X -നേക്കാൾ 3.0 കിലോ ഭാരം കുറവാണ്.
ബ്രേക്കിംഗിനെ സംബന്ധിച്ചിടത്തോളം, ഹോണ്ട മുൻവശത്ത് ഡ്യുവൽ 296 mm ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ ഒരു 240 mm ഡിസ്‌കും വാഗ്ദാനം ചെയ്യുന്നു, ഇത് ഡ്യുവൽ-ചാനൽ ABS സിസ്റ്റം സപ്പോർട്ട് ചെയ്യുന്നു. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ കാസ്റ്റ് അലോയി വീലുകളാണ് ഇതിൽ നൽകിയിരിക്കുന്നത്, 5.0 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോൾ മറ്റൊരു പ്രധാന ഹൈലൈറ്റാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നോട്ടിഫിക്കേഷൻ അലേർട്ടുകൾ, നാവിഗേഷൻ എന്നിവയോടെയാണ് ഇത് വരുന്നത്. അഡ്വഞ്ചർ ടൂറിംഗ് മെഷീൻ CBU വഴിയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്, ഇത് കൂടുതൽ പ്രീമിയം സ്ഥാനനിർണ്ണയത്തിനും വില നിർണ്ണയത്തിനും കാരണമാകുന്നു. എന്നാൽ ഇത് ഭാവിയിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കുകയാണ് എങ്കിൽ ഈ വിലയിൽ കാര്യമായ മാറ്റം വരുത്താൻ കമ്പനിയ്ക്ക് സാധ്യമാണ്.
നിലവിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ എന്നിവയ്‌ക്കെതിരെയാണ് ഹോണ്ട NX500 നേർക്കു നേർ കോമ്പ് കോർക്കുന്നത്, എങ്കിലും വില നിലവാരം കണക്കിലെടുക്കുമ്പോൾ മുകളിൽ സൂചിപ്പിച്ചതു പോലെ കവസാക്കി വെർസിസ് 650, മോട്ടോ മൊറിനി X -കേപ്പ് എന്നീ മോഡലുകളിൽ നിന്നും കാര്യമായ കോംപറ്റീഷൻ നേരിടേണ്ടി വന്നേക്കും.


Click it and Unblock the Notifications








