ചാർജ് തീർന്നു വഴിയിൽ കിടക്കും എന്ന് ആശങ്ക വേണ്ട! ആക്ടിവ ഇവിയ്ക്ക് കട്ട സപ്പോർട്ടുമായി ഹോണ്ട
ഹോണ്ട ആക്ടിവ ഇവിയുടെ ലോഞ്ചിനായി വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. ജനപ്രിയ ആക്ടീവയുടെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് പതിപ്പ് നവംബർ 27 -ന് ജാപ്പനീസ് നിർമ്മാതാക്കൾ അനാവരണം ചെയ്യും. എന്നാൽ അതിനു മുന്നോടിയായി കമ്പനി തങ്ങളുടെ ഇവികൾക്കായി എത്രമാത്രം പ്ലാനുകളും പദ്ധതികളും ഒരുക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന ഒരു ചെറു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. അടുത്തിടെ, കർണാടകയിലെ ബെംഗളൂരുവിൽ കമ്പനി ഒരു പുതിയ ഇലക്ട്രിക് ബാറ്ററി സ്വാപ്പിംഗ് ടെർമിനൽ സ്ഥാപിച്ചതിന്റെ കുട്ടി വീഡിയോയാണിത്.
ഇതിന് മുമ്പ്, ആക്ടീവ ഇവിയുടെ ഡ്യുവൽ സ്വാപ്പബിൾ ബാറ്ററി സജ്ജീകരണം വ്യക്തമാക്കുന്ന ഒരു ടീസറും ഹോണ്ട മുമ്പ് പുറത്തുവിട്ടിരുന്നു. പെട്ടെന്ന് ഒരു ഇവിയെ വിപണിയിലേക്ക് എത്തിക്കുക എന്ന് മാത്രമല്ല അവ ഉപയോഗിക്കുന്ന കസ്റ്റമേഴ്സിന് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുക എന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നും ഇത് വ്യക്തമാക്കുന്നു.

ഇവിടെ കാണിച്ചിരിക്കുന്ന സജ്ജീകരണത്തിൽ മൊത്തത്തിൽ, പന്ത്രണ്ട് ബാറ്ററി പാക്ക് സ്ലോട്ടുകൾ ഉണ്ട് എന്ന് നമുക്ക് കാണാം. ഇടത് വശത്തുള്ള ടെർമിനലിന് മുകളിൽ ഒരു സ്‌ക്രീനും നൽകിയിട്ടുണ്ട്, ഇത് ഹോണ്ട ആക്ടിവ ഇവിയുടെ ഉടമകൾ ഇവിടെ എത്തി സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ ഉപയോഗിക്കും.
നിലവിൽ, ആഗോള തലത്തിൽ ഇത്തരം ബാറ്ററി സ്വാപ്പിംഗ് ടെർമിനലുകൾ ഹോണ്ട EM1 ഇലക്ട്രിക് സ്കൂട്ടർ ഉടമകൾ ഉപയോഗിക്കുന്നുണ്ട്, ഈ മോഡലും സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുമായിട്ടാണ് വരുന്നത്. വരാനിരിക്കുന്ന ഹോണ്ട ആക്ടിവ ഇവയിലും EM1 -ൽ വരുന്ന അതേ ബാറ്ററി പായ്ക്ക് തന്നെയാണ് ഉപയോഗിക്കുന്നത്.

2022 -ൽ, ഹോണ്ട മോട്ടോർ കമ്പനിയുടെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും (HPCL) ഉടമസ്ഥതയിലുള്ള ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഈ ബാറ്ററി സ്വാപ്പിംഗ് ടെർമിനലുകൾ പലയിടങ്ങളിലും സ്ഥാപിക്കാൻ തുടങ്ങി. രാജ്യത്തുടനീളമുള്ള വിവിധ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിലാണ് ഈ ടെർമിനലുകൾ സ്ഥിതി ചെയ്യുന്നത്.
തുടക്കത്തിൽ, ഈ ബാറ്ററി സ്വാപ്പിംഗ് ടെർമിനലുകൾ ഇ -റിക്ഷകൾക്കായിട്ടാണ് സ്ഥാപിച്ചിരുന്നത്. എന്നിരുന്നാലും, ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയുടെ പുത്തൻ സാധ്യതകൾ കാര്യമായി പ്രയോജനപ്പെടുത്തുന്നതിനായി, ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടറായ ആക്ടിവ ഇവിയിലും, സ്വാപ്പ് ചെയ്യാവുന്ന ട്വിൻ ബാറ്ററികൾ വാഗ്ദാനം ചെയ്യും.

ബാറ്ററി സ്വാപ്പിംഗ് എന്നത് ഒരു പുതിയ ആശയമല്ല എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം. ഹോണ്ടയെ കൂടാതെ, ബൗൺസ് ഇലക്ട്രിക് സ്കൂട്ടറുകളും ഈ സൗകര്യപ്രദമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ സംവിധാനത്തിൽ ഇലക്ട്രിക് സ്കൂട്ടറുകളും ഇ -റിക്ഷകളും വാങ്ങുന്നവർ ബാറ്ററിക്ക് പണം നൽകേണ്ടതില്ല എന്നത് ശ്രദ്ധേയമാണ്. ബാറ്ററി പായ്ക്ക് സ്വന്തമാക്കുന്നതിനുള്ള മുൻകൂർ ചെലവ് ഇത്തരം ഉപഭോക്താക്കൾക്ക് വഹിക്കേണ്ടി വരില്ല എന്നതാണ് ഇതിലുള്ള നേട്ടം.
അതു കൂടാതെ മറ്റൊരു പ്രധാന നേട്ടം എന്നത് റേഞ്ച് ആങ്ക്സൈറ്റ്/ ഉത്ഘഠണ്ട കസ്റ്റമേഴ്സിന് അനുഭവിക്കേണ്ടി വരില്ല എന്നതാണ്.യാത്രയിൽ ആയിരിക്കുമ്പോൾ, ബാറ്ററി ചാർജ് കുറവാന്ന് ശ്രദ്ധയിൽപ്പെട്ടാൽ, റീചാർജ് ചെയ്യാൻ ചാർജിംഗ് സ്റ്റേഷനിലേക്കോ വീട്ടിലേക്കോ പോകുന്നതിനുപകരം, വണ്ടി നേരെ തങ്ങളുടെ അടുത്തുള്ള ബാറ്ററി സ്വാപ്പിംഗ് ടെർമിനലിലെത്തി, ചാർജ് തീരാറായ ബാറ്ററികൾ സ്വാപ്പ് ചെയ്യാം. ഇത്തരത്തിൽ ഒരു നോർമൽ ഫ്യുവൽ വാഹനം ഉപയോഗിക്കുന്ന അതേ കൺഫർട്ടിൽ നമുക്ക് ഈ ഇവിയും ഉപയോഗിക്കാനാവും.


Click it and Unblock the Notifications








