ഇപ്പോഴെ നമ്മൾ നോക്കി ഇരിക്കേണ്ട! കേരത്തിലേക്ക് ആക്ടിവ ഇവിയൊന്നും ഉടൻ എത്തില്ല; സംഭവം ഇതാണ്
ഹോണ്ട ഒരു ഇ-സ്കൂട്ടർ വിപണിയിൽ എത്തിക്കുമ്പോൾ എങ്ങനെയായിരിക്കും എന്ന് കാണാൻ കഴിഞ്ഞ കുറച്ച് നാളുകളായി നാം ഏവരും വളരെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു നമ്മിൽ പലരും. അടുത്തിടെ ഹോണ്ട തങ്ങളുടെ ഇവി വെളിപ്പെടുത്തിയതോടെ ഇത്രയും നാൾ കാണാൻ കാത്തിരുന്ന ആകാംഷ ഇപ്പോൾ വാഹനം സ്വന്തമാക്കാനുള്ള ജിജ്ഞാനയാണ് പലർക്കും ഇപ്പോൾ. വളരെ എളുപ്പത്തിൽ നീക്കം ചെയ്യാവുന്ന/ സ്വാപ്പബിൾ ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാണ്. ഹോണ്ടയുടെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഒരു വലിയ വിഭാഗം ഉപയോക്താക്കളെ ടാർഗെറ്റുചെയ്യാനാകും എന്ന് നിസംശയം പറയാം.
ഓല, ബജാജ് ചേതക്, ഏഥർ തുടങ്ങിയ ഇക്കാലത്തെ ജനപ്രിയ ഇവികൾ എല്ലാം തന്നെ നോൺ -റിമൂവബിൾ പെർമെനന്റ് ബാറ്ററികൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെയാണ് ഓല ഒരു ഡിറ്റാച്ചബിൾ ബാറ്ററി പായ്ക്കുമായി തങ്ങളുടെ ആദ്യ കൊമേർഷ്യൽ വാഹന പുറത്തിറക്കിയത്. എന്നാൽ ഓലയുടെ പാസഞ്ചർ മോഡലുകളിൽ ഈ സംവിധാനമില്ല.

ആദ്യ വർഷം ഏകദേശം ഒരു ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കാനാണ് HMSI -യുടെ പ്ലാൻ. ഇതിൽ ആക്ടിവ.e ഉം QC1 ഉം ഉൾപ്പെടുന്നു. കർണ്ണാടകയിലെ നർസാപുരയിലെ കമ്പനിയുടെ പ്രൊഡക്ഷൻ പ്ലാന്റിലാണ് സ്കൂട്ടറുകൾ നിർമ്മിക്കുന്നത്. രാജസ്ഥാനിലെ അൽവാർ, ഹരിയാനയിലെ മനേസർ, ഗുജറാത്തിലെ വിത്തലാപൂർ എന്നിവിടങ്ങളിൽ ഹോണ്ടയ്ക്ക് മറ്റ് മൂന്ന് ഫാക്ടറികൾ കൂടെയുണ്ട്.
എന്നാൽ, നർസാപുര ഫാക്ടറിയിൽ മാത്രമായിരിക്കും ഈ ഇവികൾ നിർമ്മിക്കപ്പെടുക. രണ്ട് ഇവികളുടേയും ലുക്ക്സ് മാത്രമാണ് ജാപ്പനീസ് നിർമ്മാതാക്കൾ ഇതിനോടകം വെളിപ്പെടുത്തിയിരിക്കുന്നത്, എന്നിരുന്നാലും ആക്ടിവ.e, QC 1 എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ജനുവരിയിൽ വിലകൾ പ്രഖ്യാപിക്കുന്നതിനൊപ്പം കമ്പനി വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതേ മാസം തന്നെ ഇവികൾക്കായുള്ള ബുക്കിംഗും ആരംഭിക്കും. 2025 ഫെബ്രുവരി മുതൽ ഡെലിവറികളും തുടങ്ങും. 99 ശതമാനം പ്രാദേശികവൽക്കരണം കൈവരിക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞതിനാൽ, ഇലക്ട്രിക് സ്കൂട്ടറുകൾ വളരെ ആകർഷകമായ വിലയിൽ വിൽപ്പനയ്ക്ക് എത്തിക്കാം. ബാറ്ററി പായ്ക്കുകൾ പോലും ഒരു പ്രാദേശിക വിതരണക്കാരനിൽ നിന്നാണ് ജാപ്പനീസ് നിർമ്മാതാക്കൾ വാങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
പിന്നെ ബുക്കിംഗിന് ശേഷമുള്ള നീണ്ട കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാൻ, ഹോണ്ട തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിലുടനീളം ഘട്ടം ഘട്ടമായിട്ടാവും പുറത്തിറക്കുക എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡെലിവറികൾ ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്.

മറ്റ് നഗരങ്ങളിലും സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി കവർ ചെയ്യും. 2025 -ൽ ആഭ്യന്തര ഇലക്ട്രിക് ടു-വീലർ വിപണിയുടെ പകുതിയോളം തങ്ങളുടെ സാനിധ്യം വ്യാപിപ്പിക്കാൻ ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകളായ ആക്ടിവ.e, QC 1 എന്നിവ നിലവിലുള്ള ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകൾ വഴിയാവും വിൽപ്പനയ്ക്ക് എത്തിക്കുക.
ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ കമ്പനിക്ക് തൽകാലം പദ്ധതികൾ ഒന്നുമില്ല. അതിനുപകരം നിലവിലുള്ള റെഡ് വിംഗ് ഡീലർഷിപ്പുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക സ്പെയ്സുകൾ കമ്പനി സൃഷ്ടിക്കും. ഇവികളുടെ വിൽപ്പനയും സർവ്വീസും കൈകാര്യം ചെയ്യാൻ കഴിയും എന്ന് ഉറപ്പാക്കുന്നതിന് നിലവിലുള്ള ഡീലർഷിപ്പുകൾ നവീകരിക്കാൻ ഹോണ്ട ഇന്ത്യ കാര്യമായി പ്രവർത്തിക്കുന്നുണ്ട്.
നമ്മുടെ കേരളം ഒന്നും ആദ്യ ഘട്ട ലിസ്റ്റിൽ ഉൾപ്പെടാത്തതിനാൽ പുത്തൻ ആക്ടിവ.e, QC 1 ഇവി എന്നിവയുടെ ഡെലിവറികൾ നമ്മുടെ നാട്ടിൽ എന്ന് ആരംഭിക്കും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇപ്പോളില്ല. എന്നിരുന്നാലും വലിയ താമസമില്ലാതെ ഇവ കേരളത്തിൽ എത്തും എന്ന് പ്രതീക്ഷിക്കാം. വില പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഇ-സ്കൂട്ടർ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ഹോണ്ട അവതരിപ്പിച്ചാൽ അതൊരു കോളിളക്കം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications








