പെട്രോള്‍ ബൈക്കുകള്‍ 'ക്വിറ്റ് ഇന്ത്യ'! 187 കി.മീ റേഞ്ചുള്ള ഇവിക്ക് 25000 രൂപ ഓഫറുമായി ഇന്ത്യന്‍ കമ്പനി
ഓഗസ്റ്റ് 15-ന് രാജ്യത്തിന്റെ സ്വതന്ത്ര്യ ദിനം നാടൊട്ടുക്കും ആഘോഷിക്കാറുണ്ട്. വാഹന നിര്‍മാതാക്കളും അതില്‍ ഒട്ടും പിറകിലല്ല. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. 77-ാം സ്വതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ജനപ്രിയ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒബെന്‍ ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹന മോഡലുകളിലൊന്നിന് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഒബെന്‍ റോര്‍ ഇലക്ട്രിക് ബൈക്കാണ് ഈ മാസം മികച്ച കിഴിവില്‍ വാങ്ങാന്‍ സാധിക്കുക. ഫ്രീഡം ഓഫറിന്റെ കീഴില്‍ ഒബെന്‍ റോര്‍ എത്ര രൂപ കിഴിവില്‍ വാങ്ങാം എന്നതിനെ കുറിച്ച് ചുവടെ വായിക്കാം.
ഒബെന്‍ ഇലക്ട്രിക്കിന്റെ ജനപ്രിയ ഉല്‍പ്പന്നമായ ഒബെന്‍ റോര്‍ ഇതുവരെ 149999 രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു വിറ്റിരുന്നത്. സ്വതന്ത്ര്യ ദിന ഓഫറുകളുടെ ഭാഗമായി ഇലക്ട്രിക് ബൈക്കിന്റെ വില 1,24,999 രൂപയാക്കി കുറച്ചിരിക്കുകയാണ് കമ്പനി. 25000 രൂപയാണ് ഡിസ്‌കൗണ്ട്. ഇതൊരു ഹ്രസ്വകാല ഓഫറാണ് എന്ന കാര്യം മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒബെന്‍ ഇലക്ട്രിക്കിന്റെ ഫ്രീഡം ഓഫര്‍ ഓഗസ്റ്റ് 15 വരെ മാത്രമേ ലഭ്യമാകൂ.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ആവശ്യം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അത്രയും വരില്ലെങ്കിലും ഇലക്ട്രിക് ബൈക്കുകള്‍ തിരഞ്ഞും ഇപ്പോള്‍ ആളുകള്‍ ഷോറൂമുകളില്‍ എത്തുന്നുണ്ട്. 2022 മാര്‍ച്ച് മാസത്തിലാണ് ഒബെന്‍ റോര്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങിയത്. ഇത് ഒരു ആകര്‍ഷകമായ ഇലക്ട്രിക് ബെക്കായാണ് കാണപ്പെടുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് മോഡലിന്റെ പ്രധാന ഹൈലൈറ്റുകള്‍.
നിരവധി ഫീച്ചറുകളുള്ള ഒരു ഇലക്ട്രിക് ബൈക്ക് മോഡലാണ് ഒബെന്‍ റോര്‍. ഒബെന്‍ റോറിന്റെ വേറിട്ട സവിശേഷതകളിലൊന്ന് അതിന്റെ വേഗത. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. 8 kW ശേഷിയുള്ള IBMSM മോട്ടോറാണ് ഇത് സാധ്യമാക്കുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് ബൈക്കിന് വെറും മൂന്ന് സെക്കന്‍ഡ് സമയം മതി.
നൂതന എല്‍എഫ്പി (ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ്) ബാറ്ററി സാങ്കേതികവിദ്യയാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. ഇത് പരമ്പരാഗത ബാറ്ററികളെ അപേക്ഷിച്ച് ഇരട്ടി ആയുസും 50 ശതമാനം ഉയര്‍ന്ന താപ പ്രതിരോധവും വാഗ്ദാനം ചെയ്യുന്നു. ഈ സാങ്കേതികവിദ്യ ദോഷകരമായ കൊബാള്‍ട്ടിന്റെയും നിക്കലിന്റെയും ഉപയോഗം ഒഴിവാക്കി പരിസ്ഥിതി ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.
4.4 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് ഒബെന്റ റോര്‍ ഇ-ബൈക്ക് പവര്‍ എടുക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 187 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. രണ്ട് മണിക്കൂര്‍ കൊണ്ട് ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സാങ്കേതിക സവിശേഷതകളുടെ കാര്യത്തിലും ഈ മോഡല്‍ മികച്ച് നില്‍ക്കുന്നു.
ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കണക്റ്റിവിറ്റി ഫീച്ചറുകളുമടക്കം നിരവധി ആധുനിക സവിശേഷതകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. പെര്‍ഫോമന്‍സും സുസ്ഥിരതയും സംയോജിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ തിരയുന്നവര്‍ക്ക് ഒബെന്‍ റോര്‍ ആകര്‍ഷകമായ ഓപ്ഷനാണ്. 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന് കീഴില്‍ ഒബെന്‍ റോര്‍ പൂര്‍ണമായും ഇന്ത്യയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഈ പരിമിതകാല ഓഫര്‍ ഇവി പ്രേമികള്‍ക്ക് ആകര്‍ഷകമായ വിലയില്‍ അത്യാധുനിക ഇലക്ട്രിക് മൊബിലിറ്റി അനുഭവം സാധ്യമാക്കുന്നു. മലിനീകരണം, ഉയര്‍ന്ന ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തുകൊണ്ട് പെട്രോള്‍ ബൈക്കുകളില്‍ നിന്ന് സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഒബെന്‍ വാഗ്ദാനം ചെയ്യുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തുക.


Click it and Unblock the Notifications








