രാജ്യത്തെ ആദ്യത്തെ ക്ലച്ച്ലെസ് ബൈക്ക്!അവസാനത്തേതും, ടിവിഎസ് ജൈവിന് പിഴച്ചത് എവിടെ?
വാഹന വിപണിയിലേക്ക് നോക്കിയാൽ പല വാഹനങ്ങൾ കമ്പനി അവതരിപ്പിക്കുന്നു, അതിൽ ചിലതൊക്കെ വളരെ വിജയകരമാകുകയും, ചിലതൊക്കെ പടക്കം പൊട്ടുന്നത് പോലെ പൊട്ടി പോകാറുമുണ്ട്. കാറുകളിൽ അങ്ങനെ പല മോഡലുകളും നിങ്ങൾക്ക് പരിചയമുണ്ടാകാം, എന്നാൽ ഇരുചക്ര വാഹനങ്ങളിൽ നിങ്ങൾക്ക് പരിചയമുളള വാഹനങ്ങളുണ്ടോ. ടിവിഎസിൻ്റെ ജൈവ് എന്ന മോഡൽ നിങ്ങൾക്ക് അറിയാമോ? രാജ്യത്ത് ആദ്യമായി ക്ലെച്ച്ലെസ് സംവിധാനം അവതരിപ്പിച്ച മോഡലാണ് ഇത്. 2010 -ലാണ് ടിവിഎസ് ഈ മോഡൽ അവതരിപ്പിക്കുന്നത്. അന്ന് 100 സിസി സെഗ്മെൻ്റിൽ ഹീറോ ഹോണ്ട കത്തി നിൽക്കുന്ന സമയവും കൂടിയാണല്ലോ.
110 സിസി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എഞ്ചിനാണ് ജൈവിൽ ലഭ്യമായിരുന്നത്. 7500 ആർപിഎമ്മിൽ 8.4 bhp പവറും 5500 ആർപിഎമ്മിൽ 8.3 nm ടോർക്കും എഞ്ചിൻ പുറപ്പെടുവിക്കുമായിരുന്നു. മൈലേജിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ കമ്പനി അവകാശപ്പെട്ടിരുന്നത് ലിറ്ററിന് 65 കിലോമീറ്ററായിരുന്നു. പ്രധാന ഫീച്ചർ എന്തായിരുന്നു എന്ന് ചോദിച്ചാൽ ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ രാജ്യത്ത് ആദ്യമായി ടൂവീലറുകളിൽ സെമി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനായിരുന്നു.

നിങ്ങൾക്ക് സ്റ്റാർട്ട് ചെയ്യാനും നിർത്താനും എളുപ്പത്തിൽ കഴിയും, നിങ്ങൾക്ക് ആവശ്യമുള്ള ഏത് ഗിയറിലും അത് സാധിക്കുമെന്നതാണ് ഗുണം. ഇടത് വശത്ത് നിങ്ങൾക്ക് ക്ലച്ച് കാണാൻ സാധിക്കില്ല. ബൈക്ക് ഉപയോഗിച്ചു കൊണ്ടിരുന്നവരോട് ചോദിച്ചാൽ നിങ്ങൾക്ക് മനസിലാകും ക്ലച്ച്ലെസ് ബൈക്കിൻ്റെ സുഖം. ഒരു തുടക്കകാരനായ ഡ്രൈവർക്ക് മതിയായ ഡ്രം ബ്രേക്കുകൾ മുന്നിലും പിന്നിലും കമ്പനി നൽകിയിരുന്നു. ടിവിഎസ് ജൈവിന് 165 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉളളത് കൊണ്ട് ഇന്ത്യൻ റോഡുകളിൽ മികച്ച യാത്ര തന്നെ നൽകിയിരുന്നു.
ഈ ബൈക്ക് പുറത്തിറക്കുന്നതിന് മുമ്പ് ടിവിഎസ് വിപണി നന്നായി പഠിച്ചിരുന്നു. ദിവസേന യാത്ര ചെയ്യുന്ന ഒരാൾക്ക് ക്ലച്ച് സ്ഥിരമായി പ്രവർത്തിക്കുന്നത് മൂലം ക്ഷീണം അനുഭവപ്പെടുന്ന കനത്ത ട്രാഫിക്കിലൂടെ തൻ്റെ കൂടുതൽ സമയവും ചെലവഴിക്കേണ്ടി വന്നതായി കമ്പനി കണ്ടെത്തി. അങ്ങനെയാണ് ടിവിഎസ് ജൈവ് നിരത്തുകളിൽ എത്തിക്കുന്നത്. ഏകദേശം 25,000 യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പനയാണ് ടിവിഎസ് സ്വപ്നം കണ്ടത്. പക്ഷേ കമ്പനിയുടെ പ്രതീക്ഷയ്ക്ക് ഒത്ത വിധം വാഹനം വിറ്റു പോയില്ല.

വിൽപ്പന ചാർട്ടിൽ കടന്നു കൂടാൻ സാധിക്കാതെ 2014 -ൽ ജൈവ് ഇന്ത്യൻ വിപണിയിൽ നിന്ന് വിട പറയുകയായിരുന്നു. കാലം തെറ്റി വന്ന ടെക്നോളജി എന്ന് വേണമെങ്കിൽ അതിനെ വിളിക്കാം. പലർക്കും സെമി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ സംവിധാനം മനസിലായില്ല എന്നതാണ് സത്യം. എന്നാൽ വർഷങ്ങൾക്ക് ശേഷം ടിവിഎസ് ഇപ്പോൾ വിൽപ്പന ചാർട്ടിൽ ഒന്നാമതാണ് എന്നതാണ് മറ്റൊരു കാര്യം.
2013 -ൽ ഹോണ്ടയ്ക്ക് എതിരായി നിരത്തുകളിൽ എത്തിച്ചതാണ് ടിവിഎസ് ജുപ്പിറ്റർ. 2024 സാമ്പത്തിക വർഷത്തിൽ മാത്രം ജുപ്പിറ്ററിന്റെ വിൽപ്പന 8,44,863 യൂണിറ്റുകൾ മറികടന്നു. ഇത് 2023-ലെ 7,29,546 യൂണിറ്റുകളെ അപേക്ഷിച്ച് 16 ശതമാനം വർധനവിലേക്കും ടിവിഎസിനെ നയിച്ചു. ഇലക്‌ട്രിക് സ്കൂട്ടറുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന സമയത്തും ജുപ്പിറ്ററിന് ഈയൊരു റെക്കോർഡ് നേടാനായത് വലിയ കാര്യം തന്നെയാണ് എന്നതിൽ സംശയമൊന്നും വേണ്ട.
ഒരു ദശാബ്ദക്കാലം മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയതിനുശേഷം ടിവിഎസ് ജുപ്പിറ്ററിൻ്റെ മൊത്തം 64.30 ലക്ഷം യൂണിറ്റുകളാണ് വിപണനം ചെയ്‌തിരിക്കുന്നത്. അതേസമയം 2014 സാമ്പത്തിക വർഷത്തിനും 2024 സാമ്പത്തിക വർഷത്തിനും ഇടയിൽ കമ്പനി ജനപ്രിയ സ്‌കൂട്ടറിന്റെ 80,000 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്‌തിട്ടുണ്ട്. 110 സിസി, 125 സിസി പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന മോഡൽ നിലവിൽ ടിവിഎസിൻ്റെ ഇരുചക്രവാഹന നിരയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ്.
റൈഡർ 125 (4,78,443 യൂണിറ്റുകൾ), XL (4,81,803 യൂണിറ്റുകൾ), അപ്പാച്ചെ സീരീസ് (78,112 യൂണിറ്റ്) എന്നിവയെ മറികടന്നാണ് ജുപ്പിറ്റർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ എൻടോർഖ് 125 സ്പോർട്ടി സ്കൂട്ടറിന്റെ 3,31,865 യൂണിറ്റുകളാണ് ബ്രാൻഡ് വിപണനം ചെയ്‌തിരിക്കുന്നത്. പുതിയ ഫീച്ചറുകളും വേരിയൻ്റുകളുമുള്ള തുടർച്ചയായ നവീകരണങ്ങളാണ് ജുപ്പിറ്ററിനെ ജനപ്രിയമാക്കി നിർത്തുന്ന പ്രധാന ഘടകം.


Click it and Unblock the Notifications








