ഫുള്‍ എന്‍'ജോയ്'! 130 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോൾ 30,000 രൂപ വരെ ലാഭം
ഈ ഉത്സവ സീസണ്‍ സവിശേഷമാക്കാന്‍ വാഹന നിര്‍മാതാക്കള്‍ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് നല്‍കുന്നത്. ഇന്ത്യക്കാര്‍ പുതിയ വാഹനം വാങ്ങാന്‍ ഉത്സവകാലം തെരഞ്ഞെടുക്കുന്നതിനാല്‍ അവസരം പരമാവധി മുതലെടുക്കാനാണ് കമ്പനികളുടെ ശ്രമം. ഈ വര്‍ഷത്തെ ദീപാവലി പരിസ്ഥിതി സൗഹൃദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ സന്തോഷം പകരുന്ന ഒരു വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ജോയ് ഇ-ബൈക്ക്. ഈ ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പന നടത്തുന്ന വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവയെ കുറിച്ച് വിശദമായി വായിക്കാം.
കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറായ മിഹോസിനാണ് ഈ മാസം ജോയ് ഇ-ബൈക്ക് 30000 രൂപ വരെ കിഴിവ് നല്‍കുന്നത്. ഈ ഓഫറുകള്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത ജോയ് ഇ-ബൈക്ക് ഡീലര്‍ഷിപ്പുകളിലും ആമസോണ്‍, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. 2024 നവംബര്‍ 15 വരെയാണ് ഓഫറിന് സാധുതയെന്ന് കമ്പനി അറിയിച്ചു.

ബ്ലൂബെല്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പങ്കാളിത്തത്തോടെ ഉത്സവ സീസണിലെ തിരഞ്ഞെടുത്ത പര്‍ച്ചേസുകള്‍ക്ക് കോംപ്ലിമെന്ററി ഇന്‍ഷുറന്‍സും വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡ് (MIFL), 15 ബാങ്കുകള്‍, മറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന സൗകര്യപ്രദമായ ഫിനാന്‍സിംഗ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
ഈ ഉത്സവകാല ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലയില്‍ ഞങ്ങളുടെ സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനുള്ള സവിശേഷമായ അവസരം നല്‍കുന്നതിനായാണ് ജോയ് ഇ-ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ ജോയ് ഇ-ബൈക്ക് മോഡലുകളിലും ആകര്‍ഷകമായ ഓഫറുകളുള്ളതിനാല്‍ പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗത്തിലേക്ക് മാറാനുള്ള ഏറ്റവും മികച്ച അവസരമാണ് ഈ കമ്പനി ഒരുക്കുന്നത്. ഇന്ത്യയിലെ 400-ലധികം നഗരങ്ങളില്‍ ശക്തമായ സാന്നിധ്യം സ്ഥാപിച്ചതായി കമ്പനി അവകാശപ്പെടുന്നു.
മിഹോസ് കൂടാതെ ഗ്ലോബ്, ജെന്‍ നെക്‌സ്റ്റ് നാനു, വൂള്‍ഫ്, വൂള്‍ഫ് എക്കോ, വൂള്‍ഫ് പ്ലസ് എന്നിങ്ങനെ 10-ലധികം വാഹനങ്ങള്‍ കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ട്. 70000 രൂപ മുതലാണ് ജോയ് ഇ-ബൈക്കിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ആരംഭിക്കുന്നത്. ജോയ് ഇ-ബൈക്ക് മിഹോസിന് നിലവില്‍ 1.17 ലക്ഷം രൂപയാണ് വില എക്‌സ്‌ഷോറൂം വിലയാണിത്.
പോളി ഡിസൈക്ലോപെന്റഡീന്‍ (പിഡിസിപിഡി) ഉപയോഗിച്ചാണ് ജോയ് മിഹോസ് വികസിപ്പിച്ചിരിക്കുന്നത്. റെട്രോ ലൈനുകളുടെയും കര്‍വ്ഡ് ബോഡി ഷെല്ലും ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. നല്ല നീളവും വീതിയുമുള്ള സീറ്റ് എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാന്‍ പാകത്തിന് 750 മില്ലിമീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നു. 175 mm ഗ്രൗണ്ട് ക്ലിയറന്‍സോടെയാണ് മോഡല്‍ എത്തുന്നത്.
95 Nm പീക്ക് ടോര്‍ക്കോടുകൂടിയ 1500-വാട്ട് ഇലക്ട്രിക് മോട്ടോറാണ് മിഹോസിന് കരുത്തേകുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 7 സെക്കന്‍ഡിനുള്ളില്‍ 0-40 kmph വേഗത കൈവരിക്കാന്‍ കഴിയും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗത. ഇക്കോ, റൈഡ്, ഹൈ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഇവിക്ക് ലഭിക്കുന്നു. 2.8 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന മിഹോസ് ഇക്കോ മോഡില്‍ 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് അവകാശപ്പെടുന്നത്.
4-5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇലക്ട്രിക് സ്‌കൂട്ടറിന് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ സ്പ്രിംഗ് സസ്പെന്‍ഷനും ലഭിക്കുന്നു.ബ്ലൂടൂത്ത് വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, റിമോട്ട് ട്രാക്കിംഗ്, റിവേഴ്‌സ് മോഡ്, ജിപിഎസ് ട്രാക്കിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഹൈഡ്രോളിക് കോമ്പി ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) തുടങ്ങിയ ഫീച്ചറുകള്‍ മിഹോസിന് ലഭിക്കുന്നു.
ഇന്ത്യയില്‍ നേരത്തെ, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിമുഖത കാണിച്ചിരുന്നു. ഇവികളിലെ ബാറ്ററി, സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍ നേരിടുന്ന വെല്ലുവിളികളായിരുന്നു ഇവികളുടെ ജനാധിപത്യവല്‍ക്കരണത്തിന് വിലങ്ങുതടിയായി നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മിക്ക പ്രശ്‌നങ്ങളും കമ്പനികള്‍ പരിഹരിച്ച് വരികയാണ്. അതിന്റെ കൂടെ ആകര്‍ഷകമായ ഓഫറുകളും വാഗ്ദാനം ചെയ്യുന്നത് വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
ബിഎസ്ഇയിലെ ആദ്യമായി ലിസ്റ്റ് ചെയ്ത ഇലക്ട്രിക് വാഹന നിര്‍മാതാക്കളില്‍ ഒന്നായതിനാല്‍ ഭാവിയെ ഗുണപരമായി സ്വാധീനിക്കുന്നതിനായി ഇവി വിഭാഗത്തിലെ വളര്‍ച്ചാ സാധ്യതകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജോയ് ഇ-ബൈക്ക് അവകാശപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വലിയ അളവില്‍ കാര്‍ബണ്‍ ഉദ്വമനത്തിന് കാരണമാകുന്നത് ഫോസില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ്. മലിനീകരണമുണ്ടാക്കാത്ത ഹരിത മൊബിലിറ്റി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനി രാജ്യത്തിന്റെ ലക്ഷ്യങ്ങളുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്നു.


Click it and Unblock the Notifications








