500 കി.ഗ്രം ലോഡ്‌ശേഷി, 180 കി.മീ റേഞ്ച്... വില 1.06 ലക്ഷം രൂപ മാത്രം! ഓലക്ക് രണ്ട്മുഴം മുന്നേയെറിഞ്ഞ് കൊമാകി
ഇന്ത്യന്‍ ഇലക്ട്രിക് വാഹന ലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു വാര്‍ത്തയായിരുന്നു ഓല ഇലക്ട്രിക് കൊമേഴ്ഷ്യല്‍ സ്‌കൂട്ടറിന്റെ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തത്. പാസഞ്ചര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ഓല വാണിജ്യ വിപണിയിലും കണ്ണുവെക്കുന്നത് എതിരാളികള്‍ ഭയപ്പാടോടെയായിരുന്നു നോക്കിക്കണ്ടത്. എന്നാല്‍ ഓലയുടെ വരവിനും ഒരുമുഴം മുന്നേ എറിഞ്ഞ് പുത്തന്‍ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കൊമാകി.
ഇന്ത്യയില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ടോപ് 5 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ സ്ഥിരമായി സ്ഥാനം പിടിക്കുന്നവരാണ് കൊമാകി. ഒരുപിടി ജനപ്രിയ സ്‌കൂട്ടറുകള്‍ കൊമാകി വിപണനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ വാണിജ്യ, വ്യക്തിഗത ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ XGT CAT 3.0 ഇ-ലോഡര്‍ പുറത്തിറക്കിയിരിക്കുകയാണ് കൊമാകി. കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗം അവതരിപ്പിക്കുകയാണ് ഇതുവഴി കമ്പനി ചെയ്യുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ ഇവി മികച്ച സുരക്ഷ ഉറപ്പുനല്‍കുന്നതിനൊപ്പം ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ള തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1,06,000 രൂപയാണ് ഈ ഇലക്ട്രിക് വാഹനത്തിന് എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നത്. അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ത്രീ-വീലര്‍ ലോഡറുകള്‍ മികച്ച ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. അവയുടെ വൈദഗ്ധ്യം, ഒതുക്കമുള്ള വലിപ്പം, ചെലവ് കുറവ്, തിരക്കേറിയ തെരുവുകളിലൂടെ എളുപ്പത്തില്‍ ഓടിക്കാം എന്നീ കാരണം മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ക്കിടയില്‍ ഇവ പ്രിയങ്കരമാകുന്നത്.
ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കൊപ്പം ഇന്‍ട്രാ-സിറ്റി ഗതാഗതത്തിനും ഇവ അനുയോജ്യമാണ്. കൊമാകി XGT CAT 3.0 ഇ-ലോഡറിനെ കുറിച്ച് പറയുമ്പോള്‍ ലോഡിംഗ് കപാസിറ്റിയുടെ കാര്യത്തിലും ഇത് എതിരാളികളെ വെല്ലുവിള്ിക്കുന്നു. 500 കിലോഗ്രാം വരെ ഭാരമുള്ള ചരക്കുകള്‍ വഹിക്കാന്‍ ഈ ഇവിക്ക് ശേളഷിയുണ്ട്. 12 ഇഞ്ച് വലിപ്പമുള്ള മൂന്ന് വീലുകളിലാണ് ഇത് ഓടുന്നത്. ബ്രേക്ക് ലിവറുകളുള്ള ട്രിപ്പിള്‍ ഡിസ്‌ക് സംവിധാനം സുരക്ഷ ഉറപ്പാക്കുന്നു.

കരുത്തുറ്റ അയണ്‍ ബോഡിയാണ് ഈ വാഹനത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. മികച്ച ഈടും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇ-ലോഡിംഗ് വാഹനങ്ങള്‍ക്കിടയില്‍ ഇത് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നു. വിശാലവും സൗകര്യപ്രദവുമായ സീറ്റിനൊപ്പം വിശാലമായ ഫൂട് സ്‌പെയ്‌സും ലഭിക്കുന്നതിനാല്‍ പരമ്പരാഗത ടൂവീലര്‍ ലോഡറുകളില്‍ ഇത് വ്യത്യസ്തനാണെന്ന് പറയാം. പുതിയ ഉല്‍പ്പന്നത്തില്‍ ഒത്തിരി നൂതന സവിശേഷതകളും കൊമാകി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതിൽ ഒന്നാണ് ഇന്റലിജന്റ് കൊമാകി IQ സിസ്റ്റം. പുതിയ ഫീച്ചറുകള്‍ക്കായി വയര്‍ലെസ് അപ്ഡേറ്റുകള്‍ക്കൊപ്പം കളര്‍ഫുള്‍ ഡാഷ്ബോര്‍ഡിലൂടെ റിയല്‍ ടൈം റൈഡിംഗ് ഇന്‍ഫോര്‍മേഷനുകള്‍ നല്‍കുന്നതാണ് ഈ സംവിധാനം. 500 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റി കൈകാര്യം ചെയ്യുമ്പോള്‍പ്പോലും ഈ സംവിധാനം റൈഡര്‍മാര്‍ക്ക് അവശ്യ വിവരങ്ങള്‍ ലഭ്യമാക്കും. ഇതുമാത്രമല്ല മെച്ചപ്പെട്ട പെര്‍ഫോമന്‍സ്, കാര്യക്ഷമത, സ്ഥിരത, സുരക്ഷ എന്നിവയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു.

ഇത് കൂടാതെ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, ആന്റി-തെഫ്റ്റ് ലോക്ക്, റിമോട്ട് ലോക്ക്, ടെലിസ്‌കോപ്പിക് ഷോക്കുകള്‍, പാര്‍ക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ അധിക സവിശേഷതകളും ഈ ഇ-ലോഡറില്‍ കൊമാകി സജ്ജീകരിച്ചിട്ടുണ്ട്. തീയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗ്രാഫീന്‍ ബാറ്ററിയില്‍ നിന്നാണ് കൊമാകി XGT CAT 3.0 പവറെടുക്കുന്നത്.
ഏകദേശം 120 മുതല്‍ 180 കിലോമീറ്റര്‍ വരെയാണ് ഇവിയുടെ റേഞ്ച് പറയുന്നത്. എന്നാല്‍ ലോഡിനെ ആശ്രയിച്ച് റേഞ്ച് മാറ്റം വരുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക. സുരക്ഷ, സൗകര്യം, പെര്‍ഫോമന്‍ എന്നിവയില്‍ ശക്തമായ ഊന്നല്‍ നല്‍കിക്കൊണ്ട് വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൂക്ഷ്മമായ ഡിസൈന്‍ പ്രക്രിയയിലാണ് ഈ മോഡല്‍ പണികഴിപ്പിച്ചിരിക്കുന്നത്.

നൂതന സവിശേഷതകളും അത്യാധുനിക സാങ്കേതികവിദ്യയും, വാണിജ്യ, വ്യക്തിഗത ഗതാഗത ആവശ്യങ്ങള്‍ക്ക് വിശ്വസനീയവും കാര്യക്ഷമവുമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. പുതുതായി വിപണിയില്‍ എത്തിയ ഈ കൊമാകി മോഡലിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?. അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








