കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് KTM ബൈക്കുകള്‍! വീട്ടമ്മമാര്‍ ഇനി സമാധാനത്തോടെ ഉറങ്ങുമോ?
ലോകത്തെ മുന്‍നിര ടൂവീലര്‍ നിര്‍മാതാക്കളാണ് ഓസ്ട്രിയയില്‍ നിന്നുള്ള കെടിഎം. ഇന്ത്യയിലെ യൂത്തിന്റെ ഇടയിലും തരംഗമാണ് കെടിഎം ബൈക്കുകള്‍. 'കാലന്റെ വണ്ടി' എന്നൊക്കെ വിളിപ്പേരുണ്ടെങ്കിലും ടീം ഓറഞ്ചിന് ഇന്ത്യയില്‍ നല്ല ഫാന്‍ബേസ് ഉണ്ട്. എന്നിരുന്നാലും മക്കള്‍ക്ക് കെടിഎം ബൈക്ക് വാങ്ങി നല്‍കിയ മാതാപിതാക്കള്‍ക്ക് സമാധാനമില്ലെന്ന് തന്നെ പറയാം. ഇത് കമ്പനിയുടെ പ്രശ്‌നമല്ലെന്ന് കൂടി ഓര്‍മിപ്പിക്കട്ടേ. ബജാജ് ഓട്ടോയാണ് കെടിഎമ്മിന്റെ ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിറ്റഴിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി കെടിഎമ്മിനെ കുറിച്ച് നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒന്നും അത്ര നല്ലതല്ല. കമ്പനി പാപ്പരായെന്ന താരത്തില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോള്‍ ലക്ഷക്കണക്കിന് യൂണിറ്റ് ബൈക്കുകള്‍ ഇപ്പോള്‍ വിറ്റുപോകാതെ കെടിഎമ്മിന്റെ സൗകര്യങ്ങളില്‍ കെട്ടിക്കിടക്കുന്നതായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിക്ക് നിലവില്‍ 3 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാപ്പര്‍ ഹരജിയില്‍ വാദം കേട്ടുകൊണ്ടിരിക്കെ കെടിഎമ്മിന്റെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം മാനേജ്‌മെന്റിന്റെ തെറ്റായ തീരുമാനങ്ങള്‍ ആയിരുന്നുവെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.

എളുപ്പം വിറ്റപോകുമെന്ന് കരുതി ലക്ഷക്കണക്കിന് യൂണിറ്റ് വാഹനങ്ങളാണ് കമ്പനി മുന്‍കൂട്ടി നിര്‍മിച്ചത്. ആദ്യം കൈപൊള്ളിയത് ഇവിടെയാണ്. മാനേജ്‌മെന്റിന്റെ ഈ തെറ്റായ കണക്കുകൂട്ടല്‍ കാരണം 2.65 ലക്ഷം ബൈക്കുകള്‍ വിറ്റുപോകാതെ യാര്‍ഡുകളില്‍ കെട്ടിക്കിടക്കുകയാണ്. കെടിഎമ്മിന്റെ പ്രതിവര്‍ഷ വില്‍പ്പന 2.65 ലക്ഷം യൂണിറ്റാണ് അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷത്തേക്ക് വില്‍ക്കാനുള്ള ബൈക്കുകള്‍ ഇപ്പോള്‍ തന്നെ സ്‌റ്റോക്കുണ്ട്.
ഈ സാഹചര്യം നേരിടാന്‍ കെടിഎം കമ്പനി 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തല്‍ക്കാലികമായി നിര്‍മാണം നിര്‍ത്തിവെക്കാന്‍ പോകുന്നതായാണ് വിവരം. വാഹനങ്ങളുടെ അമിത ഉല്‍പ്പാദനം മൂലം വന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാനായി നിര്‍മാണം നിര്‍ത്തുന്നത് ചുരുങ്ങിയത് 1000 തൊഴിലാളികളെ എങ്കിലും ബാധിക്കും. ഇത് ഏറെ ആശങ്കാജനകമാണ്. മാത്രമല്ല വിദേശത്തുള്ള പല കെടിഎം ജീവനക്കാര്‍ക്കും ഡിസംബര്‍ മാസത്തെ ശമ്പളവും ക്രിസ്മസ് ബോണസും ലഭിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

കെടിഎമ്മിന്റെ മാത്രമല്ല മറ്റ് പല കമ്പനികള്‍ക്കും വിറ്റുപോകാത്ത സ്‌റ്റോക്കുകള്‍ ധാരാളമുണ്ടാകും. എന്നാല്‍ അമിത ഉല്‍പ്പാദനം കാരണം സാമ്പത്തിക പ്രതിസന്ധി കൂടി നേരിടുന്നതിനാല്‍ ഇത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ യുവാക്കളുടെ പ്രിയപ്പെട്ട ഇരുചക്ര വാഹന ബ്രാന്‍ഡാണ് കെടിഎം. ഇന്ത്യയില്‍ കെടിഎമ്മിന്റെ ബൈക്കുകള്‍ കൂടുതലായി വില്‍ക്കാതെ കിടക്കുന്നുണ്ടോ എന്നറിയില്ല. അങ്ങനെ ആണെങ്കില്‍ ഒരുപക്ഷേ അവ ഓഫര്‍ ഇട്ട് വിറ്റഴിച്ചാല്‍ രാജ്യത്തെ ഫ്രീക്കന്‍മാര്‍ക്ക് ആഘോഷിക്കാം.
നേക്കഡ്, സൂപ്പര്‍ സ്പോര്‍ട്ട്, ട്രാവല്‍, മോട്ടോക്രോസ്, എന്‍ഡ്യൂറോ എന്നീ വിഭാഗങ്ങളില്‍ കെടിഎം ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലാണ് 125 ഡ്യൂക്ക്. ഇതിന്റെ പ്രാരംഭ വില 1.81 ലക്ഷം രൂപയാണ്. ഇത് എക്സ്‌ഷോറൂം വില മാത്രമാണ്. 125 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC മോട്ടോറാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് പരമാവധി 14.5 PS പവറും 12 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
ഇന്ത്യയില്‍ കരുത്തുറ്റ സ്പോര്‍ട്ടി ബൈക്ക് ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ കെടിഎം ബൈക്കുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ മത്സരം കടുത്തതോടെ വില്‍പ്പന നേരിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ അമിത ഉല്‍പ്പാദനം കൂടി ആയതോടെയാണ് കമ്പനി പ്രതിസന്ധിയില്‍ ആയത്. കെടിഎമ്മില്‍ നിക്ഷേപമുള്ള ബജാജ് ഈ സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കുമന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഏതായാലും സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് കരകയറി കമ്പനി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരട്ടെ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








