ബാറ്ററി പൈസ 'വാടകയായി' മതി; 100 കി.മീ റേഞ്ചുള്ള ഇവി 50000 രൂപയ്ക്ക് തരാമെന്ന് കമ്പനി
ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ ഓരോ ദിവസവും പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കൊപ്പം പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ കൂടി ഇവികളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയതോടെ കോളടിച്ചത് ഉപഭോക്താക്കള്‍ക്കാണ്. വിവിധ വില നിലവാരത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായുള്ള ഉല്‍ന്നങ്ങളാണ് വിപണിയില്‍ എത്തുന്നത്.
പെട്രോള്‍ സ്‌കൂട്ടറുകളേക്കാള്‍ കുറഞ്ഞ വിലയില്‍ മികച്ച മൈലേജുള്ള ഇവികള്‍ ഇന്ന് വാങ്ങാന്‍ കിട്ടും. അക്കൂട്ടത്തിലേക്കുള്ള പുത്തന്‍ എന്‍ട്രിയാണ് ലെക്ട്രിക്‌സ് ഇവിയുടെ പുതിയ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍. SAR ഗ്രൂപ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമാണ് ലെക്ട്രിക്‌സ് ഇവി. വെറും 49999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പന്ി തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

എന്നാല്‍ ചെറിയൊരു ട്വിസ്റ്റുണ്ട്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബാറ്ററി ഒരു സര്‍വീസായാണ് ലഭിക്കുക. അതായത് ബാറ്ററി സേവനങ്ങള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ പണം നല്‍കേണ്ടതായി വരും. വാഹനത്തില്‍ നിന്ന് ബാറ്ററി വേര്‍തിരിച്ച് ഉപഭോക്താക്കള്‍ക്ക് ബാറ്ററി ആസ് എ സര്‍വീസ് (BaaS) സേവനമായി നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ലെക്ട്രിക്‌സ് ഇവി.
ഉയര്‍ന്ന വിലയും ബാറ്ററിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് ഇവികള്‍ ജനകീയമാകുന്നതിന് മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളിയായി കണക്കാക്കപ്പെടുന്നത്. ഈ പുത്തന്‍ ഉല്‍പ്പന്നം പുറത്തിറക്കുന്നതിലൂടെ ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് കമ്പനി കരുതുന്നത്. വാഹനത്തില്‍ നിന്ന് ബാറ്ററി ഡീലിങ്ക് ചെയ്യുന്നത് വഴി ഇവികള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാകുമെന്ന് മാത്രമല്ല അവ കൂടുതല്‍ പ്രാപ്യമാകുകയും ചെയ്യുന്നുവെന്നാണ് ലെക്ട്രിക്‌സ് ഇവി പറയുന്നത്.
'ഒരു ഐസി എഞ്ചിന്‍ വാഹനം വാങ്ങുന്നതിനുള്ള ചെലവ് ഒരു ലക്ഷം രൂപയാണ്. ഞങ്ങളുടെ ഓഫറിന്റെ ഇരട്ടിയോളം വരും ഇത്. പെട്രോളിലെ പ്രതിമാസം മുടക്കേണ്ട തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഐസിഇ വാഹനത്തിന്റെ പരിപാലനച്ചെലവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഞങ്ങളുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ കൂടുതല്‍ ലാഭകരമാകുന്നു' ലെക്ട്രിക്‌സ് ഇവി ഇവി ബിസിനസ് പ്രസിഡന്റ് പ്രതേഷ് തല്‍വാര്‍ വിശദീകരിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ സ്ലോ സ്പീഡ് ഇവിയുടെ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഹൈസ്പീഡ് ഇവി ലഭിക്കുന്നു. തന്ത്രപരമായ വിലനിര്‍ണയ രീതിയിലൂടെ സര്‍ക്കാര്‍ സബ്സിഡികളെ അമിതമായി ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയും ഇല്ലാതാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാസം 1499 രൂപയാണ് ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. ബാറ്ററി-ആസ്-എ-സര്‍വീസ് പ്രോഗ്രാം കാരണം ഉപഭോക്താക്കള്‍ക്ക് ലെക്ട്രിക്‌സ് ഇവി എതിരാളികള്‍ നല്‍കുന്നതിനേക്കാള്‍ 40 ശതമാനം കുറഞ്ഞ ചെലവില്‍ നല്‍കാനാകുമെന്നാണ് കമ്പനി പറയുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടും. മാത്രമല്ല ആജീവനാന്ത ബാറ്ററി വാറണ്ടിയോടെയാണ് ഇത് വരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ 2024 ഫെബ്രുവരിയില്‍ കമ്പനി LXS 2.0 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. 79,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇവി റീടെയില്‍ ചെയ്യുന്നത്.
2.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന ഇത് ഒറ്റ ചാര്‍ജില്‍ 98 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ലെക്ട്രിക്‌സ് പുതിയ LXS 2.0 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇവിക്ക് 3 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടിയും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്റി തെഫ്റ്റ് സിസ്റ്റം, എമര്‍ജന്‍സി എസ്ഒഎസ്, ഡോര്‍സ്റ്റെപ്പ് സേവനം എന്നിവയും ഇതോടൊപ്പം കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.
ഇതിനോടകം ലെക്ട്രിക്‌സിന്റെ പതിനായിരത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തിയിട്ടുണ്ട്. പുത്തന്‍ ലോഞ്ചുകളിലൂടെ രാജ്യത്തെ ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ മുന്‍നിരക്കാരാകാനാണ് ലെക്ട്രിക്‌സിന്റെ ശ്രമം. 2020-ല്‍ ലെക്ട്രിക്‌സിന് ആരംഭം കുറിച്ചത് മുതല്‍ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രത്തിനായി എസ്എആര്‍ ഗ്രൂപ്പിന്റെ 300 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 1.5 ലക്ഷം ഇവികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. മാത്രമല്ല ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 300 ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ച് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനും ലെക്ട്രിക്‌സ് ഇവി ഒരുങ്ങുകയാണ്.


Click it and Unblock the Notifications








