കാടും മലയും താണ്ടാൻ ഇവർ ഉടനെ എത്തും, വരാനിരിക്കുന്ന അഡ്വഞ്ചർ ബൈക്കുകളെ പരിചയപ്പെടാം
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ ആരാധകർ ഏറെയുള്ള സെഗ്മെന്റാണ് ആഡ്വഞ്ചർ ബൈക്കുകൾ. കരുത്തും അഴകും ഒരുമിക്കുന്ന ആകർഷകമായ നിരവധി അഡ്വഞ്ചർ ബൈക്കുകൾ നിലവിൽ വിൽപ്പനയിലുണ്ട്. എന്നാൽ, അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ ചില മോഡലുകളും വൈകാതെ രാജ്യത്ത് ലോഞ്ച് ചെയ്യും. കെടിഎം, റോയൽ എൻഫീൽഡ്, ഹീറോ മോട്ടോകോർപ്പ്, കവാസാക്കി തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ പുതിയ ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂററുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ വിപണിയിലെത്താൻ പോകുന്ന ഓഫ് റോഡിലും ഓൺ റോഡിലും ഒരുപോലെ മികവുള്ള അഡ്വഞ്ചർ ബൈക്കുകൾ പരിചയപ്പെടാം.
പുതിയ കെടിഎം 390 അഡ്വഞ്ചർ ആർ
വിപണിയിലെ ജനപ്രിയ അഡ്വഞ്ചർ ബൈക്കുകളിലൊന്നായ കെടിഎം 390 അഡ്വഞ്ചർ വൈകാതെ പുതിയ ഡിസൈനുമായി പുറത്തിറങ്ങും. 2025 കെടിഎം 390 അഡ്വഞ്ചർ ആർ പുറത്തിറങ്ങുക പുതിയ 390 ഡ്യൂക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും. പുത്തൻ ട്രെല്ലിസ് ഫ്രെയിമായിരിക്കും ഈ ബൈക്കിൽ വരാൻ പോകുന്ന ഏറ്റവും വലിയ മാറ്റം.

പുതിയ കെടിഎം 390 അഡ്വഞ്ചർ ആറിൽ നവീകരിച്ച ഡിസൈനിന് പുറമേ പുതിയ സവിശേഷതകളും ഇലക്ട്രോണിക് ഫീച്ചറുകളും അവതരിപ്പിക്കും. 45 ബിഎച്ച്‌പി പവറും 39 എൻഎം ടോർക്കും ഉത്പാദിക്കാൻ സാധിക്കുന്ന വിധത്തിൽ ട്യൂൺ ചെയ്‌ത 399 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് ഡിഒഎച്ച്‌സി എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് നൽകുന്നത്.
പുതിയ തലമുറ ഹീറോ എക്സ്പൾസ് 210
രണ്ടാം തലമുറ ഹീറോ എക്സ്പൾസ് 210 മോഡലാണ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിലെത്താൻ പോകുന്ന മറ്റൊരു ശ്രദ്ധേയമായ മോഡൽ. മുൻതലമുറ മോഡലിനെക്കാൾ ആകർഷകമായ ഡിസൈനും പുതിയ ഫീച്ചറുകളുമായിട്ടായിരിക്കും വാഹനം വരുന്നത്. പുതിയ തലമുറയെ ആകർഷിക്കാനുള്ള ഫീച്ചറുകൾക്കൊപ്പം കരുത്തുള്ള എഞ്ചിനും ഹീറോ പുതിയ തലമുറ എക്സ്പൾസിൽ നൽകും.

കരിസ്മ XMRന് കരുത്ത് നൽകുന്ന അതേ 210 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനായിരിക്കും പുതിയ തലമുറ ഹീറോ എക്സ്പൾസ് 210ന്കരുത്ത് നൽകുന്നത്. ഏകദേശം 25 bhp കരുത്തും 20.4 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനായിരിക്കും ഇത്. വാഹനത്തിൽ നിരവധി മെക്കാനിക്കൽ അപ്‌ഡേറ്റുകളും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.
റോയൽ എൻഫീൽഡ് ഹിമാലയൻ റാലി
റോയൽ എൻഫീൽഡ് ഹിമാലയൻ 411ന് പകരക്കാരനായി എത്തിയ കൂടുതൽ കരുത്തുള്ള ഹിമാലയൻ 450യുടെ പുതിയ പതിപ്പും വൈകാതെ ഇന്ത്യൻ അഡ്വഞ്ചർ ബൈക്ക് വിപണിയിലെത്തും. കൂടുതൽ ഓഫ്-റോഡ്-ഫോക്കസ്ഡ് വേരിയന്റായിരിക്കും റോയൽ എൻഫീൽഡ് ഹിമാലയൻ റാലി. ഓഫ് റോഡിനായി നിരവധി മികച്ച സവിശേഷതകളുമായിട്ടായിരിക്കും ഈ വാഹനം പുറത്തിറങ്ങുക.

ഓഫ് റോഡിനായി ഡിസൈൻ ചെയ്ത റോയൽ എൻഫീൽഡ് ഹിമാലയൻ റാലി നിലവിൽ കമ്പനി പരീക്ഷച്ചുകൊണ്ടിരിക്കുകയാണ്. റാലി-സ്പെക്ക് ടെയിൽ കൗൾ, ക്രോസ്-സ്‌പോക്ക് ട്യൂബ്‌ലെസ് വീലുകൾ, ഉയരത്തിൽ ഘടിപ്പിച്ച എക്‌സ്‌ഹോസ്റ്റ്, നക്കിൾ ഗാർഡുകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ ഇപ്പോൾ പരീക്ഷണയോട്ടം നടത്തുന്ന ടെസ്റ്റ് മ്യൂളിൽ കണ്ടെത്തിയിട്ടുണ്ട്. 452 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയായിരിക്കും ഈ വാഹനത്തിനും കരുത്ത് നൽകുന്നത്.
കവാസാക്കി KLX 230S
ഡിസംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോട്ടോർസൈക്കിളാണ് കവാസാക്കി KLX 230S. 200-450 സിസി സെഗ്മെന്റിൽ അഡ്വഞ്ചർ ബൈക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായിട്ടായിരിക്കും ഈ മോഡൽ പുറത്തിറക്കുന്നത്. 233 സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനായിരിക്കും ഈ വാഹനത്തിന് കരുത്ത് നൽകുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








