ബൈക്ക് ടാക്സികൾക്ക് ഒരു ആശ്വാസവാർത്ത, പുതിയ സർക്കുലറിൽ വിശ്വാസമർപ്പിച്ച് കമ്പനികൾ
കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കും അവിടെ താമസിക്കുന്നവർക്കും ഏറെ പരിചിതമായ സംവിധാനമാണ് ബൈക്ക് ടാക്സികൾ. ഇന്ത്യയിൽ ബൈക്ക് ടാക്സികളുടെ നിയമസാധുത സംബന്ധിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഒരു ഉപദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 1988ലെ മോട്ടോർ വെഹിക്കിൾ (എംവി) നിയമത്തിലെ സെക്ഷൻ 2(7) പ്രകാരം മോട്ടോർസൈക്കിളുകൾ കോൺട്രാക്ട് ക്യാരേജുകളുടെ വിഭാഗത്തിൽ ഉൾപ്പെടുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഗോവ, തെലങ്കാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ ഇതിനകം ബൈക്ക് ടാക്‌സികൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിൽ നിരോധിച്ചിരിക്കുകയായിരുന്നു. അതേസമയം, ഇന്ത്യയിലെ ബൈക്ക് ടാക്സി സേവനങ്ങൾ ടയർ 2, ടയർ 3 നഗരങ്ങളിൽ വിപുലീകരിക്കുന്നുമുണ്ട്.

പുതിയ സർക്കുലറോടെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ബൈക്ക് ടാക്‌സി പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ സ്വീകരിച്ച് പ്രോസസ്സ് ചെയ്യാൻ തുടങ്ങാനാണ് സാധ്യത. ഇത് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും താങ്ങാനാവുന്ന യാത്രാമാർഗങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഏറ്റവും ഉചിതമായ ഒരു മാർഗമായിരിക്കും എന്ന കാര്യത്തിൽ ഒറു സംശയവുമില്ല.
ബൈക്ക് ടാക്‌സി വ്യവസായത്തിൽ 60 ശതമാനം വിപണി വിഹിതം കൈവശമുള്ള റാപിഡോ, ഇന്ത്യയിലുടനീളം പ്രതിദിനം ഒരു ദശലക്ഷത്തിലധികം ബൈക്ക് ടാക്‌സി സവാരികൾ നടത്തുകയും വ്യക്തികൾക്ക് ഒന്നിലധികം തൊഴിലവസരങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നു. ഈ വിഭാഗത്തിലെ മറ്റൊരു കേമനാണ് ഊബർ മോട്ടോ.

ബൈക്ക് ടാക്‌സി നിയന്ത്രണത്തെക്കുറിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നൽകിയ നിർദേശക്കെ ഞങ്ങൾ സ്വീകരിക്കുന്നുവെന്നും, എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ബൈക്ക് ടാക്‌സികൾക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് പ്രോസസ്സ് ചെയ്യാൻ തുടങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ് എന്നുമാണ് റാപിഡോയുടെ സഹസ്ഥാപകനായ പവൻ ഗുണ്ടുപള്ളി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
പലരും വൈറ്റ് കോളർ ജോലി നഷ്ടപ്പെടുമ്പോൾ ഏറ്റവും ആദ്യം എങ്ങനെയെങ്കിലും വരുമാന മാർഗമായി സ്വീകരിക്കുന്ന ഒരു വഴിയാണ് റാപ്പിഡോ, സ്വിഗ്ഗി, സൊമാറ്റോ ഒക്കെ, എല്ലാ ജോലിക്കും അതിൻ്റേതായ മാന്യതയുണ്ട്, ആരേയും കുറച്ച് കാണേണ്ട കാര്യമില്ല. ഐടി കമ്പനികളിൽ നിന്നെല്ലാം ഒരുപാട് ജോലിക്കാരെ പിരിച്ചു വിടുന്ന പ്രക്രിയകൾ നടന്നു കൊണ്ടിരിക്കുകയാണ്. അത് വഴി ജോലി നഷ്ടപ്പെട്ട ഒരു സോഫ്റ്റുവെയർ ഡെവലപ്പർ റാപ്പിഡോ ഓടിക്കുന്ന വാർത്ത നിങ്ങളിലേക്ക് എത്തിച്ചിരുന്നു.
ടാക്സി അഗ്രിഗേറ്റർ സംവിധാനം പോലെ തന്നെ ചിലർ ചെയ്യുന്ന കാര്യമാണ് കാർ പൂളിങ്ങ്. കാര്‍പൂള്‍ ആപ്പുകളുടെ വരവോടെ ഒരേ ദിശയില്‍ സഞ്ചരിക്കുന്ന അപരിചിതരെയും അത്തരം ഗ്രൂപ്പുകളില്‍ ചേരാന്‍ അനുവദിക്കുന്നു.ജോലി ആവശ്യാര്‍ത്ഥം കേരളത്തിന്റെ പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കാര്‍ പൂളിംഗ് ആപ്പുകളുടെ പ്രയോജനം അനുഭവിച്ചറിയുന്നവരാണ്. ക്വിക്ക് റൈഡ്, സൂം തുടങ്ങിയ കാര്‍പൂളിംഗ് ആപ്പുകള്‍ പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ഈ കേസില്‍ പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യുകയോ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴയോ ഈടാക്കുകയോ ചെയ്യും. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കാര്‍പൂളിംഗ് ആപ്പുകള്‍ നിയമം ലംഘിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാര്‍ പൂളിംഗ് ആപ്പുകള്‍ക്കെതിരെ ബെംഗളൂരു നരഗത്തിലെ ടാക്സി ഡ്രൈവര്‍ നിരന്തരമായി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിന്റെ നടപടി.
പുതിയ സർക്കുലർ ഇറങ്ങിയതോടെ രാജ്യത്ത് ബൈക്ക് ടാക്സികൾ കൂടുതൽ സജീവമാകുമെന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്. കേരളത്തിൽ ഇതുവരെ ഇത്തരം സംവിധാനം വരാത്തത് വളരെ കഷ്ടമാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗതാഗത കുരുക്ക് കുറവാണ് എങ്കിലും പെട്ടെന്ന് ഒരു സ്ഥലത്തേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പമാർഗമാണ് ബൈക്ക് ടാക്സികൾ. നിങ്ങളുടെ അഭിപ്രായം എന്താണ്, കേരളത്തിൽ ബൈക്ക് ടാക്സികൾ എത്തിയാൽ വിജയകരമായിരിക്കുമോ.


Click it and Unblock the Notifications








