അഴകും കരുത്തും സേഫ്റ്റിയും സമന്വയിപ്പിച്ച് ജാവയുടെ ചുണക്കുട്ടനെത്തി! യൂത്തന്‍മാര്‍ ബുള്ളറ്റിനെ കൈവിടുമോ?
റെട്രോ റോഡ്സ്റ്റര്‍ എക്‌സപീരിയന്‍സ് പുനര്‍നിര്‍വചിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജാവ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ സിഗ്‌നേച്ചര്‍ മോഡലായ ജാവയെ നവീകരിച്ച് പുറത്തിറക്കി. ഓള്‍ഡ് സ്‌കൂള്‍ ലുക്ക്‌സ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഡിസൈന്‍, എഞ്ചിന്‍, ഷാസി എന്നിവയില്‍ മാറ്റങ്ങളുമായാണ് മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് കൊണ്ട് എത്തുന്ന പുതിയ മോഡലിനെ കുറിച്ച് കൂടുതലായി ചുവടെ വായിക്കാം.
കാലാതീതമായ സൗന്ദര്യത്തിന്റെയും കരുത്തുറ്റ എഞ്ചിനീയറിംഗിന്റെയും പ്രതീകമായി മാറുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ജാവ 350 എന്ന മോഡല്‍ 2,14,950 രൂപ എക്‌സ്‌ഷോറൂം വിലയിലയാണ് ജാവ പുറത്തിറക്കിയിരിക്കുന്നത്. ജാവ സ്റ്റാന്‍ഡേര്‍ഡിന്റെ അപ്‌ഡേറ്റഡ് പതിപ്പാണിത്. മുന്‍ഗാമിയേക്കാള്‍ 12000 രൂപ വില കൂടുതലാണ് ജാവ 350 മോട്ടോര്‍സൈക്കിളിന്. ഈ ഐക്കണിക്ക് മോട്ടോര്‍സൈക്കിള്‍, അതിന്റെ ചരിത്രപരമായ സിലൗറ്റിനെ ആവേശകരമായ പ്രകടനത്തോടെ സമന്വയിപ്പിക്കുന്നു.

പുതിയ ജാവ 350 ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വേഗമേറിയ, മികച്ച ഹാന്‍ഡ്ലിംഗ്, മികച്ച ബ്രേക്കിംഗ്, സുരക്ഷിതത്വം എന്നിവ നല്‍കുന്ന ക്ലാസിക് മോട്ടോര്‍സൈക്കിളാണ്. നിലവിലുള്ള 294.72 സിസി എഞ്ചിന് പകരം കുറച്ച് കൂടി വലിയ 334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ സ്ഥാനം പിടിക്കുന്നതിനാലാണ് ജാവ 350 എന്ന പേര് പുതിയ ബൈക്കിന് ലഭിക്കുന്നത്.
ജാവ 42 ബോബര്‍ പെറാക് എന്നീ മോഡലുകള്‍ക്ക് തുടിപ്പേകുന്ന മോട്ടോറാണ് ജാവ 350-യില്‍ സജ്ജീകരിക്കുന്നത്. ഈ മോട്ടോര്‍ പരമാവധി 22 bhp പവറും 28.2 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ഹാര്‍ഡ്വെയറും ഫീച്ചര്‍ അപ്ഗ്രേഡുകളും സഹിതം വലിയ എഞ്ചിനെ ഉള്‍ക്കൊള്ളുന്നതിനായി ഷാസിയില്‍ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

മെറൂണ്‍, ബ്ലാക്ക് ട്രിമ്മുകള്‍ നിലനിര്‍ത്തിക്കൊണ്ട് കമ്പനി ഒരു പുതിയ മിസ്റ്റിക് ഓറഞ്ച് പെയിന്റ് സ്‌കീം അവതരിപ്പിച്ചു. പോളിഷ്ഡ് ക്രോം ഗോള്‍ഡന്‍ പിന്‍സ്ട്രിപ്പുകള്‍ എന്നിവ ഉപയോഗിച്ച് ബൈക്കിന്റെ മൊഞ്ച് കൂട്ടിയിട്ടുണ്ട് ജാവ. ഡിസൈനിന്റെ കാര്യത്തിലും ജാവ 350 അല്പം വ്യത്യസ്തമാണ്. മുന്‍കാലങ്ങളിലെ ഐക്കണിക്ക് ജാവയോട് സാമ്യമുള്ള തരത്തിലാണ് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കൂടാതെ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ക്രോം ടാങ്ക്, മുന്നിലും പിന്നിലും ഫുള്‍ ഫെന്‍ഡറുകള്‍, ധാരാളം ക്രോം എലമെന്റുകള്‍, പഴയ മോഡലുകള്‍ക്ക് സമാനമായ ഡിസൈനിലുള്ള എക്സ്ഹോസ്റ്റുകള്‍ എന്നിവ ഇതിലും കാണാം. മൊത്തത്തിലുള്ള സ്റ്റാന്‍സും സിലൗറ്റും ഏതാണ്ട് അതേപടി തുടരുമ്പോഴും നടപ്പാക്കിയിരിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ ഇപ്പോള്‍ അതിനെ കൂടുതല്‍ മനോഹരമാക്കുന്നു. ചങ്കിയര്‍ ടയറുകളും, ഫെന്‍ഡറുകളും കട്ടിയുള്ള സീറ്റുകളും ബൈക്കിന്റെ ഹൈലൈറ്റുകളായി മാറുന്നു.

ബൈക്കിന്റെ വലിപ്പത്തിലും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 178 മില്ലീമീറ്ററും സീറ്റ് ഉയരം 802 മില്ലീമീറ്ററുമാണ്. 1,449 mm ആണ് ബൈക്കിന്റെ വീല്‍ബേസ് അളവ്. ബൈക്കിന്റെ മുന്‍ഗാമിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 165 mm, സീറ്റ് ഉയരം 765 mm, വീല്‍ബേസ് 1,368 mm എന്നിങ്ങനെ ആയിരുന്നു. ബൈക്കിന്റെ ഭാരവും കൂട്ടിയിട്ടുണ്ട്. ജാവ 350 മോട്ടോര്‍സൈക്കിളിന് 194 കിലോഗ്രാം ഭാരമുള്ളപ്പോള്‍ മുന്‍ഗാമിയുടെ ഭാരം 182 കിലോഗ്രാം ആയിരുന്നു.
ഈ മാറ്റങ്ങളെല്ലാം ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ പുതിയ ഡ്യുവല്‍ ക്രാഡില്‍ ഷാസിയിലാണ് ബൈക്ക് പണിയുന്നത്. ബൈക്കിന്റെ സ്റ്റബിലിറ്റി മെച്ചപ്പെടുത്തുന്നതിനായി വൈഡര്‍ ടയറുകളും ഘടിപ്പിച്ചിട്ടുണ്ട്. 100/90 മുന്‍വശത്തും 130/80 സെക്ഷന്‍ പിന്നിലും നല്‍കിയിരിക്കുന്നു. ടയര്‍ സൈസ് 18-17 ഇഞ്ചില്‍ മാറ്റങ്ങള്‍ ഇല്ല. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്ക്, ഡ്യുവല്‍ റിയര്‍ ഷോക്കുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് സഹിതം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് മറ്റ് ഹാര്‍ഡ്‌വെയറുകള്‍.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട CB350, ബെനെല്ലി ഇംപീരിയാലെ 400 എന്നീ മോഡലുകള്‍ക്കെതിരെയാണ് ഇന്ത്യന്‍ വിപണിയില്‍ ജാവ 350 മത്സരിക്കുക. ആധുനിക മോട്ടോര്‍സൈക്കിളിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ആ ഒരു റെട്രോ ബൈക്ക് തേടുന്നവരെയും പുതുതലമുറ റൈഡര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തിലാണ് ജാവ 350 പുറത്തിറക്കിയിരിക്കുന്നത്. ജാവ 350, ജാവ 42, ജാവ 42 ബോബര്‍, ജാവ പെറാക് എന്നിവയാണ് നിലവില്‍ ജാവ മോട്ടോര്‍സൈക്കിള്‍സിന്റെ പോര്‍ട്‌ഫോളിയോയില്‍ ഉള്‍ക്കൊള്ളുന്നത്.


Click it and Unblock the Notifications








