ആക്ടിവയെ പൂട്ടാന്‍ ടിവിഎസിന്റെ പുതിയ സ്‌കൂട്ടര്‍; സിഎന്‍ജി സ്‌കൂട്ടറോ അതോ പുതിയ ജുപ്പിറ്ററോ?
ഇന്ത്യയിലെ മുന്‍നിര ടൂവിലര്‍, ത്രീവീലര്‍ നിര്‍മാതാക്കളാണ് ടിവിഎസ് മോട്ടോര്‍. കമ്പനി 2024 ഓഗസ്റ്റ് 19 ന് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ വെച്ച് പുതിയ ഉല്‍പ്പന്നം പുറത്തിറക്കാന്‍ പോകുകയാണ്. മാധ്യമങ്ങള്‍ക്ക് ലഭിച്ച ക്ഷണത്തില്‍ പുതിയ ഉല്‍പ്പന്നത്തെ കുറിച്ച് കാര്യമായ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കില്‍ കൂടി ഇത് ഒരു സ്‌കൂട്ടറാണെന്ന് കരുതാം. നിലവിലെ മോഡലുകളുമായി പൊരുത്തപ്പെടാത്ത പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് കാണിക്കുന്ന ഒരു ടീസര്‍ മീഡിയ ഇന്‍വൈറ്റിന്റെ കൂടെ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടിവിഎസ് സിഎന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂവീലറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വരാന്‍ പോകുന്നത് ടിവിഎസ് ജുപ്പിറ്ററിന്റെ സിഎന്‍ജി പതിപ്പാണോ അതോ ജനപ്രിയ സ്‌കൂട്ടറിന്റെ തന്നെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ടിവിഎസ് കമ്പനി തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നതിനായി പുതിയ മോഡലുകള്‍ പണിയുന്ന തിരക്കിലാണ്. അടുത്തിടെയാണ് തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന്റെ ടോപ്പ്-സ്‌പെക്ക് ST ട്രിം അവതരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറായ X അവതരിപ്പിക്കുകയും ചെയ്തു. ഐക്യൂബ് ശ്രേണി ടിവിഎസിന്റെ വില്‍പ്പനയില്‍ കാര്യമായ സംഭാവന ചെയ്യുന്നുണ്ട്. ഇവിയുടെ പുതിയ വേരിയന്റുകള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ടിവിഎസ് ഈ മാസം പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ പോകുന്നത്. ടിവിഎസിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ ലോഞ്ചിന് മുന്നോടിയായി അവരുടെ മോഡലുകളുടെ ടെസ്റ്റ് മ്യൂളുകള്‍ അത്ര വ്യാപകമായി കണ്ടുവരാറില്ല.
അതുകൊണ്ട് തന്നെ വരാന്‍ പോകുന്ന ഉല്‍പ്പന്നത്തെ കുറിച്ചുള്ള കാര്യമായ ധാരണ പുറംലോകത്തിന് കാണില്ല. ടിവിഎസ് റെയ്ഡര്‍ 125 കമ്പനി പുറത്തിറക്കിയത് ഒരു ഉദാഹരണമായി നമുക്ക് എടുക്കാവുന്നതാണ്. ഏതായാലും പുതിയ ഉല്‍പ്പന്നത്തെ കുറിച്ചുള്ള ടീസറുകളും ലോഞ്ച് ക്യാമ്പയ്നുകളും ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ജുപ്പിറ്റര്‍ 125 അടിസ്ഥാനമാക്കി സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ സ്‌കൂട്ടറിന് പിന്നില്‍ ടിവിഎസ് പ്രവര്‍ത്തിക്കുന്നുവെന്ന കര്യം മുകളില്‍ സൂചിപ്പിച്ചിരുന്നുവെല്ലോ.

എങ്ങനെ വന്നാലും സിഎന്‍ജി മോഡല്‍ എത്താന്‍ കൂടുതല്‍ സമയമെടുത്തേക്കാവുന്നതിനാല്‍ പുതുതായി വന്ന ടീസര്‍ മുഖംമിനുക്കിയെത്തുന്ന ജൂപ്പിറ്റര്‍ 110-ന്‍േറത് ആകാനാണ് കൂടുതല്‍ സാധ്യത. 2013 സെപ്റ്റംബറിലാണ് ഈ മോഡല്‍ ആദ്യമായി വിപണിയില്‍ എത്തിയത്. ലോഞ്ച് ചെയ്ത അന്ന് മുതല്‍ ജൂപ്പിറ്റര്‍ 110 ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമായി. ഇന്ത്യന്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ കിരീടം വെക്കാത്ത രാജാവായ ഹോണ്ട ആക്ടിവയുമായി മികച്ച മത്സരമാണ് ജുപ്പിറ്റര്‍ കാഴ്ചവെക്കുന്നത്.
ഡിസൈന്‍ വശം പരിഷ്‌കാരങ്ങളുമായിട്ടാകും 2024 ടിവിഎസ് ജൂപിറ്റര്‍ എത്തുക. പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് എന്‍ഡ്, ഇന്റഗ്രേറ്റഡ് കര്‍വ്ഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ ഹെഡ്ലാമ്പുകള്‍, പുതുക്കിയ ബോഡി പാനലുകള്‍ എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിനെ കൂടുതല്‍ യൂത്ത്ഫുള്‍ ആക്കാന്‍ വേണ്ടി സ്‌കൂട്ടറിന് പുതിയ നിറങ്ങളും ബോഡി ഗ്രാഫിക്‌സും സമ്മാനിച്ചേക്കും.

കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെങ്കിലും മെക്കാനിക്കലായി സ്‌കൂട്ടറില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതേ 109.7 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാകും ജുപ്പിറ്റര്‍ 110-ന് തുടിപ്പേകുക. എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സുയുമായി ജോടിയാക്കും.നിലവിലെ പവര്‍ട്രെയിന്‍ 7,500 ആര്‍പിഎമ്മില്‍ 7.77 bhp പവറും 5,500 ആര്‍പിഎമ്മില്‍ 8.8 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്.
സ്‌കൂട്ടറിന്റെ സസ്പെന്‍ഷനിലും ബ്രേക്കിംഗ് ഹാര്‍ഡ്വെയറിലും ചെറിയ അപ്ഡേറ്റുകളും പ്രതീക്ഷിക്കുന്നു. ടിവിഎസ് ഇതിനകം തന്നെ ജുപ്പിറ്ററില്‍ SmartXonnect കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന മോഡലില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചര്‍ ചെയ്‌തേക്കാം. നിലവിലുള്ള ജൂപിറ്റര്‍ ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും ഹൈഡ്രോളിക് ഡാംപര്‍ റിയര്‍ സസ്‌പെന്‍ഷനോടുകൂടിയ കോയില്‍ സ്പ്രിംഗും 12 ഇഞ്ച് വീലുകളോടെയാണ് വരുന്നത്.
നിലവില്‍ ടിവിഎസ് ജൂപിറ്ററിന്റെ ബേസ് വേരിയന്റിന് 77,100 രൂപയാണ് വില വരുന്നത്. ടോപ്പ്-സ്‌പെക്ക് ക്ലാസിക് പതിപ്പിന് 92,700 രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. എന്നാല്‍ പുതിയ മോഡലിന്റെ വില അല്‍പ്പം വര്‍ധിച്ചേക്കും. ശക്തമായ വില്‍പ്പന കണക്കുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യന്‍ കമ്പനി അതിന്റെ ഉല്‍പ്പന്ന ശ്രേണി നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ്. ഏതായാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടിവിഎസിന്റെ ആവനാഴിയില്‍ നിന്ന് വരാന്‍ പോകുന്ന പുതിയ അസ്ത്രം ഏതാണെന്ന് മനസ്സിലാകും.


Click it and Unblock the Notifications








