പാവങ്ങളുടെ പടക്കുതിര; ഈ വിലയ്ക്ക് ഒരു ബജറ്റ് ഇവി ഇതുവരെ എത്തിയിട്ടില്ല
പെട്രോൾ ഡീസൽ വാഹന ഒഴിവാക്കി എല്ലാവരും ഇവികളിലേക്ക് നീങ്ങണം എന്ന ആഹ്വാനമാണ് നമ്മുടെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പോലും നടത്തുന്നത്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ താരതമ്യേന ഉയർന്ന വിലയും മറ്റ് ചാർജിംഗ് ശൃംഘലയുമാണ് ഇന്നും ഇവികളിലേക്കുള്ള മാറ്റത്തിന് ഒരു വിലങ്ങുതടിയായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നത് എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.
സാധാരണക്കാരന്റെ പോക്കറ്റ് കീറാതെ കൂടുതൽ ബജറ്റ് ഫ്രണ്ട്ലി മോഡലുകൾ എത്തിക്കുകയാണ് എങ്കിൽ മെച്ചമുണ്ടാവും. അതിനാൽ രാജ്യത്തെ പല പ്രമുഖ വാഹന നിർമ്മാതാക്കളും കൂടുതൽ താങ്ങാനാവുന്ന ബജറ്റ് ഇവികൾ വികസിപ്പിക്കാനുള്ള പണിപ്പുരയിലാണ്. ഓല, ഏഥർ, ടിവിഎസ്, ബജാജ് തുടങ്ങിയ വമ്പന്മാർ എല്ലാം തന്നെ പുത്തൻ എൻട്രി ലെവൽ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ്.

ഈ സാഹചര്യത്തിലാണ് നോയിഡ ആസ്ഥാനമായുള്ള ഇ-മൊബിലിറ്റി കമ്പനിയായ നെക്‌സ്‌ജെൻ എനർജിയ വെറും 36,990 രൂപ വിലയ്ക്ക് എത്തുന്ന വളരെ താങ്ങാനാവുന്ന ഇലക്ട്രിക് ടു വീലർ പുറത്തിറക്കിയത്. ഈ കഴിഞ്ഞ ബുധനാഴ്ച വ്യവസായിയും നടനുമായ സുനിൽ ഷെട്ടിയാണ് ഇലക്ട്രിക് ടു വീലർ പുറത്തിറക്കിയത് എന്ന് കമ്പനി അറിയിച്ചു.
36,990 രൂപ മുതലാണ് സ്കൂട്ടറിന്റെ വില ആരംഭിക്കുന്നത്, ഇതുവരെയുള്ള തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇരുചക്ര വാഹനമാണിത് എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ (ഇവി) സാധാരണക്കാർക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്നതും വരും തലമുറയ്ക്ക് താങ്ങാനാവുന്നതും ആക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ലോഞ്ച്, എന്ന് നെക്സ്ജെൻ എനർജിയ അഭിപ്രായപ്പെടുന്നു.
എല്ലാ ഇന്ത്യക്കാർക്കും ഒരു ക്ലീൻ & ഗ്രീൻ ഭാവി ഉറപ്പാക്കിക്കൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഒരു പ്രായോഗിക ഓപ്ഷനാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം എന്ന് നെക്സ്ജെൻ എനർജിയ ചെയർമാൻ പിയൂഷ് ദ്വിവേദി വ്യക്തമാക്കി. കൂടുതൽ ബജറ്റ് ഫ്രണ്ട്ലി മോഡലുകൾ എത്തുമ്പോൾ ജനങ്ങൾ അതിലേക്ക് ആകൃഷ്ടരാവും എന്ന കാര്യത്തിൽ തർക്കമില്ല.
ഈ സാമ്പത്തിക വർഷം (2024 - 25) 500 കോടിയിലധികം രൂപയുടെ വിൽപ്പന കടക്കാനും 500 -ലധികം ഡീലർമാരെയും ഡിസ്ട്രിബ്യൂട്ടർമാരേയും സ്ഥാപിക്കാനും ഇവി മേഖലയിൽ 50,000 -ത്തോളം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കമ്പനി ലക്ഷ്യമിടുന്നു എന്ന് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത് ഇന്ത്യൻ ഇലക്ട്രിക് ടു വീലർ സെഗ്മൻ്റിൽ കാര്യമായ ഒരു വിഹിതം കൈവരിക്കാൻ കമ്പനിയെ സഹായിക്കും. NGE ഇ -മൊബിലിറ്റി അടുത്ത സാമ്പത്തിക വർഷത്തിൽ ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഫോർ വീലർ അവതരിപ്പിക്കാനും ഒരുങ്ങുകയാണ്, ഈ വാഹനത്തിൻ്റെ വില 5.0 ലക്ഷം രൂപയിൽ താഴെയായിരിക്കും എന്നാണ് ബ്രാൻഡ് പറയുന്നത്.
നിലവിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ച് വിശദ്ധമായ വിവരങ്ങൾ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇന്ന് ഒരു നല്ല ഗിയർ സൈക്കിൾ വാങ്ങാൻ നൽകേണ്ടി വരുന്ന വിലയ്ക്ക് ഒരു ഇവി എന്നത് തികച്ചും അത്ഭുതവും ആശ്ചര്യവും നിറഞ്ഞ കാര്യമാണ്. ഇവിയുടെ ബാറ്ററി കപ്പാസിറ്റിയും, പവറും, റേഞ്ചും നിർമ്മാതാക്കൾ ഉടൻ തന്നെ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കാം.
എന്നിരുന്നാലും 36,990 രൂപയ്ക്ക് ഒരു ഇവി എന്നത് ഓല, ഏഥർ പോലെയുള്ള ബ്രാൻഡുകൾക്ക് വൻ അടിയായിരിക്കും. കൂടാതെ അടുത്തിടെ ലോഞ്ച് ചെയ്ത കൈനറ്റിക് ഗ്രീനിന്റെ ഇ-ലൂണയ്ക്കും ഈ മോഡൽ ഒരു കടുത്ത വെല്ലുവിളിയാവും എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ ഇല്ല.


Click it and Unblock the Notifications








