1 കി.മീ ഓടാന്‍ ചെലവ് 25 പൈസ, വില വെറും 1.60 ലക്ഷം! പെട്രോൾ ബൈക്ക് സൈഡിലോട്ട് മാറ്റി വാങ്ങാം 'ഇ-ബൈക്ക് '
ഇന്ത്യയില്‍ ഇലക്ട്രിക് ബൈക്ക് വാങ്ങാന്‍ ഒരാള്‍ ഉദ്ദേശിച്ചാല്‍ വളരെ കുറച്ച് ഓപ്ഷനുകള്‍ മാത്രമാണ് അവരുടെ മുന്നിലുള്ളത്. റിവോള്‍ട്ട്, മാറ്റര്‍, അള്‍ട്രാവയലറ്റ് എന്നിവയാണ് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍. ഇവി സ്റ്റാര്‍ട്ടപ്പായ ഒകായ ഇവി ഫെറാറ്റോ എന്ന പേരില്‍ ഒരു സബ് ബ്രാന്‍ഡിന് രൂപം കൊടുത്ത് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണിപ്പോള്‍.
ഇന്ത്യയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന്റെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിടുന്ന ഒകായ ഫെറാറ്റോ കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങളുടെ കന്നി ഉല്‍പ്പന്നത്തിന്റെ ടീസറുകള്‍ പുറത്തുവിട്ട് ഇവി പ്രേമികള്‍ക്കിടയില്‍ ആവേശം ജനിപ്പിച്ചിരുന്നു. ഇപ്പോള്‍ ഫെറാറ്റോ തങ്ങളുടെ കന്നി ഇവിയായ ഡിസ്‌റപ്റ്ററിന്റെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. പെട്രോള്‍ ബൈക്കുകളുടെ അന്തകനാകാന്‍ ലക്ഷ്യമിട്ടെത്തുന്ന ഈ മോഡലിന്റെ വിലയും മറ്റ് വിശേഷങ്ങളും ചുവടെ വായിക്കാം.

പേരുസൂചിപ്പിക്കുന്ന പോലെ തന്നെ പെട്രോള്‍ ടൂവീലറുകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്താന്‍ വേണ്ടി തന്നെയാണ് ഫെറാറ്റോ ഡിസ്‌റപ്റ്റര്‍ വരുന്നത്. വെറും 1.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബ്രാന്‍ഡ് സ്‌പോര്‍ട്ടിയര്‍ ഡിസൈനിലുള്ള ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹി, ഗുഡ്ഗാവ്, ചെന്നൈ, അഹമ്മദാബാദ്, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പന്നം റീട്ടെയില്‍ ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. 90 ദിവസത്തിനുള്ളില്‍ ഫെറാറ്റോ ഡിസ്റപ്റ്ററിന്റെ വെിതരണം ആരംഭിക്കും.
ഫെറാറ്റോ ഡിസ്‌റപ്റ്ററിന്റെ ഡിസൈനിനെ കുറിച്ച് പറയുമ്പോള്‍ മസ്‌ക്കുലര്‍ ടാങ്കിന് ചുറ്റിനും ഷാര്‍പ്പ് ഫെയറിംഗുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്‌പോര്‍ട്ടി ലുക്കിലാണ് ഇത് വരുന്നത്. ഒരു പ്രീമിയം ഇലക്ട്രിക് ബൈക്കിന്റെ ഫീല്‍ തരുന്ന ഡിസ്‌റപ്റ്റിന്റെ അക്രമണാത്മക ലുക്കിന് ടയര്‍ ഹഗ്ഗര്‍, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകള്‍ എന്നിവ കാര്യമായ സംഭാവ നല്‍കുന്നുണ്ട്.

228 Nm പീക്ക് ടോര്‍ക്ക് പുറത്തെടുക്കാന്‍ ശേഷിയുള്ള 6.4 kW പെര്‍മനന്റ് സിന്‍ക്രണസ് മോട്ടോര്‍ ആണ് ഇതിന്റെ കരുത്ത്. മണിക്കൂറില്‍ 95 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 3.97 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവറെടുക്കുന്ന ഈ ഇലക്ട്രിക് ബൈക്ക് ഒറ്റ ചാര്‍ജില്‍ 129 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ നഗരയാത്രകള്‍ക്ക് ഏറെ അനുയോജ്യമായിരിക്കും ഇത്.
അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒരു കിലോമീറ്ററിന് 25 പൈസയെന്ന കുറഞ്ഞ പ്രവര്‍ത്തനച്ചെലവാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ കാലവസ്ഥയ്ക്ക് അനുയോജ്യമായ IP-67 റേറ്റഡ് ബാറ്ററിക്ക് 30000 കിലോമീറ്റര്‍ അല്ലെങ്കില്‍ 3 വര്‍ഷത്തെ സമഗ്ര വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇ-ബൈക്കിന് ഇക്കോ, സിറ്റി, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ കൂടി ലഭിക്കുന്നു. ഹാന്‍ഡില്‍ബാറില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വിച്ച് വഴി ഈ റൈഡിംഗ് മോഡുകള്‍ ടോഗിള്‍ ചെയ്യാം.17 ഇഞ്ച് അലോയ് വീലുകളോണ് ഇതില്‍ വരുന്നത്. പരമ്പരാഗതമായ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ-ഷോക്ക് യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു.
വൈഫൈ, ബ്ലൂടൂത്ത്, മൊബൈല്‍ കണക്റ്റിവിറ്റി എന്നിവക്കൊപ്പം ഫൈന്‍ഡ് മൈ ബൈക്ക് ജിയോ ഫെന്‍സിംഗ് പിന്തുണയുള്ള ജിപിഎസ് കണക്റ്റിവിറ്റിയും ഇബൈക്കിന് ലഭിക്കുന്നു. ഡിസ്‌റപ്റ്റര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ബ്രാന്‍ഡ് ഇതിനോടകം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ആംഭിച്ചിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 1000 ഉപഭോക്താക്കള്‍ക്ക് വെറും 500 രൂപയ്ക്ക് ഇബൈക്ക് റിസര്‍വ് ചെയ്യാന്‍ പറ്റും. ഈ പ്രാരംഭ ഘട്ടത്തിന് ശേഷം പ്രീ-ബുക്കിംഗ് നിരക്ക് 2,500 രൂപയായി ഉയര്‍ത്തുന്നതായിരിക്കുമെന്നും ഒകായ അറിയിച്ചിട്ടുണ്ട്.

നിലവിലെ ശൃംഖല ഉപയോഗിക്കുന്നതിന് പകരം ഫെറാറ്റോ സബ് ബ്രാന്‍ഡിനായി പ്രത്യേക സേവന സെന്ററുകള്‍ സ്ഥാപിക്കുമെന്നും ഒകായ നേരത്തെ അറിയിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി രാജ്യത്താകമാനമായി 100-ലധികം ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് പ്ലാന്‍. മാത്രമല്ല ഈ വര്‍ഷം തന്നെ ഫെറാറ്റോ ബ്രാന്‍ഡിന് കീഴില്‍ മറ്റൊരു ഇലക്ട്രിക് ബൈക്ക് കൂടാതെ ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി പുറത്തിറക്കാനും ഒകായക്ക് പ്ലാനുണ്ട്.


Click it and Unblock the Notifications








