ഓല ഇലക്ട്രിക് മാരുതിയ്ക്ക് തുല്ല്യം! ശക്തമായ പ്രസ്താവനയുമായി ഇവി മുതലാളി
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളിൽ ഒന്നായ ഓല ഇലക്ട്രിക്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തങ്ങളുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനായി (IPO) ഒരുങ്ങുകയാണ്. ഇതിനെക്കുറിച്ചുള്ള ആരവങ്ങൾക്കിടയിൽ അടുത്തിടെ, ഒരു അഭിമുഖത്തിനിടെ, ഓല CEO ഭവിഷ് അഗർവാൾ ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ കമ്പനിയുടെ നിലയെക്കുറിച്ച് ധീരമായ അവകാശവാദം ഉന്നയിച്ചു. അഗർവാളിന്റെ അഭിപ്രായത്തിൽ, ഓല ഇലക്ട്രിക് ഇപ്പോൾ വാഹന ഭീമനായ മാരുതി സുസുക്കിയുമായി ഏതാണ്ട് തുല്ല്യനിലയിലാണ്. നമുക്ക് എല്ലാവർക്കും അറിയാവുന്നതു പോലെ, മാരുതി സുസുക്കി നിലവിൽ ഇന്ത്യയിലെ കാർ നിർമ്മാണ വ്യവസായത്തിൽ ആധിപത്യം പുലർത്തുന്ന ബ്രാൻഡാണ്.
ഓലയെ അതുമായി താരതമ്യപ്പെടുത്തിയുള്ള പ്രസ്താവന ഒരു ധീരമായ അവകാശവാദം തന്നെയാണ്. ഇവി മേഖലയിൽ അല്ലെങ്കിൽ ഇലക്ട്രിക് വാഹന രംഗത്ത് ഓല ഇലക്ട്രിക്കിൻ്റെ മാർക്കറ്റ് പൊസിഷൻ മാരുതി സുസുക്കിയുമായി താരതമ്യപ്പെടുത്താവുന്നതാണ് എന്ന് അടുത്തിടെ ഒരു പത്രസമ്മേളനത്തിൽ ഭവിഷ് അഗർവാൾ പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഇന്ത്യൻ ഇവി വിപണിയിൽ ഓല ഇലക്ട്രിക്കിന് ഗണ്യമായ 39 ശതമാനം വിപണി വിഹിതമുണ്ട് എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

അഭിമുഖത്തിൽ, ഈ വിജയത്തിന് കാരണം കമ്പനിയുടെ ആക്രമണാത്മകവും വേഗത്തിലുള്ളതുമായ സ്കെയിലിംഗ് തന്ത്രമാണെന്ന് എന്ന് ഓല ഇലക്ട്രിക് CEO വ്യക്തമാക്കി. നിരവധി എതിരാളികളെ മറികടക്കാൻ ഇത് തങ്ങളെ അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഏഥർ എനർജി, ടിവിഎസ് എന്നിവയാണ് ഓല ഇലക്ട്രിക്കിൻ്റെ ഏറ്റവും അടുത്ത എതിരാളികൾ.
ഓട്ടോമോട്ടീവ് വ്യവസായത്തിൽ ഇവികൾ പ്രതിനിധീകരിക്കുന്ന സുപ്രധാന പരിവർത്തനത്തെയും അഗർവാൾ പത്രസമ്മേളനത്തിൽ എടുത്തുപറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇലക്‌ട്രിക് വാഹനങ്ങളുടെ ആഗോള ഹബ്ബായി ഇന്ത്യയെ സ്ഥാപിക്കുക എന്നതാണ് ഓല ഇലക്ട്രിക്കിൻ്റെ ദൗത്യം എന്നും, അത് അടിസ്ഥാനമാക്കിയുള്ള സമീപനമാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുകളിൽ പറഞ്ഞതുപോലെ, ഓല ഇലക്ട്രിക് ഒരു IPO -യുമായി വരുന്നു. SBI AMC, HDFC AMC, നിപ്പോൺ ലൈഫ് ഇന്ത്യ AMC, UTI AMC തുടങ്ങിയ ആഭ്യന്തര നിക്ഷേപകർക്കൊപ്പം ഓല ഇലക്ട്രിക്കിൻ്റെ IPO പ്രധാന നിക്ഷേപക താൽപര്യം ആകർഷിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ നിക്ഷേപകരെല്ലാം ഏകദേശം 200 മില്യൺ ഡോളറിന് ലേലം വിളിക്കും.
വൻ പദ്ധതികളാണ് ഓലയുടെ അണിയറയിൽ ഒരുങ്ങുന്നത്, മുകളിൽ സൂചിപ്പിച്ച പദ്ധതികൾക്കു പുറമേ പുത്തൻ ഇലക്ട്രിക് ബൈക്കും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബംഗളൂരു അടിസ്ഥാനമാക്കിയുള്ള ഇവി നിർമ്മാതാക്കൾ. കുറച്ച് കാലങ്ങൾക്ക് മുമ്പ് തങ്ങളുടെ ഈ പ്ലാനുകളും അതോടൊപ്പം തന്നെ ചില കൺസെപ്റ്റ് മോഡലുകളും ഓല പ്രദർശിപ്പിച്ചിരുന്നു.

വളരെ ഫ്യൂച്ചറിസ്റ്റിക്കായിട്ടാണ് ഇവ കാണപ്പെട്ടിരുന്നത്. അടുത്തിടെ ഇലക്ട്രിക് ബൈക്കിന്റെ വരവ് അടുത്തിരിക്കുന്നു എന്ന വ്യക്തമാക്കുന്ന തരത്തിൽ കമ്പനി CEO ഭവിഷ് അഗർവാൾ തന്നെ അത് ഓടിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് ഒരു ഇന്റർനെറ്റ് സെൻസേഷൻ തന്നെയായി. വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വ്യക്തമായ രൂപമോ, മറ്റ് ഘടകങ്ങളോ ഇത് കാണിക്കുന്നില്ല.
എങ്കിലും ഇത് ദൈനം ദിന യാത്രകൾക്ക് ഉപയോഗിക്കാവുന്ന ഒരു മാസ് മാർക്കറ്റ് കമ്മ്യൂട്ടർ മോഡലായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 15 -ന് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വാഹനത്തിന്റെ ലോഞ്ച് ഉണ്ടാവും എന്ന് പ്രതീക്ഷകൾ ഉയരുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








