യൂസ്ഡല്ല, വെറും 49,999 രൂപയ്ക്ക് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ തരാമെന്ന് ഓല! 25000 രൂപ വരെ ലാഭിക്കാം
കഴിഞ്ഞ കുറച്ച് നാളുകളായി ഓല ഇലക്ട്രിക്കിന് (Ola Electric) അത്ര നല്ല സമയമല്ലെന്ന് വാഹന വാര്‍ത്തകള്‍ സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്ക് അറിയാം. 2024 കലണ്ടര്‍ വര്‍ഷത്തിന് ബമ്പര്‍ തുടക്കമിട്ട് ഓല ഈ വര്‍ഷം മാര്‍ച്ചില്‍ 50000 യൂണിറ്റിലധികം വില്‍പ്പന നേടി റെക്കോഡിട്ടു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഓലയുടെ വില്‍പ്പന കുറഞ്ഞ് വരികയാണ്. ഓലയുടെ പ്രധാന വില്‍പ്പന തന്ത്രങ്ങളില്‍ ഒന്നായ ഓഫറുകള്‍ കൂടാതെ മറ്റ് മുന്‍നിര ബ്രാന്‍ഡുകളും താങ്ങാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നതാണ് കമ്പനിയുടെ വിപണി വിഹിതം കുറയുന്നതിന് കാരണമായതെന്ന് പറയപ്പെടുന്നു.
മാത്രമല്ല വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ചുള്ള പരാതികളും ധാരാളമായി ഉയരുന്നത് മറ്റ് കമ്പനികളിലേക്ക് ചേക്കേറാന്‍ ഒരുപക്ഷേ ഉപഭോക്താക്കളെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ടിവിഎസ്, ബജാജ് ചേതക് എന്നിവ വില്‍പ്പന നമ്പറുകളിലെ വിടവ് നികത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ഉത്സവ സീസണില്‍ നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയാണ് ഓലയുടെ വരവ്. ഇപ്പോള്‍ 'ബോസ് 72-അവേഴ്‌സ് റഷ്' സെയിലിന്റെ ഭാഗമായി ഓല S1 X, S1 പ്രോ ഇ-സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഒക്‌ടോബര്‍ 10 മുതല്‍ 12 വരെയാണ് ഓഫറിന്റെ കാലാവധി. ഓലയുടെ പരിമിതകാല ഓഫറിന് കീഴില്‍ ഏറ്റവും ആകര്‍ഷകമായ ഡീല്‍ ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിനാണ്. ഉപഭോക്താക്കള്‍ക്ക് ഓല S1 X 2 kWh വേരിയന്റ് 49,999 രൂപയ്ക്ക് (എക്‌സ്-ഷോറൂം) വാങ്ങാം. ഏകദേശം 20,000 രൂപ വിലക്കുറവില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. സ്‌റ്റോക്ക് തീരുന്നത് വരേ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂവെന്ന് ശ്രദ്ധിക്കുക.
ഇതിനൊപ്പം ഫ്‌ലാഗ്ഷിപ്പ് മോഡലായ ഓല S1 പ്രോയ്ക്കും കിഴിവുകളുണ്ട്. ഓല S1 പ്രോയ്ക്ക് 25,000 വരെ ഡിസ്‌കൗണ്ടും ഫ്‌ലാറ്റ് 5,000 എക്സ്ചേഞ്ച് ബോണസും ലഭ്യമാക്കുന്നു. രണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ക്കുള്ള ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ ചില അധിക ആനുകൂല്യങ്ങളും ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. 25,000 രൂപ മൂല്യം വരുന്ന 8 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടി സൗജന്യമായി ലഭിക്കുന്നതാണ് അതില്‍ ഒന്ന്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുന്ന ഉപഭോക്താക്കളെ കാത്ത് ആനുകൂല്യങ്ങളുണ്ട്. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ ലാഭിക്കാം. ഫ്രീ മൂവ്OS+ അപ്‌ഗ്രേഡാണ് മറ്റൊരു അഡീഷനല്‍ ബെനഫിറ്റ്. 6000 രൂപ ചെലവ് വരുന്ന ഒഎസ് അപ്‌ഡേറ്റാണ് സൗജന്യമായി ലഭിക്കുക. അവസാനമായി ഓല S1 പ്രോയ്ക്കൊപ്പം 7,000 രൂപ വരെ വിലയുള്ള സൗജന്യ ചാര്‍ജിംഗ് ക്രെഡിറ്റുകളും ഓല ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു .
S1 X, S1 X+, S1 എയര്‍ , S1പ്രോ എന്നിങ്ങനെ നാല് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല പുറത്തിറക്കുന്നത്. വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഈ സ്‌കൂട്ടറുകളുടെ വില നിലവില്‍ 49999 രൂപ മുതല്‍ 134,999 രൂപ വരെ പോകുന്നു. 2024 സെപ്റ്റംബറില്‍ ഓലയുടെ വിപണി വിഹിതം 30 ശതമാനത്തില്‍ താഴെ പോയ സാഹചര്യത്തിലാണ് ഈ 'ബോസ്' സെയില്‍. ഇത് ഉത്സവകാലത്ത് വില്‍പ്പന കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.
ഓല ഇലക്ട്രിക് ഇപ്പോള്‍ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിന് ഒരു പ്രത്യേക ടീമിന് രൂപം നല്‍കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന സര്‍വീസ് പ്രശ്നങ്ങള്‍ക്കിടയില്‍ കമ്പനി ഹൈപ്പര്‍ സര്‍വീസ് എന്ന പേരില്‍ പുത്തന്‍ ക്യാമ്പയിനും ആരംഭിച്ചു. സര്‍വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഓല ഒരു ലക്ഷം ലോക്കല്‍ മെക്കാനിക്കുകളെ പരിശീലിപ്പിക്കാന്‍ പോകുകയാണ്.

നിലവില്‍ ഓലയ്ക്ക് രാജ്യത്ത് 500=ഓളം സര്‍വീസ് സെന്ററുകളാണ് ഉള്ളത്. ഈ വര്‍ഷം ഡിസംബറോടെ സര്‍വീസ് സെന്റര്‍ ശൃംഖല 1,000 ആക്കി ഉയര്‍ത്താനാണ് ബ്രാന്‍ഡിന്റെ പദ്ധതി. രാജ്യത്തുടനീളം വില്‍പ്പനയും സര്‍വീസും വിപുലീകരിക്കുന്നതിനായി നെറ്റ്വര്‍ക്ക് പാര്‍ട്ണര്‍ പ്രോഗ്രാമും കമ്പനി പ്രഖ്യാപിച്ചു. 2025 അവസാനത്തോടെ നെറ്റ്വര്‍ക്ക് 10,000 ആയി ഉയര്‍ത്താനും ഓല പദ്ധതിയിടുന്നു.


Click it and Unblock the Notifications








