പാല്‍ പാക്കറ്റ് പോലെ വാങ്ങിക്കൂട്ടി ഇന്ത്യക്കാർ! 2024-ല്‍ ഓല വിറ്റത് 4 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടര്‍
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇത്രകണ്ട് പ്രചാരം ലഭിക്കാന്‍ കാരണക്കാരായ കമ്പനികളില്‍ ഒന്നാണ് ഓല ഇലക്ട്രിക് (Ola Electric). ക്യാബ് അഗ്രിഗേറ്റര്‍മാരില്‍ നിന്ന് വൈദ്യുത വാഹന രംഗത്തേക്ക് കടന്ന് വന്ന ഓല ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് മാര്‍ക്കറ്റ് ലീഡേഴ്‌സ് ആയി മാറിയത്. വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒന്നിലേറെ സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്ന ഓല ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയാണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്. ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ മാരുതി സുസുക്കിയാകുകയാണ് ഓല. മറ്റ് കമ്പനികള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത മറ്റൊരു അസുലഭ നേട്ടം കൂടി ഓല ഇപ്പോള്‍ കൈവരിച്ചിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തിനായി ടിവിഎസും ബജാജും തമ്മില്‍ മത്സരമാണ്. ഒന്നാം സ്ഥാനം ഓലക്കാണെന്നതില്‍ തര്‍ക്കമില്ല. എതിരാളികള്‍ പ്രതിമാസം 20000 യൂണിറ്റിലധികം വില്‍പ്പന നേടുമ്പോള്‍ ഈ വര്‍ഷം ഓല 50000 യൂണിറ്റുകള്‍ ഒറ്റമാസം വിറ്റ് റെക്കോഡ് ഇട്ടിരുന്നു. അതായത് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ പകുതിയോട് അടുത്ത വിപണി വിഹിതവും ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാന്‍ഡാണ് കൈവശപ്പെടുത്തി വെച്ചിരിക്കുന്നത്.

ഇപ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷം 4 ലക്ഷം യൂണിറ്റ് റീട്ടെയില്‍ വില്‍പ്പനയുമായി പുത്തന്‍ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് ഓല. 2024 ഡിസംബര്‍ 15-ന് രാവിലെ 7 മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഓല 4,00,099 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായി പ്രമുഖ ഓട്ടേമൊബൈല്‍ പ്രസിദ്ധീകരണമായ ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ലോക ഇവി ദിനത്തിലാണ് (സെപ്റ്റംബര്‍ 09) ഓല 3 ലക്ഷം യൂണിറ്റ് നാഴികക്കല്ല് താണ്ടിയത്. 2024 ജനുവരി മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവില്‍ വിറ്റ 4,00,099 യൂണിറ്റുകള്‍ 2023 കലണ്ടര്‍ വര്‍ഷത്തെ വില്‍പനയേക്കാള്‍ 50 ശതമാനത്തിലധികം വാര്‍ഷിക വര്‍ധനവാണ് ഓലക്ക് നേടിക്കൊടുത്തത്. 2021-ല്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ പ്രവേശിച്ച ശേഷം മൊത്തം 7.75 ലക്ഷം സ്‌കൂട്ടറുകളാണ് ഓല ഇലക്ട്രിക് വിറ്റത്.

അതിന്റെ ഭൂരിപക്ഷം പങ്കും ഈ വര്‍ഷമാണ് വിറ്റതെന്നതാണ് കൗതുകകരം. 2021 ഡിസംബറില്‍ വില്‍പ്പന ആരംഭിച്ച കമ്പനിയുടെ 2024 ഡിസംബര്‍ ആദ്യ പകുതി വരെയുള്ള മൊത്തം വില്‍പ്പന 7,77,118 യൂണിറ്റുകളാണ്. ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വില്‍ക്കുന്ന ഒരു കമ്പനിക്കും അവകാശപ്പെടാനില്ലാത്ത അത്രയും വലിയ വില്‍പ്പന കണക്കാണിത്.
2021 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ പകുതി വരെ രാജ്യത്ത് 2.62 ദശലക്ഷം ഇലക്ട്രിക് ടൂവീലറുകളാണ് വിറ്റത്. ഇതില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ വിപണി വിഹിതം 30 ശതമാനമാണ്.2022 കലണ്ടര്‍ വര്‍ഷം ഓല 1,09,401 ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റതായാണ് വാഹന്‍ ഡേറ്റ സൂചിപ്പിക്കുന്നത്. തൊട്ടുപിന്നിലുണ്ടായിരുന്ന എതിരാളികളായ ഏഥര്‍ എനര്‍ജി (51,808 യൂണിറ്റ്), ടിവിഎസ് മോട്ടോര്‍ (47,812 യൂണിറ്റ്) എന്നിവയുടെ വില്‍പ്പന ഒരുമിച്ച് കൂട്ടിയാലും ഓലയുടെ അത്രയും വരില്ലായിരുന്നു.

ഓലക്ക് മാത്രമല്ല മൊത്തം ഇലക്ട്രിക് ടൂവീലര്‍ വിപണിക്കും നല്ല വര്‍ഷമായിരുന്നു 2024. ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മൊത്തം 1.10 ദശലക്ഷം യൂണിറ്റുകള്‍ ചില്ലറ വില്‍പ്പന നടത്തി. 36 ശതമാനം വിപണി വിഹിതവുമായി ഓല തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 19 ശതമാനം വിപണി വിഹിതവുമായ ടിവിഎസ് മോട്ടോര്‍ (2,10,666) രണ്ടാമതെത്തി.
1,84,577 ചേതക്കുകള്‍ വിറ്റ് 17 ശതമാനം വിപണി വിഹിതം സ്വന്തമാക്കി ബജാജ് തൊട്ടുപിന്നിലുണ്ട്. 1,20,721 യൂണിറ്റ് വില്‍പ്പനയുമായി 11 ശതമാനം വിപണി വിഹിതം കൈയ്യടക്കിയ ഏഥറാണ് നാലാമത്. ഈ വര്‍ഷം ആറക്ക വില്‍പ്പന സംഖ്യ പിന്നിട്ട നാല് മുന്‍നിര കമ്പനികള്‍ക്കൊപ്പം ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയും അവരുടെ എക്കാലത്തെയും മികച്ച വാര്‍ഷിക വില്‍പ്പനയില്‍ കൈവരിച്ചിട്ടുണ്ട്.
2024 അവസാനിക്കുന്നതിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളതിനാല്‍ ഏറ്റവും മികച്ച വില്‍പ്പനയുമായി വര്‍ഷം അവസാനിപ്പിക്കാനാകും കമ്പനികളുടെ ശ്രമം. ഓല ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോള്‍ ടിവിഎസോ ബജാജോ ആരാകും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയെന്നാണ് ഇനി അറിയേണ്ടത്. അതിനായി ഇനി രണ്ടാഴ്ച്ച മാത്രം കാത്തിരുന്നാൽ മതി.


Click it and Unblock the Notifications








