ഇവികളിൽ എല്ലാം 'ഓല'ഞ്ഞാലികളോ? ആറ് മാസത്തിൽ വിറ്റത് ലക്ഷക്കണക്കിന് യൂണിറ്റുകൾ; റിപ്പോർട്ട് ഇതാ
രാജ്യത്തെ വാഹന വിപണി വളർച്ചയുടെ പാതയിലാണ്, ഇവി സെഗ്മെന്റും ഇക്കാര്യത്തിൽ പിന്നോട്ടല്ല. ഇലക്ട്രിക് വാഹനങ്ങൾക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വിഭാഗത്തിലെ മുൻനിര നിർമ്മാതാക്കളായ ഓലയും വളർച്ചയുടെ പാതയിലാണ്. ഇന്ത്യൻ വിപണിയിൽ 2024 ജൂണിൽ 107 ശതമാനം വാർഷിക വിൽപ്പന വളർച്ച കൈവരിച്ചതായി ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ആഭ്യന്തരമായി 36,716 രജിസ്‌ട്രേഷനുകളാണ് കമ്പനി കൈവരിച്ചത്. വാഹൻ പോർട്ടലിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച്, ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിൽ പൂർണ്ണമായും ആധിപത്യം പുലർത്തുന്നതിനാൽ, ആഭ്യന്തര വാഹന നിർമ്മാതാക്കൾക്ക് 46 ശതമാനം വിപണി വിഹിതമുണ്ട് എന്ന് വ്യക്തമാണ്.
കൂടാതെ, 2024 ജൂണിൽ അവസാനിച്ച പാദത്തിൽ 1.08 ലക്ഷത്തിൽ അധികം രജിസ്‌ട്രേഷനുമായി 2025 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദത്തിൽ ബ്രാൻഡ് 57 ശതമാനം വിൽപ്പന വളർച്ച കൈവരിച്ചിരിക്കുകയാണ്. അത് കൂടാതെ കലണ്ടർ വർഷത്തിൽ രണ്ട് ലക്ഷത്തോളം വിൽപ്പന എന്ന നേട്ടവും കമ്പനി നേടിയിരിക്കുകയാണ്.

ഒരു കലണ്ടർ വർഷത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ ഒരു ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനി ഈ നാഴികക്കല്ല് പിന്നിട്ടു എന്നത് ശ്രദ്ധേയമാണ്, മൊത്തം 2.28 ലക്ഷം രജിസ്ട്രേഷനുകളാണ് നിർമ്മാതാക്കൾ വാരിക്കൂട്ടിയത്. കമ്പനി ഇപ്പോൾ തുടർച്ചയായി ഏഴ് പാദങ്ങളിൽ ഇവി ടു വീലർ സെഗ്‌മെൻ്റിൽ മാർക്കറ്റ് ലീഡറാണ്.
തങ്ങളുടെ സ്ഥിരമായ വിപണി നേതൃത്വം ആകർഷകമായ പ്രൈസ് പോയിൻ്റുകളിൽ ഉടനീളം വ്യത്യസ്ത മോഡലുകളോടെ വിപുലമായ S1 പോർട്ട്‌ഫോളിയോയുടെ കരുത്ത് പ്രതിഫലിപ്പിക്കുന്നു എന്ന് വിൽപ്പനയെ കുറിച്ച് സംസാരിച്ച ഓല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അൻഷുൽ ഖണ്ഡേൽവാൾ പറഞ്ഞു.
ഈ വ്യത്യസ്തത കാരണം എല്ലാവർക്കും ഇവികൾ ആക്‌സസ് ചെയ്യാൻ കഴിയും. ഇന്ത്യയുടെ ഇവി പരിവർത്തനം അല്ലെങ്കിൽ അഡോപ്ഷൻ ത്വരിതപ്പെടുത്തുന്നതിനും വ്യവസായത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ തങ്ങൾ ഉറച്ചുനിൽക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഓല ഇലക്ട്രിക് അടുത്തിടെ വിപണിയിൽ തങ്ങളുടെ പുതിയ S1 X സീരീസ് അവതരിപ്പിച്ചിരുന്നു.
2.0 kWh, 3.0 kWh, 4.0 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഇവയുടെ വിലകൾ യഥാക്രമം 74,999, രൂപ. 84,999, രൂപ, 99,999 രൂപ എന്നിങ്ങനെയാണ്. ഈ മോഡൽ വിപുലീകരണം മാസ് മാർക്കറ്റ് ഇവി വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പിനെ അടയാളപ്പെടുത്തി.
S1 ലൈനപ്പിൽ S1 പ്രോ, S1 എയർ, S1 X+ എന്നിങ്ങനെയുള്ള കൂടുതൽ പ്രീമിയം മോഡലുകളും ഉൾപ്പെടുന്നു. ഇവയ്ക്ക് യഥാക്രമം 1,29,999, രൂപ. 1,04,999 രൂപ, 89,999 രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം വിലകൾ. വിവിധ റൈഡിംഗ് റേഞ്ച് ആവശ്യങ്ങളും കസ്റ്റമർ ആവശ്യങ്ങളും നിറവേറ്റുന്ന ഓലയുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഇപ്പോൾ വ്യത്യസ്ത പ്രൈസ് പോയിൻ്റുകളിൽ ആറോളം മോഡലുകൾ അവതരിപ്പിക്കുന്നു.
കമ്പനി തങ്ങളുടെ എല്ലാ മോഡലുകൾക്കും എട്ട് വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ എക്സ്റ്റെന്റഡ് ബാറ്ററി വാറൻ്റി നൽകുന്നു. കൂടാതെ ഒരു അധിക ചെലവിന്, ഉപഭോക്താക്കൾക്ക് വാറൻ്റി കവറേജ് ഉയർത്താനുള്ള ഓപ്ഷനുമുണ്ട്. 4,999 രൂപയ്ക്ക്1,00,000 കിലോമീറ്റർ അല്ലെങ്കിൽ 12,999 രൂപയ്ക്ക് 1,25,000 കിലോമീറ്റർ കവറേജ് ഇത് നൽകുന്നു.

അതോടൊപ്പം ഒരു 3KW ഫാസ്റ്റ് ചാർജർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്, അതിനു നൽകേണ്ട വില 29,999 രൂപയാണ്. സമീപഭാവിയിൽ മോട്ടോർസൈക്കിളുകൾ ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ ഓല അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരും മാസങ്ങളിൽ കമ്പനി കൂടുതൽ ഉയർച്ചകളിലേക്ക് വളരും എന്ന ശുഭപ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.


Click it and Unblock the Notifications








