ഏത് മുക്കിലും മൂലയ്ക്കും തങ്ങൾ എത്തുമെന്ന് ഓല; രാജ്യത്ത് 4000 ഷോറൂമുകൾ വെറെ ഏത് ഇവിയ്ക്കുണ്ട്?
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഒട്ടനവധി പുത്തൻ ബ്രാൻഡുകളാണ് ഇപ്പോൾ ഈ സെഗ്മെന്റിൽ മത്സരിക്കാൻ എത്തുന്നത്. എന്നാൽ ഇപ്പോഴും ഈ വിഭാഗത്തിൽ കാര്യമായ വിഹിതവുമായി മുൻപന്തിയിലാണ് ഓല ഇലക്ട്രിക്. ഈ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും രാജ്യത്ത് തങ്ങളുടെ സാനിധ്യം വിപുലീകരിക്കാനുമുള്ള ഒരുക്കത്തിലാണ് ഓല. ഇ -സ്‌കൂട്ടർ നിർമ്മാതാക്കളായ ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കഴിഞ്ഞ ഒരു മാസത്തിനിടെ 3,200 പുതിയ സ്റ്റോറുകൾ തുറക്കും എന്ന് പ്രഖ്യാപിച്ചിരുന്നു, ഇതോടെ മൊത്തം 4,000 ഷോറൂമുകളും സർവീസ് സെൻ്ററുകളും ബ്രാൻഡിന് ഇപ്പോൾ സ്വന്തമായിട്ടുണ്ട്.
കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈവായി സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് ഓല ഇലക്ട്രിക്കിലെ ഫിനാൻഷ്യൽ സർവീസ് & റീട്ടെയിൽ ഓട്ടോ ബിസിനസ് ഗ്രൂപ്പ് മേധാവി അങ്കുഷ് അഗർവാൾ ഈ സുപ്രധാന നാഴികക്കല്ല് വെളിപ്പെടുത്തിയത്. വിൽപ്പനാനന്തര സേവനത്തിലുള്ള കസ്റ്റമേഴ്സിന്റെ അതൃപ്തി പരിഹരിക്കുന്നതിനാണിത്. അതോടൊപ്പം ചെറിയ പട്ടണങ്ങളിൽ ഉൾപ്പടെ നിർമ്മാതാക്കളുടെ സാനിധ്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ വൻതോതിലുള്ള വിപുലീകരണം.

ഓലയുടെ ഡയറക്ട് -ടു -കൺസ്യൂമർ (D2C) മോഡൽ ഇലക്ട്രിക് വാഹന ഓണർഷിപ്പ് എക്സ്പീരിയൻസ് രാജ്യത്തെ എല്ലാ കുടുംബത്തിനും ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി മുമ്പ് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞിരുന്നു. ഓല ഇലക്ട്രിക്കിന് വളരെ അധികം വെല്ലുവിളി നിറഞ്ഞ ഒരു വർഷത്തിന് ശേഷമാണ് ഈ വിപുലീകരണം എന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റിലെ ബ്ലോക്ക്ബസ്റ്റർ സ്റ്റോക്ക് മാർക്കറ്റ് അരങ്ങേറ്റം, കമ്പനി നിയന്ത്രണ പരിശോധന, ഉപഭോക്തൃ പരാതികളുടെ പ്രളയം, പ്രൊഡക്ട് ക്വാളിറ്റി പ്രശ്‌നങ്ങളിൽ സോഷ്യൽ മീഡിയിൽ നിന്ന് ലഭിച്ച തിരിച്ചടി എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങൾ ബ്രാൻഡ് നേരിട്ടു. ഇവയെല്ലാം തരണം ചെയ്തു കൊണ്ടാണ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ പുത്തൻ തന്ത്രങ്ങൾ മെനയുന്നത്.

ഡിസംബർ 19 -ന് ഓലയുടെ ചെയർമാൻ ഭവിഷ് അഗർവാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ എല്ലാ ഇന്ത്യൻ ടൗണുകളിലും നഗരങ്ങളിലും എത്തിച്ചേരേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. കമ്പനി ആദ്യം ഡിസംബർ 20 -ന് പ്ലാൻ ചെയ്ത ചടങ്ങ് പിന്നീട് ഡിസംബർ 25 -ലേക്ക് മാറ്റുകയായിരുന്നു.
പ്രതിമാസം ശരാശരി 80,000 -ത്തിനു മുകളിൽ എത്തിയ ഉപഭോക്തൃ പരാതികൾ ഈ വർഷം ആദ്യം ഓലയുടെ സേവന കേന്ദ്രങ്ങളെ കീഴടക്കിയിരുന്നു. സ്‌കൂട്ടറുകൾ തകരാറിലായതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും അഗർവാളും ഒരു ഹാസ്യനടനും തമ്മിലുള്ള പരസ്യമായ തർക്കവും കമ്പനിയുടെ പ്രതിച്ഛായയ്ക്കും സൽപ്പേരിനും സാരമായ മങ്ങൽ ഏൽപ്പിച്ചു.

ഒക്ടോബറിൽ, ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഓലയുടെ സർവ്വീസ് കേന്ദ്രങ്ങളിൽ ഒരു ഓഡിറ്റിന് ഉത്തരവിടുകയും, അന്യായമായ വ്യാപാര വ്യവഹാരങ്ങൾ ആരോപിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി കമ്പനിയ്ക്ക് എതിരെ നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ 2024 ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 6 വരെ കമ്പനി തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (IPO) ആരംഭിച്ചു, ഒരു ഷെയറിന് 72 രൂപ മുതൽ 76 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്.
ലിസ്റ്റിംഗ് ദിവസം, ഓഹരി ഒന്നിന് 76 രൂപ എന്ന നിരക്കിൽ തുറന്ന്, അതിവേഗം ഉയർന്ന സർക്യൂട്ട് പരിധിയായ 20 ശതമാനത്തിലെത്തി, 91.20 രൂപയിൽ ക്ലോസ് ചെയ്തു, ഇത് നിക്ഷേപകരുടെ ശക്തമായ താൽപ്പര്യവും കമ്പനിയുടെ വരും സാധ്യതകളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുന്നു എന്ന് നിസംശയം പറയാം.


Click it and Unblock the Notifications








