ഓലയുടെ 500-ാമത്തെ ഷോറൂം കേരളത്തില്‍! സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വീസ് സെന്റര്‍ ലഭിച്ചത് ഈ നഗരത്തിന്
ഏതൊരു മുതലാളിയും ആഗ്രഹിക്കുന്ന വമ്പന്‍ വളര്‍ച്ചയാണ് ഓല ഇലക്ട്രിക് ചുരുങ്ങിയ കാലം കൊണ്ട് നേടിയത്. 2021-ല്‍ മാത്രം വിപണിയില്‍ പ്രവേശിച്ച ഓല ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാവാണ്. ഓഹരി വിപണിയിലേക്ക് കാലെടുത്ത് വെക്കുന്നതിന് തൊട്ടുമുമ്പായി റെക്കോഡ് വില്‍പ്പനയാണ് ഓല ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാരിക്കൂട്ടിയത്.
2024 മാര്‍ച്ചില്‍ ആഭ്യന്തര വിപണിയില്‍ 50000-ത്തിലേറെ ഇവികള്‍ വിറ്റ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയായി മാറിയിരുന്നു. ഇക്കണക്കിന് പോയാല്‍ ഓല തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ ഐസി എഞ്ചിന്‍ വാഹന യുഗത്തിന് അന്ത്യം കുറിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മാസം ആയിരക്കണക്കിന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്ന ഓലയുടെ കസ്‌റ്‌മേഴ്‌സിന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യചിഹനം സര്‍വീസ് ആയിരുന്നു.

കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റാല്‍ മാത്രം പോരാ തങ്ങളുടെ സ്‌കൂട്ടറുകളെ വിശ്വസിക്കുന്ന ഉപഭോക്താക്കള്‍ക്ക് ശരിയായ വില്‍പ്പനാനന്തര സേവനം നല്‍കേണ്ടത് ഓരോ കമ്പനിയുടെയും ഉത്തരവാദിത്തമാണ്. ഇത് നന്നായി മനസ്സിലാക്കുന്ന ഓല രാജ്യത്തുടനീളം ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും സ്ഥാപിക്കുന്ന തിരക്കിലാണ്. ഇപ്പോള്‍ കേരളത്തിലെ കസ്റ്റമേഴ്‌സിന് സന്തോഷം പകര്‍ന്ന് ഓല ഇലക്ട്രിക്കിന്റെ ഇന്ത്യയിലെ 500-ാമത് ഡീലര്‍ഷിപ്പ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ ഡീലര്‍ഷിപ്പ് ശൃംഖലയിലെ ഒരു നാഴികക്കല്ലാണിത്.
കൊച്ചിയില്‍ തുറന്നിരിക്കുന്ന ഡീലര്‍ഷിപ്പ് ഷോറൂം ഓല ഇലക്ട്രിക്കിന്റെ കേരളത്തിലെ ഏറ്റവും വലിയ സെന്ററാണെന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്ത് തങ്ങളുടെ 500-ാമത് ഡീലര്‍ഷിപ്പ് ഷോറൂം തുറക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കളെ ഒന്നിപ്പിച്ച് ഒരു റൈഡ് നടത്താനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഞായറാഴ്ച (ഏപ്രില്‍ 21) ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സൗജന്യ സ്‌കൂട്ടര്‍ ഹെല്‍ത്ത് ചെക്ക് അപ്പ് നടത്താനും ഓല ഇലക്ട്രിക് തീരുമാനിച്ചു.

തുടക്കത്തില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായിട്ടായിരുന്നു വിറ്റിരുന്നത്. പിന്നാലെ കമ്പനി സിഇഒ ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തി ഉപഭോക്താക്കളുടെ അഭിപ്രായം തേടി. ഇതില്‍ ഭൂരിഭാഗം പേരും ഷോറൂമില്‍ വന്ന് വണ്ടി കണ്ടറിഞ്ഞ് വാങ്ങാനാണ് താല്‍പര്യപ്പെടുന്നതെന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഓല രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.
ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് കമ്പനി 500 ഡീലര്‍ഷിപ്പുകളെന്ന നേട്ടത്തിലേക്ക് എത്തിയത്. S1X, S1X+, S1 എയര്‍, S1 പ്രോ എന്നിങ്ങനെ മൊത്തം 4 തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓല ഇലക്ട്രിക്കിന്റെ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. ഇതില്‍ എന്‍ട്രി ലെവല്‍ വേരിയന്റായ S1X-ന്റെ വില ഓല കഴിഞ്ഞ ദിവസം പുനര്‍നിര്‍ണയിച്ചിരുന്നു. ഓലയുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറായ S1X കഴിഞ്ഞ ഓഗസ്റ്റിലാണ് വിപണിയില്‍ എത്തിയത്.

79,999 രൂപ പ്രാരംഭ വിലയിലായിരുന്നു ലോഞ്ച്. വില കൂടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏവരെയും ഞെട്ടിച്ച് കൊണ്ട് കഴിഞ്ഞ ആഴ്ച് ഓല തങ്ങളുടെ കുറഞ്ഞ വിലയുള്ള സ്‌കൂട്ടറിന്റെ വില വീണ്ടും വെട്ടിക്കുറക്കുകയായിരുന്നു. 79,999 രൂപ വിലയുണ്ടായിരുന്ന ഓല S1X 2 kWh വേരിയന്റിന്റെ വില 69999 രൂപയായി പുനര്‍നിശ്ചയിച്ചു.
ഓല S1X റേഞ്ചിന്റെ വിലയില്‍ 5000 രൂപ മുതല്‍ 10000 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. 3 kWh ബാറ്ററി പായ്ക്കുള്ള S1X വേണ്ടവര്‍ക്ക് 89999 രൂപയ്ക്ക് പകരം ഇനി 84999 രൂപ മുടക്കിയാല്‍ മതി. 4 kWh ബാറ്ററി പായ്ക്കുമായി വരുന്ന S1X-ന്റെ വില 1,09,999 രൂപയില്‍ നിന്ന് 99,999 രൂപയാക്കി കുറച്ചിട്ടുണ്ട്.

S1X ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഓല ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഈ ആഴ്ച മുതല്‍ ആരംഭിക്കും. S1 പ്രോ, S1 എയര്‍, S1X+ എന്നിവയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. S1 X+ ന് ഇപ്പോള്‍ 89,999 രൂപയാണ് വില. S1 എയറിന് 1.05 ലക്ഷം രൂപയും ടോപ് സ്പെക്ക് S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.
ഇവയെല്ലാം 8 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയുമായാണ് വരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൂവീലറുകളായ ഹോണ്ട ആക്ടിവ, ഹീറോ സ്‌പ്ലെന്‍ഡര്‍ എന്നീ മോഡലുകളേക്കാള്‍ കുറഞ്ഞ വിലയിലാണ് ഓല ഇപ്പോള്‍ തങ്ങളുടെ ഒരു ഉല്‍പ്പന്നം ലഭ്യമാക്കിയിരിക്കുന്നത്. ഇത് വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








