ഓല പെട്രോള്‍ സ്‌കൂട്ടറുകളുടെ 'അന്തകന്‍' തന്നെ! മാര്‍ച്ചില്‍ വിറ്റത് 53,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡ് ഓല ഇലക്ട്രിക്കാണ്. ജനങ്ങളുടെ ഇഷ്ടം വില്‍പ്പനയാക്കി മാറ്റുന്നതിലുള്ള ഓലയുടെ മികവ് നാം അഭിനന്ദിച്ചേ മതിയാകൂ. കാരണം ഒരോ മാസവും ഓല പുത്തന്‍ വില്‍പ്പന റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്്. ഓല ഇലക്ട്രിക്കിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഓല സൃഷ്ടിച്ച പുത്തന്‍ റെക്കോഡിനെ കുറിച്ച് ചുവടെ വായിക്കാം.
ഇന്ത്യയില്‍ ടൂവീലര്‍ വിഭാഗത്തില്‍ ഇലക്ട്രിക് വിപ്ലവത്തിന് തിരികൊളുത്തിയവരാണ് ഓല. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ നിന്ന് ഓല ഇവി വിപണിയിലേക്ക് വന്നത് തന്നെ ആവേശത്തിരയിളക്കിക്കൊണ്ടാണ്. ആദ്യ വാഹനം ലോഞ്ചായി ഏതാനും കാലം കഷ്ടകാലമായിരുന്നുവെങ്കിലും പിന്നീട് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചതോടെ തിരിഞ്ഞ്‌നോക്കേണ്ടതായി വന്നിട്ടില്ല. ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ഓരോ മാസവും ഓരോ റെക്കോഡാണ് ഓല സൃഷ്ടിക്കുന്നത്.

2024 മാര്‍ച്ചില്‍ ഓല ഇലക്ട്രിക് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. മാര്‍ച്ചില്‍ കമ്പനിക്ക് ലഭിച്ച സ്വീകരണം മറ്റൊരു ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ക്കും ലഭിക്കാത്തതാണ്. 2024 മാര്‍ച്ച് മാസത്തില്‍ ഓല ഇലക്ട്രിക് 53,000 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വിറ്റത്. പല കമ്പനികളും മാസം 10,000 യൂണിറ്റ് വില്‍ക്കാന്‍ പാടുപെടുമ്പോള്‍ ആണ് ഓല ഒരു മാസം അരലക്ഷം യൂണിറ്റ് വില്‍പ്പന നേട്ടത്തിലെത്തിയതെന്നതാണ് കാര്യം.
ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്നതിന് ഒത്തിരി കാരണങ്ങളുണ്ട്. അതില്‍ ഒന്നാണ് ആകര്‍ഷകമയ ഓഫറുകള്‍. കഴിഞ്ഞ കുറേ മാസങ്ങളായി വിവിധ ആഘോഷങ്ങളുടെയും മറ്റും ഭാഗമായി ഓല തങ്ങളുടെ ഇവികള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഓഫറുകള്‍ കണ്ടാല്‍ ആകൃഷ്ടരാകുന്ന ഇന്ത്യക്കാര്‍ ഇതോടെ ഓല ഷോറൂമുകളിലേക്ക് ഒഴുകിയെന്ന് വേണം വില്‍പ്പന കണക്കുകളില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കാന്‍.

മാര്‍ച്ചില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. പ്രത്യേകിച്ചും വനിതാ ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് സ്ത്രീകള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് അടക്കം 25,000 രൂപ വരെ കിഴിവ് ലഭിച്ചിരുന്നു. കഴിഞ്ഞ മാസത്തെ മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോഴും ഓലക്ക് നേട്ടം മാത്രമാണ് അവകാശപ്പെടാനുള്ളത്.
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 1,52,741 യൂണിറ്റ് മാത്രം വില്‍പ്പന നേടിയിരുന്ന സാഹചര്യത്തില്‍ നിന്ന് 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 328,785 യൂണിറ്റുകള്‍ വരെ വില്‍ക്കുന്ന രീതിയിലേക്ക് ഓല വളര്‍ന്നു. 115 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും വില്‍പ്പനയില്‍ വന്‍ നേട്ടമുണ്ടാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 119,310 യൂണിറ്റ് വില്‍പ്പന നേടാന്‍ ഇവി കമ്പനിക്ക് സാധിച്ചു. മുന്‍ പാദത്തില്‍ 84,133 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്.

നിലവില്‍ S1 പ്രോ, S1 എയര്‍, S1 X+ എന്നീ മോഡലുകളാണ് ഓല പുറത്തിറക്കുന്നത്. ഇതില്‍ S1X പ്ലസ് ആണ് എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍. S1X ഇലക്ട്രിക് സ്‌കൂട്ടര്‍ 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും S1X പ്ലസ് 3 kWh വേരിയന്റിലുമാണ് ലഭ്യമാകുന്നത്. 84,999 രൂപ മുതലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്.
S1X റേഞ്ച് കൊണ്ടുവന്ന് ഐസി എഞ്ചിന്‍ വാഹന യുഗത്തിന് അന്ത്യം കുറിക്കുമെന്നാണ് ഓല പറയുന്നത്. ആ ലക്ഷ്യത്തിലേക്ക് അവര്‍ ഓരോ മാസവും നടന്നടുക്കുകയാണെന്നാണ് തോന്നുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടയിലും ഓല ഇത്രയും ഉയര്‍ന്ന വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. ഇത് ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും.

പൈസച്ചെലവില്ലാതെ തങ്ങളുടെ മൊത്തം പ്രൊഡക്ട് റേഞ്ചില്‍ ഓല അടുത്തതിടെ 8 വര്‍ഷം അല്ലെങ്കില്‍ 80000 കിലോമീറ്റര്‍ എക്‌സ്റ്റന്റഡ് ബാറ്ററി വാറണ്ടി കൊണ്ടുവന്നിരുന്നു. ഇവികളുടെ ആയുസ്സിനെ കുറിച്ചുള്ള ജനങ്ങളുടെ പേടി മാറ്റാന്‍ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് സാധിക്കുന്നു. ഇതെല്ലാം ജനങ്ങളിലേക്ക് ഓലയെ അടുപ്പിക്കുന്ന സംഗതികളാണ്.


Click it and Unblock the Notifications








